ജെറുസലേം: ഫോണ്‍ ചോര്‍ത്തല്‍/ നിരീക്ഷണ വിവാദത്തില്‍ പ്രതികരണവുമായി പെഗാസസ് ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ ഇസ്രയേല്‍ കമ്പനി എന്‍.എസ്.ഒ. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിന് എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ അത് വിശദമായി അന്വേഷിക്കുമെന്ന് എന്‍.എസ്.ഒ. അറിയിച്ചു. അതേസമയം മാധ്യമങ്ങളുടെ അന്വേഷണത്തോട് പ്രതികരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി. 

വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍, മാധ്യപ്രവര്‍ത്തകര്‍, ജുഡീഷ്യറി അംഗങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകള്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തെത്തിയിരുന്നു. 17 മാധ്യമങ്ങളുടെ കൂട്ടായ്മയാണ് ഈ വിവരം പുറത്തുവിട്ടത്. തങ്ങളുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തതിന് വിശ്വസനീയമായ തെളിവു ലഭിച്ചാല്‍ മുന്‍പ് എന്നത്തെയും പോലെ എന്‍.എസ്.ഒ. വിശദമായ അന്വഷണം നടത്തും. ആവശ്യമെങ്കില്‍ ചാര സോഫ്റ്റ് വെയര്‍ തന്നെ നിര്‍ത്തലാക്കുമെന്നും കമ്പനി വക്താവ് പറഞ്ഞു. 

മാധ്യമ സ്ഥാപനങ്ങളുടെ അന്വേഷണത്തിന് ആധാരമായ, ചോര്‍ത്തലിനോ നിരീക്ഷണത്തിനോ വിധേയമായവയുടെ പട്ടികയെ ഞായറാഴ്ച മുതല്‍ എന്‍.എസ്.ഒ. നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചോര്‍ത്തലിന് വിധേയമായ ചില ഫോണുകളില്‍ പെഗാസസ് പ്രവര്‍ത്തിച്ചിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നാണ് വിവരം. 

ഭീകരവാദം, കുറ്റകൃത്യങ്ങള്‍, പൊതുസുരക്ഷാ തുടങ്ങിയ കാര്യങ്ങള്‍ക്കായി സര്‍ക്കാരുകള്‍ക്ക് മാത്രമാണ് തങ്ങള്‍ സോഫ്റ്റ് വെയര്‍ നല്‍കുന്നതെന്ന് എന്‍.എസ്.ഒ. അവകാശപ്പെട്ടു. പുറത്തെത്തിയ ലിസ്റ്റ് പെഗാസസിന്റെ ലക്ഷ്യങ്ങളോ ലക്ഷ്യമാക്കാന്‍ സാധ്യതയുള്ളതോ ആയിരുന്നില്ലെന്നും ആവര്‍ത്തിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ട നമ്പറുകള്‍ക്ക് എന്‍.എസ്.ഒ. ഗ്രൂപ്പുമായി ബന്ധമില്ലെന്നും അവര്‍ പറഞ്ഞു. പെഗാസസ് ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇസ്രയേല്‍ മുതിര്‍ന്ന മന്ത്രിമാരുടെ സംഘത്തെ നിയോഗിച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് വിഷയവുമായി ബന്ധപ്പെട്ട പ്രസ്താവന വരുന്നത്.

content highlights: will Probe any credible proof of misuse says pegasus maker nso