ടോക്യോ: ആഴക്കടലില്‍ വസിക്കുന്ന രണ്ട് ഓര്‍ മത്സ്യങ്ങള്‍ ജപ്പാന്‍കാരുടെ വലയില്‍ കുടുങ്ങി. കുടുങ്ങിയത് ജപ്പാനിലായതുകൊണ്ട് അത് വലിയ പുകിലായി. കാരണം സുനാമിയുടേയും ഭൂകമ്പത്തിന്റേയും ഭീതിയില്‍ കഴിയുന്ന ജപ്പാന്‍കാര്‍ക്ക് ദുരന്തദൂതനാണ് ഓര്‍ മത്സ്യങ്ങള്‍. ഈ സീസണില്‍ ഇതടക്കം ഏഴെണ്ണമാണ് കടുങ്ങിയത്. 
 
ജാപ്പനീസ് ഭാഷയില്‍ 'റ്യുഗു നോ സുകായി' എന്നാല്‍ കടല്‍ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതന്‍ എന്നാണ് അര്‍ഥം. കടലില്‍ ഭൂകമ്പമുണ്ടാകുമ്പോള്‍ അത് മുന്നറിയിപ്പുമായി തനിയെ ജപ്പാന്‍തീരത്ത് വന്നടിയും എന്നാണ് വിശ്വാസം. 

Oarfish

ഓര്‍ മത്സ്യത്തെക്കുറിച്ചുള്ള ഈ വിശ്വാസത്തിന്‌ ശാസ്ത്രീയമായ തെളിവൊന്നുമില്ല. എന്നാല്‍ വിശ്വാസം ബലപ്പെടാന്‍ ഫുകുഷിമ ദുരന്തവും കാരണമായിട്ടുണ്ട്. 2011 ല്‍ ഇരുപതിനായിരം പേരുടെ ജീവനെടുത്ത ഫുകുഷിമ ഭൂകമ്പത്തിനും, പിന്നാലെ സുനാമിയുണ്ടാകുന്നതിനും ഒരു വര്‍ഷം മുമ്പ് 12 ഓര്‍ മീനുകളാണ്‌ ജപ്പാന്‍ തീരത്തടിഞ്ഞത്. 
 
ഓര്‍ മത്സ്യങ്ങള്‍ കടലില്‍ കാല്‍ കിലോമീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ വരെ അടിയിലാണ് ജീവിക്കുന്നത്. ഇവ കടലിന്റെ ഉപരിതലത്തിലേക്ക് വരുന്നത് അസാധാരണ സംഭവമാണ്. വെള്ളിനിറത്തില്‍ തിളങ്ങുന്ന തൊലിയുള്ള ഈ മത്സ്യത്തിന് 11 മീറ്റര്‍ വരെ നീളമുണ്ടാകും. മൂന്നു തരക്കാരുണ്ട് ഓര്‍മത്സ്യങ്ങളില്‍. അതില്‍ വലിയ ഇനമാണ് ദുരന്ത ദൂതന്‍.
 
മൂന്നേകാല്‍ മീറ്ററും നാലു മീറ്ററും നീളമുള്ള ഓര്‍മത്സ്യങ്ങളാണ് ഈ ആഴ്ച ആദ്യം ജപ്പാനിലെ ഇമിസു തീരത്തടിഞ്ഞത്. 
 
ശാസ്ത്രീയമായി അടിസ്ഥാനമില്ലെങ്കിലും ഓര്‍ഫിഷ് തീരത്തടിഞ്ഞതിന് പിന്നില്‍ ഭൂകമ്പമല്ല എന്ന് 100 ശതമാനവും ഉറപ്പ് പറയാനാകില്ലെന്ന് ഊസു അക്വേറിയം സൂക്ഷിപ്പുകാരന്‍ കസൂസ സൈബ പറയുന്നു. ചിലപ്പോള്‍ ആഗോള താപനവുമായി ബന്ധപ്പെട്ട മാറ്റങ്ങളും അതിന് കാരണമായേക്കാം- അദ്ദേഹം പറയുന്നു. 
 
Content highlights: Why Sightings Of This Rare Fish In Japan Have People Panicking