കോപ്പന്‍ഹേഗന്‍: ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിന് ഊര്‍ജിതശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടനയും(ഡബ്ല്യു.എച്ച്.ഒ.) യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍(ഇ.സി.ഡി.സി.)യും. യൂറോപ്യന്‍ മേഖലയില്‍ ഡെല്‍റ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആഹ്വാനം.

ജൂണ്‍ 22 മുതല്‍ ജൂലായ് 11 വരെ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പിലെമ്പാടും ഡെല്‍റ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയതായി ഡബ്ല്യു.എച്ച്.ഒ.യും ഇ.സി.ഡി.സി.യും വ്യക്തമാക്കി.

നിലവിലെ സ്ഥിതി വിശകലനം ചെയ്യുമ്പോള്‍ വരും മാസങ്ങളില്‍ വ്യാപനം അതിരൂക്ഷമാകാനാണ് സാധ്യത. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഡെല്‍റ്റാ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വളരെ വേഗത്തില്‍ വ്യാപിക്കുന്ന ഡെല്‍റ്റാ വകഭേദം കാരണം കൊറോണ കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ലോകാരോഗ്യ സംഘടന യൂറോപ്യന്‍ മേഖലയുടെ റീജിയണല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് പറഞ്ഞു.

വാക്സിനെടുക്കാന്‍ ആളുകളെ വലിയ തോതില്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ലക്ഷക്കണക്കിനാളുകള്‍ ഇനിയും വാക്സിനെടുക്കാത്തത് ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം കൂട്ടും. എല്ലാവരും വാക്സിനെടുക്കുന്നത് മരണനിരക്കും രോഗവ്യാപനവും കുറയ്ക്കുമെന്നും ക്ലൂഗ് കൂട്ടിച്ചേര്‍ത്തു. ഭൂരിഭാഗം രാജ്യങ്ങളിലും വാക്സിനേഷന്‍ നടപടി വേണ്ടത്ര വേഗം കൈവരിക്കാത്തതിനാല്‍ പരിശോധനകളുടെ എണ്ണം കൂട്ടുന്നതുപോലുള്ള കോവിഡ്-19-ന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് സഹായകമാകുമെന്നും ഇരുസംഘടനകളും അഭിപ്രായപ്പെട്ടു.
 
വൈറസ് വ്യാപനം തടയുന്നതിന് നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും സാമാന്യബോധം പുലര്‍ത്തുന്നത് തുടരുകയും ചെയ്യണമെന്ന് ഇ.സി.ഡി.സി. ഡയറക്ടര്‍ ആന്‍ഡ്രിയ അമ്മോണ്‍ പറഞ്ഞു. അവസരം ലഭിക്കുന്ന മുറയ്ക്ക് എല്ലാവരും വാക്സിനെടുക്കണമെന്നും കൂടാതെ സാമൂഹിക അകലം, കൈകള്‍ കഴുകല്‍, കൂട്ടംകൂടുന്നത് ഒഴിവാക്കല്‍, മാസ്‌ക് ധരിക്കല്‍ എന്നിവ കൃത്യമായി പാലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.