പ്രതീകാത്മകചിത്രം | Photo : AFP
ജനീവ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇരുപതോളം രാജ്യങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി 200-ഓളം പേരില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചത് ലോകവ്യാപകമായുള്ള വൈറസ് വ്യാപനത്തിന്റെ മുന്നോടിയാകാമെന്ന് ലോകാരോഗ്യസംഘടന. വലിയൊരു മഞ്ഞുമലയുടെ ഉപരിഭാഗം മാത്രമാണോ ഇപ്പോള്‍ പുറത്തുകാണുന്നതെന്ന് സംശയിക്കേണ്ടതുണ്ടെന്നും എന്നാല്‍ രോഗവ്യാപനത്തിന്റെ ആദ്യഘട്ടമായതിനാല്‍ പരിഭ്രമത്തിന്റെ ആവശ്യമില്ലെന്നും ലോകാരോഗ്യസംഘടനാ ഉദ്യോഗസ്ഥന്‍ സില്‍വി ബ്രയാന്‍ഡ് പറഞ്ഞു.
മേയ് ഏഴിന് ബ്രിട്ടണില്‍ ആദ്യ മങ്കിപോക്‌സ് സ്ഥിരീകരിച്ചതിന് ശേഷം രണ്ടാഴ്ചക്കുള്ളില്‍ 200 കേസുകള്‍ സ്ഥിരീകരിച്ചതായാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ മാത്രം കാണപ്പെട്ടിരുന്ന മങ്കിപോക്‌സ് വൈറസ് ലോകത്തിന്റെ മറ്റുമേഖലകളിലേക്ക് വ്യാപിക്കാനാരംഭിച്ചത് കോവിഡിന് ശേഷം ചെറിയൊരാശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളിന്റെ (ECDC) കണക്കനുസരിച്ച് 219 പേര്‍ക്ക് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പശ്ചിമ, മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മങ്കിപോക്‌സ്, യുഎസ്, ഓസ്‌ട്രേലിയ, യുഎഇ കൂടാതെ പന്ത്രണ്ടോളം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കാണ് വ്യാപിച്ചിട്ടുള്ളത്. സ്‌പെയിനില്‍ ഇതിനോടകം 98 കേസുകള്‍ സ്ഥിരീകരിച്ചതായി സ്പാനിഷ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടണില്‍ നിലവില്‍ 90 രോഗബാധിതരുണ്ട്. പോര്‍ച്ചുഗലില്‍ 74 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നും രോഗികളെല്ലാം തന്നെ നാല്‍പത് വയസ്സിന് താഴെയുള്ള പുരുഷന്‍മാരാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാമെന്നും എന്നാല്‍, മങ്കിപോക്‌സിനെ കുറിച്ച് വേവലാതിപ്പെടേണ്ട സാഹചര്യമില്ലെന്നും സില്‍വി ബ്രയാന്‍ഡ് പറഞ്ഞു. ആശങ്കപ്പെടേണ്ട മറ്റ് രോഗങ്ങള്‍ കൂടി ആധുനികലോകത്തുണ്ടെന്നും കോവിഡോ അതുപോലുള്ള മറ്റേതെങ്കിലും രോഗം പോലെ അതിവ്യാപനശേഷിയുള്ള രോഗമല്ല മങ്കിപോക്‌സെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രോഗവ്യാപനം തടയാനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ബ്രയാന്‍ഡ് വ്യക്തമാക്കി.
വസൂരിയുമായി ബന്ധമുള്ള രോഗമാണെങ്കിലും മങ്കിപോക്‌സ് വസൂരിയോളം ഗുരുതരമാകുന്നത് അപൂര്‍വ്വമാണ്. 1980-ല്‍ പൂര്‍ണമായും ലോകത്തുനിന്ന് നിര്‍മാര്‍ജനം ചെയ്യപ്പെടുന്നതിന് മുമ്പ് ലക്ഷക്കണക്കിനാളുകള്‍ വസൂരി മൂലം മരിച്ചിരുന്നു. എന്നാല്‍ മങ്കിപോക്‌സിന്റെ കാര്യത്തില്‍ മരണനിരക്ക് വളരെ കുറവാണ്. 3-6 ശതമാനംവരെ മാത്രമാണ് മങ്കിപോക്‌സിന്റെ മരണനിരക്ക്. ലൈംഗികമായി മാത്രം പകരുന്ന രോഗമാണെന്നതിന് ശാസ്ത്രീയ സ്ഥിരീകരണമില്ലെങ്കിലും സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്‍മാരിലാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. മങ്കിപോക്‌സിനെതിരെ വസൂരിക്കെതിരെയുള്ള കുത്തിവെപ്പ് 85 ശതമാനത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മങ്കിപോക്‌സിന് കാരണമായ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
Content Highlights: Monkeypox, WHO, smallpox,WHO Sounds Warning But Gives a Ray of Hope
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..