കാബൂള്‍: അഫ്ഗാനിസ്താന്‍ താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ കൂട്ടപ്പലായനത്തിന്റെ കാഴ്ചകളാണ് രാജ്യത്ത് നിന്ന് പുറത്തുവരുന്നത്. പ്രാണരക്ഷാര്‍ഥം രാജ്യം വിട്ടുപോവാനായുള്ള ജനക്കൂട്ടത്തിന്റെ പരക്കം പായലിന്റെ കാഴ്ചകള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. വിമാനത്തില്‍ കയറിപ്പറ്റാനുള്ള തിക്കും തിരക്കം വിമാനത്തില്‍ തിങ്ങിക്കൂടിയ ആളുകളുടെയും ദൃശ്യങ്ങള്‍ ഹൃയദഭേദകമാണ്. എന്നാല്‍ ഇതില്‍നിന്നും വേറിട്ടതാണ് കാബൂളിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയായ രജീഷ്‌കുമാറിന്റെ ജീവിതം.

കാബൂളിലെ രത്തന്‍നാഥ് ക്ഷേത്രത്തിലെ പൂജാരിയാണ്‌ പണ്ഡിറ്റ് രജീഷ് കുമാര്‍. രാജ്യത്ത് താലിബാന്‍ പിടിമുറുക്കിയതിന് പിന്നാലെ രാജ്യം വിടാന്‍ പലരും രജീഷ് കുമാറിനെ നിര്‍ബന്ധിച്ചിരുന്നു. അദ്ദേഹത്തിനുള്ള യാത്രാ സൗകര്യങ്ങള്‍ അടക്കം പല ഹിന്ദുക്കളും വാഗ്ദാനം ചെയ്തു. എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ക്ഷേത്രം ഉപേക്ഷിച്ച് പോകാനില്ലെന്ന നിലപാടിലാണ് രജീഷ് കുമാര്‍. 

"ചില ഹിന്ദുക്കള്‍ കാബൂള്‍ വിട്ടുപോകാന്‍ പ്രേരിപ്പിക്കുകയും യാത്രയ്ക്കും താമസത്തിനുമുള്ള ക്രമീകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്റെ പൂര്‍വ്വികര്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ ഈ ക്ഷേത്രത്തെ സേവിച്ചു. ഇവിടം ഉപേക്ഷിച്ച് ഞാന്‍ പോകില്ല. താലിബാന്‍ എന്നെ കൊലപ്പെടുത്തിയാല്‍ അത് എന്റെ കര്‍ത്തവ്യത്തിന്റെ ഭാഗമായി കരുതും ." - രജീഷ് കുമാര്‍റിനെ ഉദ്ധരിച്ച് വിവിധ ട്വിറ്റര്‍ അക്കുണ്ടുകള്‍ ട്വീറ്റ് ചെയ്തതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ, അഫ്ഗാനിസ്താനിലെ സിഖ്, ഹിന്ദു വിഭാഗങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. അഫ്ഗാനിസ്താനിലെ ഹിന്ദു, സിഖ് പ്രതിനിധികളുമായി ആശയവിനിമനം നടത്തി വരികയാണ്. അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്നവരെ ഇന്ത്യയില്‍ എത്തിക്കാന്‍ സൗകര്യം ഒരുക്കുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: Will Consider it My 'Seva' if Taliban Kill Me, Says Last Hindu Priest in Strife-Torn Afghanistan, Refuses to Flee