ന്യൂയോര്‍ക്ക്: പ്രിയപ്പെട്ട വളര്‍ത്തുനായയെ കണ്ടെത്താനായുള്ള ശ്രമത്തിലാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ എമിലി തലേര്‍മോ എന്ന യുവതി. കഴിഞ്ഞയാഴ്ച നഗരത്തിലെ ഒരു ഗ്രോസറി സ്‌റ്റോറില്‍നിന്നാണ് എമിലിയുടെ 'ജാക്‌സണ്‍' എന്ന നായയെ കാണാതായത്. ഗ്രോസറി സ്‌റ്റോറിലെത്തിയ ഒരാള്‍ നായയെ മോഷ്ടിച്ചുവെന്നാണ് ഇവരുടെ ആരോപണം. ഒരാള്‍ നായയ്ക്ക് അടുത്തെത്തുന്ന ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജാക്‌സണെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് എമിലി പിന്നീട് തിരച്ചില്‍ തുടര്‍ന്നത്. 1200 ഡോളറിന് വിമാനം വാടകയ്‌ക്കെടുത്തായിരുന്നു എമിലിയുടെ തിരച്ചില്‍. ജാക്‌സന്റെ ഫോട്ടോയും വെബ്‌സൈറ്റ് വിലാസവും സഹിതമുള്ള ബാനര്‍ പതിച്ച് സാന്‍ ഫ്രാന്‍സിസ്‌കോയിലും ഓക് ലാന്‍ഡിലും രണ്ടുമണിക്കൂറോളം വിമാനം പറന്നു.

ഇതിനൊപ്പം ജാക്‌സണെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 7000 ഡോളര്‍(ഏകദേശം അഞ്ചുലക്ഷത്തോളം രൂപ) പാരിതോഷികം നല്‍കുമെന്നും വാഗ്ദാനമുണ്ട്. ജാക്‌സണെ കണ്ടെത്താനുള്ള തിരച്ചില്‍ ഏകോപിപ്പിക്കാനായി വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്.

അഞ്ചുവയസ്സുള്ള ജാക്‌സണ്‍ മാത്രമാണ് തനിക്കുള്ളതെന്നും ഒറ്റയ്ക്കായതിനാല്‍ എല്ലാവരും സഹായിക്കണമെന്നുമാണ് എമിലിയുടെ അഭ്യര്‍ഥന. ജാക്‌സണെ കണ്ടെത്താനായി ഫോട്ടോ സഹിതമുള്ള നിരവധി പോസ്റ്ററുകളും നോട്ടീസുകളുമാണ് എമിലിയുടെ കൂട്ടുകാര്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വിതരണംചെയ്തത്. 

Content Highlights: woman hired plane to find her dog and offers reward for bring jackson home