യുണൈറ്റഡ് നേഷന്‍സ്: കൂട്ടത്തോടെ കോവിഡ് ബാധിക്കുമ്പോള്‍ ജനസമൂഹം അതിനെതിരെയുള്ള പ്രതിരോധശേഷി സ്വയം ആര്‍ജിക്കുമെന്ന സങ്കല്‍പം അപകടകരവും അധാര്‍മികവുമാണെന്ന് ലോകോരോഗ്യസംഘടന. ആര്‍ജിത പ്രതിരോധശേഷി നേടുന്നതാണ് കൊറോണവൈറസിനെ തുടച്ചു നീക്കാനുള്ള പ്രായോഗിക ഉപായമെന്ന നിര്‍ദേശം അംഗീകരിക്കാവുന്നതല്ലെന്നും ലോകോരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

വാക്‌സിന്‍ പ്രയോഗത്തിലൂടെ ആര്‍ജിത പ്രതിരോധശേഷി നേടാനാണ് ആരോഗ്യവിദഗ്ധര്‍ സാധാരണയായി ലക്ഷ്യമിടുന്നതെന്നും അതേസമയം അഞ്ചാംപനി പോലെയുള്ള സാംക്രമികത കൂടിയ രോഗങ്ങളുടെ വിഷയത്തില്‍ ജനസസംഖ്യയുടെ 95 ശതമാനം പേര്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്‍കേണ്ടി വരുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസ് പറഞ്ഞു. 

സാംക്രമിക രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ ആര്‍ജിത പ്രതിരോധശേഷി കൊണ്ട് അവയെ നേരിട്ടതായി മുമ്പൊരിക്കലും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ്-19 നെതിരെയുള്ള പ്രതിരോധശേഷിയെ സംബന്ധിച്ച് കൃത്യമായ അറിവ് ലഭ്യമല്ലാത്തതിനാല്‍ ആര്‍ജിത പ്രതിരോധശേഷി കൊണ്ട് ഫലപ്രദമായി നേരിടാമെന്ന് വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ഡബ്ല്യു.എച്ച്ഒ. മേധാവി കൂട്ടിച്ചേര്‍ത്തു. അപകടകാരിയായ ഒരു വൈറസിനെ പൂര്‍ണമായും മനസിലാക്കാതെ സ്വതന്ത്രമായി വ്യാപരിക്കാന്‍ അനുമതി നല്‍കുന്നത് അധാര്‍മികമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. 

വൈറസിനെ കുറിച്ചും അതിനെതിരെയുള്ള പ്രതിരോധത്തെ കുറിച്ചും കുറവ് സൂചനകളാണ് നമുക്കുള്ളതെന്നും പൂര്‍ണമായ ചിത്രം ലഭിക്കാതെ ഇത്തരത്തിലുള്ള തീര്‍പ്പിലെത്തുന്നതില്‍ ധാര്‍മികതയില്ലെന്നും തെദ്രോസ് അദനോം വ്യക്തമാക്കി. ഒരിക്കല്‍ കോവിഡ് പിടിപെട്ടവര്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടായതായി നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. വൈറസിനെതിരെ രോഗികളില്‍ പ്രതിരോധശേഷി സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും അത് എത്ര അളവിലാണെന്നോ എത്രകാലം നിലനില്‍ക്കുന്നുവെന്നോ എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കൂടാതെ, വ്യക്തികളില്‍ പ്രതിരോധശേഷി വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രതിദിനരോഗികളുടെ എണ്ണത്തില്‍, പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും കഴിഞ്ഞ നാല് ദിവസങ്ങളായി വര്‍ധനവുള്ളതായും തെദ്രോസ് അദനോം സൂചിപ്പിച്ചു. ലോകജനസംഖ്യയുടെ പത്ത് ശതമാനത്തോളം പേര്‍ക്ക് കൊറോണവൈറസിനെതിരെ പ്രതിരോധശേഷിയില്ലെന്നും അവശേഷിക്കുന്നവരില്‍ ഭൂരിഭാഗവും രോഗം പിടിപെടാന്‍ സാധ്യതയുള്ളവരാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. 

Content Highlights: WHO Chief Warns Against Pursuing Herd Immunity to Stop Coronavirus As Unethical