വാഷിങ്ടൺ: അമേരിക്ക ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസനത്തില്‍ പരസ്പരം സഹകരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
"യുഎസ് തങ്ങളുടെ സുഹൃത്തായ ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് വളരെ അഭിമാനത്തോടെയാണ് പ്രഖ്യാപിക്കുന്നത്. ഞങ്ങള്‍ ഇന്ത്യക്കും നരേന്ദ്രമോദിക്കുമൊപ്പം നില്‍ക്കും. ഞങ്ങള്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതിലും പരസ്പരം സഹകരിക്കുന്നുണ്ട്. അദൃശ്യനായ ശത്രുവിനെ നമുക്ക് ഒരുമിച്ച് തോല്‍പിക്കാം" എന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു
വാക്‌സിന്‍ വികസനത്തില്‍ ഇന്ത്യക്കൊപ്പം അമേരിക്ക സഹകരിക്കുന്ന കാര്യം കഴിഞ്ഞ ദിവസം ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇന്ത്യക്കാരായ അമേരിക്കക്കാര്‍ മികച്ച ശാസ്ത്രജ്ഞരും ഗവേഷകരുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ വര്‍ഷമവസാനത്തോടെ വാക്‌സിന്‍ ലഭ്യമാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
"യുഎസില്‍ വലിയതോതില്‍ ഇന്ത്യക്കാരുണ്ട്. അവരില്‍ നമുക്കറിയുന്ന പലരും വാക്‌സിന്‍ വികസനത്തില്‍ പ്രവര്‍ത്തിക്കുകയാണ്. മികച്ച ശാസ്ത്രജ്ഞനും ഗവേഷകരുമാണവർ", ഡൊണാള്‍ഡ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
''അതെ, ഞങ്ങള്‍ ഇന്ത്യയുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നു,''എന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
content highlights: Will donate ventilators to India, working together on coronavirus vaccine says Donald Trump