മോസ്‌കോ: ബാറിലെ തീറ്റമത്സരത്തിനിടെ ചോക്ലേറ്റ് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. മോസ്‌കോയിലെ ഒരു ബാറില്‍ നടന്ന കേക്ക് തീറ്റ മത്സരത്തിനിടെയാണ് അലക്‌സാണ്ട്ര യുദിന എന്ന 23 വയസ്സുകാരി ശ്വാസംമുട്ടി മരിച്ചത്. ശ്വാസംകിട്ടാതെ നിലത്തുവീണ യുവതിയെ സുഹൃത്തുക്കളും ബാര്‍ ജീവനക്കാരും ചേര്‍ന്ന് വൈദ്യസഹായം ഉറപ്പുവരുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് റഷ്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

സുഹൃത്തുക്കളോടൊപ്പം ബാറിലെത്തിയ അലക്‌സാണ്ട്ര അവിചാരിതമായാണ് കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്തത്. മൂന്ന് കഷണം ചോക്ലേറ്റ് കേക്കുകള്‍ എത്രയുംവേഗത്തില്‍ കഴിച്ചുതീര്‍ക്കുന്നവരായിരുന്നു വിജയി. ആദ്യകഷണം വേഗത്തില്‍ കഴിച്ചുതീര്‍ത്ത അലക്‌സാണ്ട്ര അടുത്ത രണ്ട് കഷണങ്ങളും ഒരുമിച്ച് കഴിക്കാന്‍ ശ്രമിച്ചപ്പോഴാണ് തൊണ്ടയില്‍ കുടുങ്ങിയത്. ശ്വാസംകിട്ടാതെ യുവതി കേക്ക് വായില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടര്‍ന്ന് ശുചിമുറിയിലേക്ക് പോകുന്നതിനിടെ തളര്‍ന്നുവീഴുകയും ചെയ്തു. തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവതിക്ക് പ്രഥമശുശ്രൂഷയും വൈദ്യസഹായവും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

23 വയസ്സുകാരിയായ അലക്‌സാണ്ട്ര കാന്‍സര്‍ രോഗിയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ അറിയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുമാസം മുമ്പാണ് അലക്‌സാണ്ട്ര കാന്‍സര്‍ ബാധിതയാണെന്ന് കണ്ടെത്തിയത്. ഇതിനുശേഷം ജീവിതത്തിലെ ഓരോനിമിഷവും ആഘോഷിക്കണമെന്നതായിരുന്നു അവരുടെ തീരുമാനം. കേക്ക് കഴിക്കുന്നതിന് മുമ്പ് അവര്‍ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം, മകള്‍ കാന്‍സര്‍ രോഗിയാണെന്ന വിവരം തങ്ങളാരും അറിഞ്ഞിട്ടില്ലെന്നായിരുന്നു അലക്‌സാണ്ട്രയുടെ പിതാവിന്റെ പ്രതികരണം. ബാറില്‍ അലക്‌സാണ്ട്ര കേക്ക് കഴിക്കുന്നതിന്റെയും കുഴഞ്ഞുവീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 

Content Highlights: woman choked to death during cake eating contest in russia