ജനീവ: കോവിഡ് വ്യാപനം നിയന്ത്രിച്ചതില്‍ ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. പുതിയ കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതില്‍ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചതായി ഡബ്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. 

ലളിതമായ പൊതുജനാരോഗ്യ പരിഹാരങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ നമുക്ക് വൈറസിനെ മറികടക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയിലെ മാതൃക കാണിക്കുന്നത്. പ്രതിരോധത്തിനായി വാക്‌സിനുകള്‍ കൂടി ചേരുമ്പോള്‍ കൂടുതല്‍ മികച്ച ഫലങ്ങള്‍ പ്രതിക്ഷിക്കുന്നതായും ഡബ്ല്യുഎച്ച്ഒ മേധാവി പറഞ്ഞു. 

രാജ്യത്തെ ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. 

ജനുവരി 16 മുതല്‍ ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇതിനോടകം രാജ്യത്തെ 41 ലക്ഷത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. 1,08,02,591 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,04,96,308 പേരും രോഗമുക്തരായി. 1,54,823 പേരാണ് മരിച്ചത്.

content highlights: WHO lauds India amid drop in COVID cases