വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയുടെ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയായിരുന്നു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. 

എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഒരു ദൗത്യത്തില്‍ അഫ്ഗാനിസ്താനില്‍ തുടരുന്നതിന് അമേരിക്കയുടെ പക്കല്‍ വ്യക്തമായ കാരണങ്ങളില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. ഇത് ശരിയായ തീരുമാനമാണ്. വിവേകപൂര്‍ണമായ തീരുമാനം. അമേരിക്കയ്ക്ക് ചേര്‍ന്ന ഏറ്റവും മികച്ച തീരുമാനം- ബൈഡന്‍ പറഞ്ഞു. ഇരുപതു വര്‍ഷത്തെ സാന്നിധ്യം അവസാനിപ്പിച്ച് ഓഗസ്റ്റ് 31-നാണ് അമേരിക്ക അഫ്ഗാനിസ്താന്‍ വിട്ടത്. 

അഫ്ഗാനിസ്താനില്‍ അവശേഷിച്ച തങ്ങളുടെ പോര്‍വിമാനങ്ങളും കോപ്റ്ററുകളും ആയുധശേഷിയുള്ള സൈനികവാഹനങ്ങളും ഹൈടെക് റോക്കറ്റ് പ്രതിരോധസംവിധാനങ്ങളും നശിപ്പിച്ചശേഷമായിരുന്നു തിങ്കളാഴ്ച അര്‍ധരാത്രിയോടെ യു.എസ്. ദൗത്യസംഘം മടങ്ങിയത്. സൈനിക താവളമായി ഉപയോഗിച്ചുവന്ന കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലുണ്ടായിരുന്ന 73 വിമാനങ്ങളുടെ ആക്രമണശേഷി ഇല്ലാതാക്കുകയോ നശിപ്പിക്കുകയോ ചെയ്‌തെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ ജനറല്‍ കെന്നെത്ത് മക്കെന്‍സി അറിയിച്ചു.

ഒന്നിന് പത്തുലക്ഷം ഡോളര്‍ വിലമതിക്കുന്ന 70 എം. ആര്‍.എ.പി. സൈനിക വാഹനങ്ങളും 27 ഹംവീ വാഹനങ്ങളും നശിപ്പിച്ചു. അതും ഇനിയാരും ഉപയോഗിക്കില്ല. വിമാനത്താവളത്തിനുനേരെ ഐ.എസ്. തൊടുത്ത അഞ്ചു റോക്കറ്റുകള്‍ പ്രതിരോധിച്ചുനശിപ്പിച്ച സി-റാം മിസൈല്‍, റോക്കറ്റ്, പീരങ്കി, മോര്‍ട്ടാര്‍ വേധ സംവിധാനങ്ങള്‍ ഏറ്റവുമൊടുവിലാണ് തകര്‍ത്തത്-അദ്ദേഹം പറഞ്ഞു. യു.എസ്. അഫ്ഗാന്‍ സേനയ്ക്കു നല്‍കിയ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഹംവീ വാഹനങ്ങളും പിടിച്ചെടുത്ത് താലിബാന്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. യു.എസ്. വാഹനങ്ങള്‍ നശിപ്പിച്ചതില്‍ താലിബാന്‍ രോഷാകുലരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

content highlights: wise decision, best decision- joe biden defends us withdrawal from afghanistan