പാരീസ്:  തെക്കന്‍ ഫ്രാന്‍സിലെ നീസ് പട്ടണത്തിലെ ഒരു പള്ളിക്ക് സമീപം നടന്ന കത്തി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയെ കഴുത്തറുത്ത് കൊന്ന അക്രമി മറ്റ് രണ്ട് പേരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. 

സംഭവം തീവ്രവാദി ആക്രമണമാണെന്ന് നീസ് മേയര്‍ പറഞ്ഞു. നഗരത്തിലെ നോത്രദാം പള്ളിയുടെ സമീപത്താണ് ആക്രമണം നടന്നതെന്നും അക്രമിയെ പോലീസ് പിടികൂടിയെന്നും മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു.

അക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിച്ച പോലീസ് സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും പറഞ്ഞു. കൊല്ലപ്പെട്ട ഒരാൾ പള്ളിയുടെ കെയർ ടേക്കറാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് പള്ളിക്കുള്ളിൽ നിരവധി ആളുകളുണ്ടായിരുന്നു. 

 മതനിന്ദ ആരോപിച്ച് പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്ന സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് ഈ സംഭവവും. അധ്യാപകനെ വധിച്ച സംഭവത്തെത്തുടർന്ന് ഫ്രാൻസ് അക്രമികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ഇസ്ലാമിക വിഘടനവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 1905-ലെ ഫ്രഞ്ച് നിയമം ശക്തിപ്പെടുത്താന്‍ നിയമപരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞ  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇസ്ലാം പ്രതിസന്ധിയിലാണെന്നും അഭിപ്രായപ്പെട്ടിരുന്നു.  ഇതേത്തുടർന്ന് മക്രോണിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായി. 

മക്രോണ്‍ നടത്തിയത് ഇസ്ലാം വിരുദ്ധ പ്രസ്താവനയാണെന്ന് ആരോപിച്ച് അറബ് രാഷ്ട്രങ്ങള്‍ മക്രോണിനെതിരെ വിമര്‍ശനമുയര്‍ത്തി. പാകിസ്താന്‍, ജോര്‍ദ്ദാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഫ്രഞ്ച് പ്രസിഡന്റിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി.  മാക്രോണിന്റെ മനോനില പരിശോധിക്കണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിബ്‌ എര്‍ദൊഗാന്‍ ശനിയാഴ്ച അഭിപ്രായപ്പെട്ടത്.

മക്രോണ്‍ ഇസ്ലാം മതത്തെ അവഹേളിക്കുന്നു എന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്. സിറിയ, ലിബിയ, ഗാസ മുനമ്പ് എന്നിവിടങ്ങളില്‍ ഫ്രാന്‍സിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഉയരുന്നുണ്ട്. 

Content Highlights: Woman Beheaded, 2 Killed At France Church, Mayor Says Terror Attack