Representative Image |AP
വാഷിങ്ടണ്‍: കാനഡയ്ക്ക് പിന്നാലെ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെ അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘന. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ആരോഗ്യ ഏജന്‍സികള്‍ ആശങ്കയിലാണ്. കോവിഡിന് പിന്നാലെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തതോടെ പുതിയ പകര്‍ച്ചവ്യാധിയെ കുറിച്ചുള്ള ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
കാനഡ, ഓസ്ട്രേലിയ, അമേരിക്ക എന്നിവയ്ക്ക് പുറമേ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്, സ്പെയിന്, ഇറ്റലി, യുകെ, സ്വീഡന്, പോളണ്ട് എന്നീ രാജ്യങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. സ്പെയിനില്‍ 24 പുതിയ കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മാഡ്രിഡ് നഗരത്തില്‍ രോഗബാധയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനേ തുടര്‍ന്ന് ഒരു സ്നാനകേന്ദ്രം പ്രാദേശിക ഭരണകൂടം അടച്ചുപൂട്ടി. പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നെത്തിയ ഓള്ക്ക് ഇസ്രായേലില്‍ രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ആദ്യം സ്ഥിരീകരിച്ചത് 1958-ല്‍
1958-ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യരില്‍ രോഗബാധ കണ്ടെത്തിയത്.1970 മുതല്‍ 11 ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കൊല്ലങ്ങളില്‍ മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ഭാഗങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് കുരങ്ങുപനി ബാധിച്ചത്. 2017-ന് ശേഷം നൈജീരിയയിലാണ് ഏറ്റവും വലിയ രോഗവ്യാപനമുണ്ടായത്. ഈ വര്‍ഷം മാത്രം കുരങ്ങുപനിയെന്ന് സംശയിക്കുന്ന 46 കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തത്. മേയ് ഏഴിനാണ് യൂറോപ്പില്‍ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. നൈജീരിയയില്‍നിന്ന് മടങ്ങിയ വ്യക്തിയിലാണ് ബ്രിട്ടണില്‍ ആദ്യം വൈറസ്ബാധ സ്ഥിരീകരിച്ചത്.
ഫ്രാന്‍സില്‍ 29 കാരനാണ് രോഗബാധ കണ്ടെത്തിയത്. ഫ്രാന്‍സില്‍ കുരങ്ങുപനി സ്ഥിരീകരിച്ച വ്യക്തി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ബെല്‍ജിയത്തില്‍ രണ്ട് പേര്‍ക്ക് രോഗമുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ രണ്ടുപേരും ഒരേ വിരുന്നില്‍ പങ്കെടുത്തവരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജര്‍മനിയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതായി റോയിട്ടേഴ്സും ഫോക്കസും റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയില്‍ കാനഡ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയ മസാച്യുസെറ്റ്സ് സ്വദേശിക്കാണ് വ്യാഴാഴ്ച കുരങ്ങുപനി സ്ഥിരീകരിച്ചത്. കാനഡയില്‍ ഇതുവരെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ ക്യൂബെക് പ്രവിശ്യയിലെ 17 പേര്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഇറ്റലി, സ്വീഡന് എന്നിവടങ്ങളില്‍ ഓരോ കേസ് വീതമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യൂറോപ്പില്‍ നിന്നെത്തിയ ഒരാള്‍ക്ക് കുരങ്ങുപനി സംശയിക്കുന്നതായി ഓസ്ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. പോര്‍ച്ചുഗലില്‍ 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപതോളം പേര് നിരീക്ഷണത്തിലാണ്.
മരണനിരക്ക് കുറവ്
വൈറസ്ബാധയുള്ള മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ ആണ് രോഗം പകരുന്നത്. പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ചിക്കന്‍പോക്സിലുണ്ടാകുന്നതു പോലെ കുമിളകള്‍ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. വൈറസ് മൂലമുണ്ടാകുന്ന കുരങ്ങുപനി ബാധിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രോഗി സുഖം പ്രാപിക്കും. എങ്കിലും അപൂര്‍വ്വമായി മരണം സംഭവിക്കാറുണ്ട്. എന്നാല്‍, കുരങ്ങുപനിയില്‍ മരണനിരക്ക് പൊതുവെ കുറവാണ്.
ലൈംഗികബന്ധത്തിലൂടെ കുരങ്ങുപനി പകരാനുള്ള സാധ്യത കൂടുതലാണെങ്കിലും ആ രീതിയില്‍ മാത്രം പകരുന്ന രോഗമല്ല കുരങ്ങുപനിയെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. ശരീരസ്രവങ്ങള്‍, കുരങ്ങുപനി മൂലമുണ്ടാകുന്ന വ്രണങ്ങള്‍ എന്നിവയിലൂടെയും വസ്ത്രങ്ങള്‍, കിടക്കകള്‍ എന്നിവ പങ്കുവെക്കുന്നതിലൂടെയും രോഗം പകരാം. രോഗം സ്ഥിരീകരിച്ചവരില്‍ സ്വവര്‍ഗാനുരാഗികളുടെ എണ്ണം കൂടുതലാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കുകള്‍ പറയുന്നു.
കുരങ്ങ്, എലി എന്നിവയില്‍നിന്ന് രോഗം പകരാനിടയുണ്ട്. കുരങ്ങുപനിയ്ക്ക് കാരണമായ വൈറസിന് രണ്ട് വകഭേദമാണുള്ളത്. പത്ത് ശതമാനം മരണനിരക്കുള്ള കോംഗോ വകഭേദവും ഒരു ശതമാനം മരണനിരക്കുള്ള പടിഞ്ഞാറന്‍ ആഫ്രിക്കന്‍ വകഭേദവും. ഗുരുതരരോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ടെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ രോഗം മാറുന്നതായാണ് കണ്ടുവരുന്നത്.

മറ്റൊരു കോവിഡാകുമോ?
കുരങ്ങുകളില്‍ അദ്യം സ്ഥിരീകരിച്ച കുരങ്ങുപനി, രോഗിയുമായി അടുത്ത് ഇടപെഴകുന്നതിലൂടെയാണ് പകരുന്നത്. പടിഞ്ഞാറന്‍- മധ്യ ആഫ്രിക്കയില്‍ സാധാരണയായി കണ്ടുവരാറുള്ള രോഗം ആഫിക്കക്ക് പുറത്ത് വ്യാപകമായി പടരുന്നതാണ് ആശങ്കക്ക് വഴിവെയ്ക്കുന്നത്. എന്നാല്‍ കോവിഡ്-19 പോലെ ഒരു മഹാമാരിയായി ഇത് പടരാനുള്ള സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. കോവിഡിന് കാരണമായ സാര്‍സ് കോവ് -2 വൈറസ് പോലെ വേഗത്തില്‍ ഇത് പടരില്ല എന്നതാണ് അതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍, വരുംമാസങ്ങളില്‍ രോഗവ്യാപനം വര്‍ധിക്കാമെന്നും യൂറോപ്പിലാകമാനം ഇത് പടരാമെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലാ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് അഭിപ്രായപ്പെട്ടു. വേനല്‍ക്കാലം ആകുന്നതോടെ വലിയ കൂടിച്ചേരലുകളും പരിപാടികളും നടക്കാന്‍ സാധ്യതയുള്ളതിനാല്‍ വ്യാപനം കൂടിയേക്കുമെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സ്വവര്‍ഗാനുരാഗികള്‍ക്ക് മുന്നറിയിപ്പ്
പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്, ത്വക്കില്‍ അസാധാരണമായ വിധത്തിലുള്ള ചൊറിച്ചിലോ കുമിളകളോ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്കി. സ്വവര്‍ഗാനുരാഗികളിലും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലും പ്രധാനമായും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഏജന്‍സിയുടെ മുന്നറിയിപ്പ്. രോഗം ഏളുപ്പത്തില്‍ പടരില്ലെന്നും എന്നാല്‍, കുടുതല്‍ കേസുകളും സ്വവര്‍ഗാനുരാഗികളിലാണെന്നും അവര്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..