സ്വരം കടുപ്പിച്ച് ഇന്ത്യ, ത്രിശങ്കുവില്‍ ലങ്ക; ചൈനീസ് ചാരക്കപ്പല്‍ വെല്ലുവിളിയാകുന്നതെങ്ങനെ? 


സ്വന്തം ലേഖകന്‍

Yuan Wang-5 | Photo: twitter.com/InsightGL

ന്ത്യയുടെ എതിര്‍പ്പിനെ അവഗണിച്ച് ചൈനീസ് ചാരക്കപ്പലായ 'യുവാന്‍ വാങ് 5' ശ്രീലങ്കന്‍ തീരത്തേക്ക് അതിവേഗം അടുക്കുകയാണ്. കപ്പല്‍ ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്തേക്ക് എത്തുന്നതില്‍ കടുത്ത ആശങ്കയാണ് ഇന്ത്യ ഉയര്‍ത്തിയത്. സാമ്പത്തിക പ്രസിസന്ധിയില്‍പ്പെട്ട് കഷ്ടപ്പെടുന്ന ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് യുവാന്‍ വാങ് -5 ഹംബന്‍തോട്ട തുറമുഖത്തെത്തുന്നത്. ഈ മാസം 11-ന് എത്തുന്ന കപ്പല്‍ ഒരാഴ്ച ശ്രീലങ്കന്‍ തുറമുഖത്തുണ്ടാകുമെന്നാണ് വിവരം. ഇന്ധനം നിറയ്ക്കാന്‍വേണ്ടിയാണ് കപ്പല്‍ ലങ്കന്‍ തീരത്ത് എത്തുന്നതെന്നാണ് പറയുന്നതെങ്കിലും ഈ വാദം ഇന്ത്യ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇന്ത്യന്‍മഹാസമുദ്രത്തില്‍ നീരീക്ഷണത്തിനായാണ് കപ്പല്‍ എത്തുന്നതെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്.

ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ശ്രീലങ്കക്ക് ഇന്ത്യയുടെയും ചൈനയുടെയും സഹായവും സഹകരണവും നിര്‍ണായകമാണ്. പ്രതിസന്ധി സമയത്ത് സഹായത്തിനെത്തിയ ഇന്ത്യയേയും സുഹൃത്തായ ചൈനയേയും പിണക്കാതെ അവര്‍ക്ക് തീരുമാനമെടുക്കേണ്ടി വരും. യുവാന്‍ വാങ് - 5 ലങ്കന്‍ തുറമുഖത്ത് എത്തുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതോടെ കപ്പലിന്റെ വരവു നീട്ടിവെയ്ക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളും ശ്രീലങ്കയും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടേണ്ടതില്ല എന്ന നിലപാടിലാണ് ചൈന.

യുവാന്‍ വാങ് -5

  • ഒരേ സമയം ഗവേഷണ ആവശ്യങ്ങള്‍ക്കും ചാരപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന കപ്പലാണ് യുവാന്‍ വാങ് -5
  • 222 മീറ്റര്‍ നീളവും 25.2 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്.
  • യുവാന്‍ വാങ് ശ്രേണിയിലേ മൂന്നാം തലമുറ കപ്പലാണ് യുവാന്‍ വാങ് -5
  • ഉപഗ്രഹങ്ങളെയും ബാലസ്റ്റിക് മിസൈലുകളേയും നിരീക്ഷിക്കാനും സിഗ്‌നലുകള്‍ പിടിച്ചെടുക്കാനുമുള്ള ശേഷി ഇതിനുണ്ട്.
  • പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്സിന്റെ (എസ്എസ്എഫ്) യൂണിറ്റിന്റെ നിയന്ത്രണത്തിലാണ് കപ്പല്‍.
  • ചൈനയുടെ 708 റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപകല്‍പ്പന ചെയ്ത കപ്പല്‍ 2007 സെപ്റ്റംബര്‍ 29-ന് ചൈനയിലെ ജിയാങ്‌നാന്‍ ഷിപ്പ്യാര്‍ഡിലാണ് നിര്‍മിച്ചത്.
  • മിസൈലുകളുടേയും റോക്കറ്റുകളുടേയും വിക്ഷേപണത്തിനും ട്രാക്കിംഗിനും സഹായകരമാകുന്ന മികച്ച ആന്റിനകളും അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്.
  • കപ്പലില്‍ സമുദ്രാന്തര ബഹിരാകാശ നിരീക്ഷണത്തിനായി അത്യാധുനിക ട്രാക്കിംഗ് സാങ്കേതികവിദ്യയുണ്ട്.
  • ചൈനയുടെ 'ലോംഗ് മാര്‍ച്ച് 5 ബി' റോക്കറ്റിന്റെ വിക്ഷേപണമായിരുന്നു യുവാന്‍ വാങ് -5ന്റെ അവസാന നിരീക്ഷണ ദൗത്യം.
  • ചൈനയുടെ ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തിന്റെ ആദ്യ ലാബ് മൊഡ്യൂളിന്റെ വിക്ഷേപണത്തില്‍ സമുദ്ര നിരീക്ഷണത്തിലും യുവാന്‍ വാങ് -5 ഉപയോഗിച്ചിരുന്നു.
എതിര്‍പ്പുമായി ഇന്ത്യ

യുവാന്‍ വാങ് -5 ലങ്കന്‍ തുറമുഖത്ത് അടുക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നാണ് ഇന്ത്യയുടെ ആശങ്ക. രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണോ എന്നും സംശയിക്കുന്നു. ഇക്കാര്യം ശ്രീലങ്കയെ ശക്തമായ ഭാഷയില്‍ അറിയിക്കുകയും ചെയ്തിരുന്നു ഇന്ത്യ. കപ്പല്‍ ശ്രീലങ്കയിലേക്ക് എത്തുന്നതിന് ഗൗരവത്തോടെ നിരീക്ഷിച്ചുവരുകയാണെന്നാണ് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്തം ബഗ്ച്ചി പ്രതികരിച്ചത്. രാജ്യത്തിന്റെ സുരക്ഷയേയും സാമ്പത്തിക താല്‍പ്പര്യങ്ങളേയും ബാധിക്കുന്ന വിഷയങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അവ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യയുടെ ആശങ്കകള്‍

ഇന്ധനം നിറയ്ക്കാണ് കപ്പല്‍ ലങ്കയില്‍ എത്തുന്നതെന്നാണ് ചൈന പറയുന്നതെങ്കിലും ഇന്ത്യന്‍ മാഹസമുദ്രത്തില്‍ നിരീക്ഷണമാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഗ്രഹങ്ങളേയും മിസൈലുകളേയുമടക്കം അടക്കം നിരീക്ഷിക്കാനും സിഗ്നലുകള്‍ പിടിച്ചെടുക്കാനും ശേഷിയുള്ളതാണ് അത്യാധിനിക സംവിധാനങ്ങളുള്ള ഈ ചാരക്കപ്പല്‍. അതിനാല്‍ തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിരീക്ഷണത്തിനാണ് കപ്പല്‍ എത്തുന്നതെന്നു വിലയിരുത്തിയിരുന്നത്.

750 കിലോമീറ്റര്‍ പരിധിയിലെ വരെ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ കപ്പലിന് സാധിച്ചേക്കുമെന്നതിനാല്‍ ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ദക്ഷിണേന്ത്യന്‍ തുറമുഖങ്ങള്‍ കപ്പലിന്റെ നിരീക്ഷണ പരിധിയില്‍ വരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഒപ്പം കൂടങ്കുളം, കല്‍പാക്കം ആണവ നിലയങ്ങളിലെയും ശ്രീഹരിക്കോട്ടയും പരിധിയില്‍ വരുന്നു. കപ്പലിലെ ഉപഗ്രഹനിരീക്ഷണസംവിധാനം സുരക്ഷാഭീഷണിയായി തന്നെയാണ് വിലയിരുത്തുന്നത്. കപ്പലിന് മുമ്പും ശ്രീലങ്ക പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ചൈനയുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് പിന്നീട് നിലപാട് മാറ്റിയത്.

ത്രിശങ്കുവില്‍ ലങ്ക

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് കപ്പലുകളുടെ പ്രവേശനത്തെ നേരത്തേയും ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു. 2014-ലായിരുന്നു സമാനമായ മറ്റൊരു സംഭവം നടന്നത്. അന്ന് ചൈനീസ് മുങ്ങിക്കപ്പലിന് തുറമുഖത്ത് അടുക്കാന്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്ത്യ-ശ്രീലങ്ക ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. അന്നു പക്ഷേ ചൈനീസ് പക്ഷത്തോട് ചേര്‍ന്നാണ് ശ്രീലങ്ക നിന്നിരുന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങളാകെ മാറി. ശ്രീലങ്കയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള ചൈന ആ രാജ്യത്തിന്റെ തന്ത്രപ്രധാനമായ പങ്കാളിയാണെങ്കിലും ഇന്ത്യയെ പിണക്കാന്‍ സാധിക്കാത്ത സ്ഥതിയിലാണ് ലങ്ക. അടുത്തയിടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെയും ആഭ്യന്തരകലാപത്തെയും തുടര്‍ന്ന് പ്രതിസന്ധിയിലായ ശ്രീലങ്കയുടെ പ്രധാന സൗഹൃദ പങ്കാളിയാണ് ഇന്ത്യയിപ്പോള്‍. പ്രതിസന്ധി കാലത്ത് കൈയയച്ച് സഹായിച്ചത് ഇന്ത്യയായിരുന്നു.

ആഭ്യന്തര കലാപത്തെതുടര്‍ന്ന് രാജിവെച്ച ശ്രീലങ്കയിലെ മുന്‍സര്‍ക്കാരാണ് കപ്പലിന് തുറമുഖത്ത് അടുക്കാന്‍ അനുമതി നല്‍കിയത്. കപ്പല്‍ അയയ്ക്കാന്‍ ചൈന സമ്മതം തേടുമ്പോള്‍ ഗോതാബയ രാജപക്സെയായിരുന്നു ശ്രീലങ്കയുടെ പ്രസിഡന്റ്. പിന്നാലെ ശ്രീലങ്കന്‍ രാഷ്ട്രീയാന്തരീക്ഷം അപ്പാടെ മാറി. ജനകീയ വിപ്ലവത്തെത്തുടര്‍ന്ന് ഗോതാബയ സ്ഥാനഭൃഷ്ടനാക്കപ്പെടുകയും നാടുവിടുകയും ചെയ്തു. ഇതോടെ നിലവിലെ ഭരണകൂടമാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ശ്രീലങ്കക്ക് ഇന്ത്യയുടെ എതിര്‍പ്പ് കണ്ടില്ലെന്ന് നടിക്കാനാകില്ല. അതുപോലെ വലിയ തോതില്‍ ചൈനയ്ക്ക് കടക്കാരായതിനാല്‍ അവരുടെ സമ്മര്‍ദവും തീര്‍ത്തും അവഗണിക്കാനാകില്ല. ഇന്ത്യയെ പിണക്കാതെ ചൈനയ്ക്ക് വഴങ്ങാതെ ഒരു തീരുമാനം എങ്ങനെ എടുക്കും എന്ന പ്രതിസന്ധിയാണ് അവര്‍ക്ക് മുന്നിലുള്ളത്‌

മറുപടിയുമായി ചൈന

വിഷയത്തില്‍ ഇന്ത്യ ഇടപെടേണ്ടതില്ല എന്ന നിലപാടിലാണ് ചൈന. ഇന്ത്യ ശ്രീലങ്കയെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് അവരുടെ ആരോപണം. ചൈനയും ശ്രീലങ്കയും തമ്മിലുള്ള സഹകരണം തടസപ്പെടുത്തുന്നത് അവസാനിപ്പിക്കണണെന്ന് ചില കക്ഷികളോട് അഭ്യര്‍ഥിക്കുന്നു എന്നാണ് ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെ ചൈന വിഷയത്തില്‍ പ്രതികരിച്ചത്.

ഹംബന്‍തോട്ടയില്‍ അടുക്കാന്‍ കപ്പലിന് അനുവാദം നല്‍കുന്നത് നീട്ടിവെച്ച ശ്രീലങ്കന്‍ നടപടിയെ ചോദ്യംചെയ്ത് ചൈന രംഗത്തെത്തിയിരുന്നു. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നായിരുന്നു ചൈനയുടെ ആവശ്യം. ഇന്ധനം നിറയ്ക്കാനും ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനുമായി കപ്പലിന് ഹംബന്‍ടോട്ട തുറമുഖത്ത് അടുക്കാന്‍ അനുമതി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ചൈനയുടെ ഈ ആവശ്യത്തില്‍, ഇന്ത്യ ശ്രീലങ്കയെ ഉത്കണ്ഠ അറിയിച്ചതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്. തുടര്‍ന്നാണ് കപ്പല്‍ തുറമുഖത്ത് അടുക്കുന്നത് ശ്രീലങ്ക താത്കാലികമായി തടഞ്ഞത്.

മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ കപ്പല്‍ തുറമുഖത്ത് അടുക്കുന്നത് നീട്ടിവെക്കണമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം കൊളംബോയിലെ ചൈനീസ് എംബസിയെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയം അടിന്തരമായി ചര്‍ച്ചചെയ്യണമെന്ന് ചൈനീസ് എംബസി ശ്രീലങ്കന്‍ അധികൃതരോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ കൊളംബോയിലെ ചൈനീസ് അംബാസഡര്‍ ക്വി ഷെനോങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് കപ്പല്‍ യാത്ര തുടരുകയായിരുന്നു.

Content Highlights: Why The Chinese Spy Ship Yuan Wang 5 Has Sparked A Storm And What Are India's Concerns


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented