വിക്ടോറിയയിലെ വനപ്രദേശത്ത് അലഞ്ഞു നടന്ന ബാരാക്ക് എന്ന ചെമ്മരിയാടിനെ എഡ്ഗാര്‍ഗ്‌സ് മിഷന്‍ ഫാം എന്ന വന്യജീവി സംരക്ഷണകേന്ദ്രത്തിലെത്തിച്ച് പുനരധിവസിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. അലഞ്ഞുതിരിയുന്ന മൃഗങ്ങളെ കണ്ടെത്തി സംരക്ഷിക്കുന്നത് പുതിയ കാര്യമല്ലെങ്കിലും ബാരാക്കിനെ സംബന്ധിച്ച് അതീവ കൗതുകകരമായ സംഗതിയുണ്ട്. 35 കിലോയോളം രോമമാണ് ഫാമിലെത്തിച്ച അവന്റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തത്(ഫാമിലെത്തിയ ശേഷം അവന് ലഭിച്ച പേരാണ് ബാരാക്ക്). 

അഞ്ച് കൊല്ലത്തെ കാലയളവിനിടയില്‍ വളര്‍ന്നതാവണം ഇത്രയധികം രോമമെന്നാണ് ഫാമിന്റെ സ്ഥാപകനായ പാം അഹേണിന്റെ ഊഹം. വളര്‍ന്നിറങ്ങിയ രോമക്കൂടിനുള്ളില്‍ ഒരു ചെമ്മരിയാട് ജീവിച്ചിരുന്നതായി വിശ്വസിക്കാനാവുന്നില്ലെന്നാണ് പാമിന്റെ കമന്റ്. 'കുരുത്തംകെട്ട' ഒരു കുഞ്ഞാട് തന്നെ വളര്‍ത്തിയിരുന്ന ഫാമില്‍ നിന്ന് ഒളിച്ചോടിപ്പോയതാവാമെന്നും പാം തമാശയായി കൂട്ടിച്ചേര്‍ത്തു. 

കൃത്യമായ ഇടവേളകളില്‍ രോമം നീക്കം ചെയ്തില്ലെങ്കില്‍ ചെമ്മരിയാടുകള്‍ക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാവും. സാധാരണയായി വര്‍ഷത്തില്‍ ഒരു തവണയാണ് ചെമ്മരിയാടുകള്‍ക്ക് രോമം നീക്കുന്നത്. ഇത്രയധികം രോമവുമായി ഓസ്‌ട്രേലിയയിലെ വേനല്‍ക്കാലങ്ങളെ ബാരാക്ക് അതിജീവിച്ചതിനെ കുറിച്ച് അദ്ഭുതപ്പെടുകയാണ് ഫാം അധികൃതര്‍. 

എന്തായാലും ബാരാക്കിന്റെ രോമമൊക്കെ നീക്കം ചെയ്ത് പുതിയൊരു ജീവിതം നല്‍കിയിരിക്കുകയാണ് ഫാം അധികൃതര്‍. ബാരാക്കിന്റെ രോമം നീക്കം ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. രോമാവരണം നീക്കി സുന്ദരക്കുട്ടപ്പനായ ബാരാക്ക് ഫാമിലെ ചെമ്മരിയാടുകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കുമൊപ്പം ഏറെ സന്തുഷ്ടനാണെന്നാണ് വിവരം. 

 

Content Highlights: Wild Sheep With 35 Kg Coat Of Wool Rescued In Australia