വാഷിംഗ്ടണ്‍/സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും തമ്മിലുള്ള വാക്‌പോര്‌ ശക്തമായതോടെ മറ്റൊരു മഹായുദ്ധത്തിന്റെ നിഴലിലാണ് ലോകം. 

ട്രംപിനുള്ള മറുപടിയായി പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന  ഉത്തരകൊറിയയുടെ പ്രഖ്യാപനം കൊറിയന്‍ മുനമ്പിനെ ഒന്നാകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. 

നേരത്തെ ഒരു മാസത്തിനിടെ രണ്ട് തവണ ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ മിസ്സൈല്‍ പറത്തിയിരുന്നു. ജപ്പാന് മുകളിലൂടെ സഞ്ചരിച്ച ഈ മിസൈല്‍ പസഫിക് സമുദ്രത്തിലാണ് ചെന്നു പതിച്ചത്. 

പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന ഉത്തരകൊറിയ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആണവപോര്‍മുന ഘടിപ്പിച്ച മിസൈലും ജപ്പാന് മുകളിലൂടെ വിക്ഷേപിക്കാനായിരിക്കും ഉത്തരകൊറിയയുടെ പദ്ധതിയെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

മേഖലയില്‍ ഉത്തരകൊറിയയുടെ മുഖ്യഎതിരാളികളാണ് ജപ്പാനും ദക്ഷിണകൊറിയയും. ഉത്തരകൊറിയയുമായി പോരാടാന്‍ ഈ രാജ്യങ്ങള്‍ക്ക് പിന്തുണയേകുന്നത്‌ അമേരിക്കയാണ്. 

ഉത്തരകൊറിയയുമായി നേരിട്ട് അതിര്‍ത്തി പങ്കിടുന്ന ദക്ഷിണകൊറിയക്ക് അമേരിക്ക ഒരുക്കി കൊടുത്ത മിസൈല്‍ പ്രതിരോധസംവിധാനമുണ്ട്‌. 

രാജ്യത്തിന് മിസൈല്‍ വരുന്നത് കണ്ടെത്തി മറ്റൊരു മിസൈല്‍ ഉപയോഗിച്ച് അത് തകര്‍ക്കുന്ന സംവിധാനമാണ് മിസൈല്‍ പ്രതിരോധം സംവിധാനം. 

എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പ്രതിരോധരംഗത്ത് കാര്യമായ നിക്ഷേപമോ ശക്തിപ്പെടുത്തലോ നടത്താത്ത ജപ്പാന് ഉത്തരകൊറിയയെ നേരിടാന്‍ കാര്യമായ പ്രതിരോധസംവിധാനങ്ങളില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

മിസൈല്‍ പ്രതിരോധസംവിധാനം ജപ്പാനില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് എത്രകണ്ട് ഫലം ചെയ്യുമെന്നകാര്യത്തില്‍ ജപ്പാന്‍ പ്രതിരോധവിദഗ്ദ്ധര്‍ക്ക് തന്നെ സംശയമുണ്ട്. 

അമേരിക്കയിലെ അലാസ്‌ക വരെ എത്താവുന്ന മിസൈലുകള്‍ ഈ അടുത്ത്‌ വികസിപ്പിച്ചെടുത്ത ഉത്തരകൊറിയ ന്യൂയോര്‍ക്കിനേയും വാഷിംഗ്ടണിനേയും ആക്രമിക്കാവുന്ന തരത്തിലുള്ള മിസൈലുകള്‍ നിര്‍മ്മിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് ഇപ്പോള്‍. 

എന്നാല്‍ തൊട്ടടുത്ത് കിടക്കുന്ന ജപ്പാനേയും ദക്ഷിണകൊറിയയേയും ആക്രമിക്കാന്‍ ഉതകുന്ന അനവധി ഹ്രസ്വദൂരമിസൈലുകള്‍ അവരുടെ കൈയില്‍ ഇപ്പോള്‍ ഉണ്ട്. ഇവയിലേതെങ്കിലും ഉപയോഗിച്ച ജപ്പാന് മുകളിലൂടെ ഹൈഡ്രജന്‍ ബോംബ് പസഫിക് സമുദ്രത്തിലേക്ക് അയക്കാന്‍ ഉത്തരകൊറിയ തീരുമാനിച്ചാല്‍ അത് ജപ്പാന് ഭീഷണിയാവും.

അത്തരമൊരു പരീക്ഷണം അമേരിക്ക കൈയും കെട്ടി നോക്കി നില്‍ക്കുകയുമില്ല. ജപ്പാന്റെ വ്യോമാതിര്‍ത്തിയിലേക്ക് ഇനിയൊരു മിസൈല്‍ ഉത്തരകൊറിയ വിക്ഷേപിച്ചാല്‍ അത് അമേരിക്ക തകര്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രതിരോധ വിദഗദ്ധര്‍ കരുതുന്നത്. 

അവര്‍ക്ക് അതിനുള്ള ശേഷിയുണ്ട്. വരും മാസങ്ങളില്‍ ചില പരീക്ഷണ മിസൈലുകള്‍ അയച്ച ശേഷമായിരിക്കും, യഥാര്‍ത്ഥ ഹൈഡ്രജന്‍ ബോംബ് ഘടിപ്പിച്ച മിസൈല്‍ അവര്‍ അയക്കുക - പ്രതിരോധവിദ്ഗദ്ധനായ ജെയിംസ് ആക്ടണ്‍ നിരീക്ഷിക്കുന്നു. 

ഇതിനായി അവര്‍ പുതുതായി വികസിപ്പിച്ചെടുത്ത ഹോസാംഗ് ലോംഗ് റേഞ്ച് മിസൈലുകളിലേതെങ്കിലും ഒന്ന് ഉപയോഗിക്കാനാണ് സാധ്യത. 

സമുദ്രത്തില്‍ ആണവപരീക്ഷണം നടത്താന്‍ ഉതകുന്ന രീതിയില്‍ അല്ല ഉത്തരകൊറിയ എന്ന രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ്. 

ചൈന,ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളുമായാണ് ഉത്തരകൊറിയ നേരിട്ട് അതിര്‍ത്തി പങ്കുവയ്ക്കുന്നത്. രാജ്യത്തിന്റെ വടക്ക് ഭാഗത്തായി ചൈന സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറന്‍ ഭാഗത്ത് മഞ്ഞകടലാണ്. അതിനപ്പുറവും ചൈന തന്നെ. 

തെക്ക്-പടിഞ്ഞാറ് ഭാഗത്തായി ദക്ഷിണകൊറിയ സ്ഥിതി ചെയ്യുന്നു. കിഴക്ക് ഭാഗത്ത് ജപ്പാന്‍ കടലാണ് അതിനപ്പുറം ജപ്പാനും. വടക്ക്-പടിഞ്ഞാറ് ഭാഗത്തയാണ് റഷ്യയുമായുള്ള അതിര്‍ത്തി. 

ഈ സങ്കീര്‍ണമായ അതിര്‍ത്തി കാരണമാണ് ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയ്ക്ക് മിസൈല്‍ പരീക്ഷണം നടത്തേണ്ടി വരുന്നത്. ജപ്പാന് പടിഞ്ഞാറ് വശം അനന്തമായ പസഫിക് സമുദ്രമാണ്. അതിനാലാണ് ഇവിടെ ആണവപരീക്ഷണം നടത്താന്‍ ഉത്തരകൊറിയ ലക്ഷ്യമിടുന്നത്. 

2006 മുതല്‍ 2017 വരെയുള്ള പതിനൊന്ന് വര്‍ഷത്തിനിടെ ഉത്തരകൊറിയ നടത്തിയ മുഴുവന്‍ ആണവപരീക്ഷണങ്ങളും ഭൂമിക്കടിയിലുണ്ടാക്കിയ ടണലുകളിലായിരുന്നു.