ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) യുടെ അനുമതി വീണ്ടും വൈകിയേക്കും. കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ല്യൂഎച്ച്ഒ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ആരാഞ്ഞതോടെയാണിത്. അനുമതി വൈകുന്നത് വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും.

ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാല്‍ കോവാക്‌സിന്‍ വിവിധ ലോകരാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. അംഗീകാരം ലഭിക്കുന്നതകിന് ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിരുന്നു എന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നത്. അതിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ ലോകാരോഗ്യ സംഘടന ആരാഞ്ഞിട്ടുള്ളത്.

കോവാക്‌സിന് ഡബ്ല്യൂഎച്ച്ഒയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അടിയന്തര ഉപയോഗത്തിനുള്ള അനുമതി കോവാക്‌സിന് ഉടന്‍ ലഭിച്ചേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാറാണ് കഴിഞ്ഞയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. കോവാക്‌സിന് ഈ മാസം അവസാനത്തോടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കുമെന്ന് വാക്‌സിന്‍ കുത്തിവെപ്പുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ ചെയര്‍മാന്‍ ഡോ. വി.കെ പോളും പറഞ്ഞിരുന്നു.

മൂന്നാംഘട്ടപരീക്ഷണത്തില്‍ കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയെന്നാണ് ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നത്. കോവാക്‌സിനും കോവിഷീല്‍ഡും വാക്‌സിനേഷന്‍ യജ്ഞത്തിന്റെ തുടക്കം മുതല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കുത്തിവെക്കുന്നുണ്ട്. റഷ്യന്‍ നിര്‍മിത സ്ഫുട്‌നിക്‌ പിന്നീടാണ് രാജ്യത്ത് ജനങ്ങള്‍ക്ക് കുത്തിവച്ചു തുടങ്ങിയത്.

ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിനുകളില്‍ കോവിഷീല്‍ഡ് മാത്രമാണ് നിലവില്‍ ഡബ്ല്യൂഎച്ച്ഒയുടെ പട്ടികയിലുള്ളത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരും മരുന്ന് കമ്പനിയായ ആസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ച വാക്‌സിന്‍ പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മിക്കുന്നത്. ഫൈസര്‍ ബയോണ്‍ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മോഡേണ, സിനോഫാം എന്നീ വാക്‌സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന ഇതുവരെ അനുമതി നല്‍കിയിട്ടുള്ളത്.

ഭാരത് ബയോടെകും ഐ.സി.എം.ആറും ചേര്‍ന്നാണ് കോവാക്‌സിന്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ കോവാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നാല്‍ ഡബ്ല്യു.എച്ച്.ഒ അംഗീകരിക്കാത്തത് കൊണ്ട് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും മറ്റും കോവാക്‌സിനെ പരിഗണിച്ചിരുന്നല്ല. വാക്‌സിന്റെ അംഗീകാരത്തിന് വേണ്ടി മെയ് മാസത്തില്‍ ഭാരത് ബയോടെക് ഡബ്ല്യു.എച്ച്.ഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. അടിയന്തര ഉപയോഗങ്ങള്‍ക്ക് വേണ്ടി അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം.

Content Highlights: WHO's Covaxin clearance further delayed over technical queries