കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ യുഎസ് എംബസയില്‍ നിന്ന് ഹെലികോപ്റ്ററില്‍ പൗരന്മാരെ ഒഴിപ്പിക്കുന്ന ചിത്രം വലിയ തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 1975-ല്‍ വിയറ്റ്‌നാമിലെ സൈഗോണിലെ യുഎസ് എംബസിയുടെ ടെറസില്‍നിന്ന് ഹെലികോപ്റ്ററില്‍ ആളുകളെ ഒഴിപ്പിച്ച സംഭവത്തോടാണ് പലരും ഇതിനെ താരതമ്യം ചെയ്തത്. വിയറ്റ്‌നാം യുദ്ധത്തിനൊടുവില്‍ സംഭവിച്ചത് തന്നെ അഫ്ഗാനിലും ആവര്‍ത്തിക്കുന്നു. ആളും ആയുധവും ഉപയോഗിച്ച് നീണ്ട വര്‍ഷങ്ങള്‍ പോരാടിയിട്ടും ഫലപ്രാപ്തി എന്ത് എന്ന ചോദ്യം ബാക്കിവച്ച്‌ അഫ്ഗാന്‍ വിടുകയാണ് അമേരിക്ക. 

വടക്കന്‍ വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടവും അമേരിക്കന്‍ പിന്‍ബലത്തിലുള്ള തെക്കന്‍ വിയറ്റ്‌നാമും തമ്മിലുള്ള സംഘര്‍ഷമായിരുന്നു വിയറ്റ്‌നാം യുദ്ധത്തിലേക്ക് നയിച്ചത്. ഇതുപത് വര്‍ഷത്തോളം നീണ്ട വിയറ്റ്‌നാം യുദ്ധം ഏറ്റവും ചെലവേറിയതും അമേരിക്കന്‍ ജനതയെ തന്നെ രണ്ട് തട്ടിലാക്കുന്നതുമായിരുന്നു. 1975 ഏപ്രില്‍ 30ന് തെക്കന്‍ വിയറ്റ്‌നാമിന്റെ തലസ്ഥാനമായ സൈഗോണ്‍ വടക്കന്‍ വിയറ്റ്‌നാം പടിച്ചടക്കിയതോടെ അമേരിക്കന്‍ തോല്‍വി പൂര്‍ണമായി. അതാണ് 'സൈഗോണിന്റെ വീഴ്ച' (ഫാള്‍ ഓഫ് സൈഗോണ്‍) എന്ന പേരില്‍ പിന്നീട് പ്രസിദ്ധമായത്. 

വിയറ്റ്‌നാം യുദ്ധം കനത്ത സാമ്പത്തിക നഷ്ടം മാത്രമല്ല അമേരിക്കക്ക് സമ്മാനിച്ചത്. 58,000 അമേരിക്കക്കാരുടെ ജീവന്‍ കൂടിയാണ് യുദ്ധത്തില്‍ പൊലിഞ്ഞത്. ഒപ്പം ലോക വേദിയില്‍ അമേരിക്കക്ക് ഏറ്റ കനത്ത പ്രഹരം കൂടിയായിരുന്നു അത്. സമാനരീതിയില്‍ സൈഗോണില്‍ സംഭവിച്ച വീഴ്ച തന്നെയാണ് കാബൂളിലും ആവര്‍ത്തിച്ചതെന്നാണ് അമേരിക്കയിലെ തന്നെ നിരീക്ഷകരില്‍ പലരും വിലയിരുത്തുന്നത്. ഇത് ജോ ബൈഡന്റെ സൈഗോണ്‍ എന്നാണ് റിപ്പബ്ലിക്കൻ ഹൗസ് കോൺഫറൻസിന്റെ അധ്യക്ഷൻ എലിസ് സ്റ്റെഫാനിക്ക് ആരോപിച്ചത്. അന്താരാഷ്ട്ര വേദിയിലെ ദാരൂണമായ പരാജയം ഒരിക്കലും മറക്കില്ലെന്നും എലിസ് പറഞ്ഞു.

helicopter
കാബൂളിലെ യു.എസ്.എംബസ്സിക്ക് സമീപം യു.എസ് ഹെലികോപ്റ്റര്‍ | Photo: Wakil KOHSAR / AFP

ഇരുപത് വര്‍ഷം നീണ്ട അഫ്ഗാനിസ്താന്‍ ദൗത്യം അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധമായിരുന്നു. അഫ്ഗാനിസ്താന്‍ ദൗത്യത്തിന് യു.എസ്. ചെലവാക്കിയത് 97,800 കോടി ഡോളര്‍ (72 ലക്ഷം കോടി രൂപ) ആണ്. ഇതില്‍ 14,300 കോടി ഡോളറും (11 ലക്ഷം കോടി രൂപ) ഉപയോഗിച്ചത് അഫ്ഗാനിസ്താന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ്. 8800 കോടി ഡോളര്‍ അഫ്ഗാന്‍ സേനയെ പരിശീലിപ്പിക്കുന്നതിനും 360 കോടി ഡോളര്‍ ഭരണനിര്‍വഹണത്തിനും വികസപ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിച്ചു.

മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുമായി ചെറിയ തുകകളും അമേരിക്ക ചെലവാക്കി. 2010-നും 2012-നും ഇടയില്‍ യു.എസ്. സൈനിക സാന്നിധ്യം ഒരുലക്ഷം കടന്നപ്പോള്‍ യുദ്ധച്ചെലവ് പ്രതിവര്‍ഷം 10,000 കോടി ഡോളറായിരുന്നു. ബ്രിട്ടന്‍ 3000 കോടി ഡോളറും (2.2 ലക്ഷം കോടി രൂപ) ജര്‍മനി 1900 കോടി ഡോളറും (1.4 ലക്ഷം കോടി രൂപ) അഫ്ഗാന്‍ ദൗത്യത്തിനായി ചെലവഴിച്ചു.

സാമ്പത്തിക നഷ്ടത്തിനൊപ്പം കുരുതിക്കളം കൂടിയായിരുന്നു അഫ്ഗാനിസ്താന്‍. 2448 അമേരിക്കന്‍ സൈനികരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്. നാറ്റോ രാജ്യങ്ങള്‍ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 1144 സൈനികരും കൊല്ലപ്പെട്ടു. 3846 യു.എസ് കോണ്‍ട്രാക്റ്റര്‍മാരും 444 സന്നദ്ധ പ്രവര്‍ത്തകരും 72 മാധ്യമപ്രവര്‍ത്തകരും ഇക്കാലയളവില്‍ കൊല്ലപ്പെട്ടു. 66,000 അഫ്ഗാന്‍ സ്വദേശികളും പോലീസുകാര്‍ക്കും ജിവന്‍ നഷ്ടപ്പെട്ടപ്പോള്‍ 51,191 പേരെ താലിബാനും നഷ്ടമായി.

Content Highlights: Why is the Taliban's Kabul victory being compared to the fall of Saigon?