ബ്രസ്സല്‍സ്: കോവിഡ്-19 ബാധയെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയ തൊണ്ണൂറുകാരിയ്ക്ക് വൈറസിന്റെ ആല്‍ഫ, ബീറ്റ വകഭേദങ്ങള്‍ ഒരേ സമയം ബാധിച്ചിരുന്നതായി ബെല്‍ജിയം ഗവേഷകര്‍. രോഗിയിലുള്ള  വൈറസ് വകഭേദങ്ങള്‍ തിരിച്ചറിയാത്തതോ വേണ്ടത്ര ഗൗരവം നല്‍കാത്തതോ ആവാം മരണത്തിന് കാരണമായതെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് രോഗികളില്‍ അപൂര്‍വമായി മാത്രമാണ് ഒന്നിലധികം വകഭേദങ്ങള്‍ ഒരേസമയം കണ്ടെത്തിയിട്ടുള്ളത്. 

ആല്‍സ്റ്റിലെ ഒഎല്‍വി ആശുപത്രിയില്‍ മാര്‍ച്ചിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. അതേ ദിവസം തന്നെ അവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അവര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല. ആദ്യദിവസങ്ങളില്‍ ഓക്‌സിജന്‍ നിലയില്‍ പ്രശ്‌നമില്ലാതിരുന്ന രോഗിയില്‍ പെട്ടെന്നാണ് അവസ്ഥ ഗുരുതരമായത്. അഞ്ച് ദിവസത്തിന് ശേഷം അവര്‍ മരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആല്‍ഫ, ബീറ്റ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യം രോഗിയില്‍ തിരിച്ചറിഞ്ഞത്. 

ബെല്‍ജിയത്തില്‍ ആ സമയത്ത് രണ്ട് വകഭേദങ്ങളും വ്യാപിച്ചിരുന്നതായും മരിച്ച രോഗിയ്ക്ക് വ്യത്യസ്ത വ്യക്തികളില്‍ നിന്ന് രണ്ട് വകഭേദങ്ങളും ബാധിച്ചതായിരിക്കാമെന്നും ഒഎല്‍വി ആശുപത്രിയിലെ മോളികുലര്‍ ബയോളജിസ്റ്റായ ആന്‍ വാന്‍കീര്‍ബര്‍ഗന്‍ പറഞ്ഞു. രണ്ട് വകഭേദങ്ങളും ഒരേ സമയം ബാധിച്ചതാണോ രോഗിയുടെ മരണത്തിന് കാരണമായതെന്ന് വ്യക്തമല്ലെന്നും രാജ്യത്ത് ഇത്തരത്തിലുള്ള മറ്റു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വകഭേദങ്ങള്‍ കൂടി കണ്ടെത്തുന്ന വിധത്തില്‍ പിസിആര്‍ പരിശോധന ത്വരിതപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

ബ്രസീലിലും സമാനമായ രണ്ട് കേസുകള്‍ ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ കുറിച്ചുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണ്. ഒരേ സമയം ഒന്നിലധികം വകഭേദങ്ങള്‍ പിടിപെടുന്നത് കോവിഡ് ഗുരുതരമാകാന്‍ ഇടയാക്കുമോയെന്നും വാക്‌സിന്റെ ഫലപ്രാപ്തിയെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുമോയെന്നുമുള്ള കാര്യങ്ങള്‍ പഠനങ്ങളില്‍ ഉള്‍പ്പെടുന്നു.

Content Highlights: Woman, 90, Dies After She Was Infected With 2 Covid Variants At Same Time In Belgium