ഇസ്താംബൂള്‍: കാട്ടുതീ പടര്‍ന്നു പിടിച്ചതിനു പിന്നാലെ തെക്കു പടിഞ്ഞാറന്‍ തുര്‍ക്കിയിലെ കല്‍ക്കരി വൈദ്യുത നിലയവും നഗരവും ഒഴിപ്പിച്ചു. നിലയത്തിലേക്ക് കാട്ടുതീ പടര്‍ന്നതിനു പിന്നാലെയാണ് നടപടി. ഏജിയന്‍ കടലിന് സമീപനഗരമാണ് ഒഴിപ്പിച്ചത്.

മുഗ്‌ലയിലെ ഏജിയന്‍ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന, 35 വര്‍ഷത്തോളം പഴക്കമുള്ള കെമെര്‍കോയ് പ്ലാന്റിലേക്ക് തീപടര്‍ന്നതോടെ പോലീസും അഗ്നിരക്ഷാസേനയും കുതിച്ചെത്തി. ഗ്രാമവാസികളെ പ്രദേശത്തുനിന്ന് കടല്‍മാര്‍ഗം മാറ്റിയതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.

നിലയത്തിലെ സ്‌ഫോടകശേഷിയുള്ള മുഴുവന്‍ വസ്തുക്കളും അപകടത്തിന് കാരണമായേക്കാവുന്ന വസ്തുക്കളും പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ടെന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. എന്നാല്‍ നിലയത്തിന് അകത്തുള്ള ടണ്‍കണക്കിന് കല്‍ക്കരിയിലേക്ക് തീ പടര്‍ന്നാലുള്ള അപകടസാധ്യത നിലനില്‍ക്കുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

നിലയത്തിലെ ഹൈഡ്രജന്‍ ടാങ്കുകള്‍ കാലിയാക്കിയതായും പകരം അതില്‍ മുന്‍കരുതെലെന്നോണം വെള്ളം നിറച്ചതായും അധികൃതര്‍ അറിയിച്ചു. തുര്‍ക്കിയുടെ ഏജിയന്‍, മെഡിറ്ററേനിയന്‍ തീരത്തു പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ഇതുവരെ എട്ടുപേര്‍ മരിച്ചതായാണ് വിവരം. 

Content Highlights: wildfire in turkey