സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കിം അസുഖ ബാധിതനാണെന്നും ആരോഗ്യ സ്ഥതി വളരെ മോശമാണെന്നും അതല്ല, അദ്ദേഹം മരണമടഞ്ഞു എന്നുവരെ വാര്‍ത്തകളുണ്ടായിരുന്നു. ഇടക്കാലത്ത് അദ്ദേഹം വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെ അത്തരം വാര്‍ത്തകളെല്ലാം കെട്ടടങ്ങി. എന്നാലിപ്പോള്‍ വീണ്ടും കിമ്മിന്റെ ആരോഗ്യം സംബന്ധിച്ച് വാര്‍ത്തകള്‍ സജീവമാവുകയാണ്. സാധാരണയില്‍ കവിഞ്ഞ് വണ്ണം കൂടിയ ആളായ കിം ജോങ് ഉന്‍ വല്ലാതെ മെലിഞ്ഞു എന്നതാണ് ഇത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനം.  

ബുധനാഴ്ച പ്രസിദ്ധീകരിച്ചവ ഉള്‍പ്പെടെ സമീപകാലത്ത് ഉത്തര കൊറിയ പുറത്തുവിട്ട ചിത്രങ്ങളില്‍ കിം ജോങ് ഉന്‍ മെലിഞ്ഞതായാണ് കാണുന്നത്. ഒരു വര്‍ഷം മുമ്പ് വന്ന ചിത്രങ്ങളില്‍ ഉള്ളതിനേക്കാള്‍ മെലിഞ്ഞിരിക്കുകയാണ് കിം. കിം കൈയില്‍ ധരിക്കുന്ന ആഢംബര വാച്ച് നേരത്തെ വളരെ മുറുകിയ അവസ്ഥയിലായിരുന്നു. ഇപ്പോള്‍ അത് നന്നായി അയഞ്ഞിട്ടുണ്ട്. ഒപ്പം മുഖത്തിന്റെ വണ്ണവും കുറഞ്ഞിട്ടുണ്ട്. അദ്ദേഹം അസുഖബാധിതനാണെന്ന അഭ്യൂഹങ്ങളേയും ഇത് ശക്തമാക്കുകയാണ്.

കിമ്മിന് 170 സെന്റി മീറ്റര്‍ ഉയരമുണ്ടെന്നാണ് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന് 140 കിലോ ഭാരമുണ്ടെന്നാണ് കണക്കാക്കിയിരുന്നത്. 2011-ല്‍ അധികാരത്തില്‍ വന്ന ശേഷം 50 കിലോയോളം ഭാരമാണ് കൂടിയത്. എന്നാല്‍ ഇപ്പോഴിത് 10 മുതല്‍ 20 കിലോ വരെ കുറഞ്ഞിരിക്കാം എന്നാണ് അനുമാനം. എന്നാല്‍ അസുഖ ബാധിതനായതിനാലല്ല, ജീവിതരീതികളില്‍ മാറ്റം വരുത്തിയത് കൊണ്ടാവാം ഭാരം കുറഞ്ഞതെന്നും സൂചനയുണ്ട്. 

മദ്യപാനത്തിനും പുകവലിക്കും പേരുകേട്ട കിമ്മിന്റെ കുടുംബത്തിന് പാരമ്പര്യമായി ഹൃദയസംബന്ധമായ അസുഖവുമുണ്ട്. അദ്ദേഹത്തിന് മുമ്പ് ഉത്തര കൊറിയ ഭരിച്ച അച്ഛനും മുത്തച്ഛനും ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്നാണ് മരിച്ചത്. കിമ്മിന്റെ അമിതഭാരം ഹൃദയരോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അഭിപ്രായമുണ്ടായിരുന്നു.

കിമ്മിന്റെ ശരീരഭാരം കുറയുന്നത് അസുഖത്തിന്റെ ലക്ഷണത്തേക്കാള്‍ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമമാണെന്നാണ് സോളിലെ കൊറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ യൂണിഫിക്കേഷനിലെ സീനിയര്‍ അനലിസ്റ്റായ ഹോങ് മിന്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ പ്ലീനറി യോഗം വിളിക്കാന്‍ പരസ്യമായി രംഗത്തുവരില്ലായിരുന്നുവെന്നും ഹോങ് പറഞ്ഞു.

Content Highlights: Why Kim Jong Un's weight loss has the world speculating