ജനീവ: ചൈനയുടെ കോവിഡ് വാക്‌സിനായ സിനോഫാമിന് അടിയന്തിര ഉപയോഗത്തിന് ഉപാധികളോടെ ലോകാരോഗ്യസംഘന (ഡബ്ല്യു.എച്ച്.ഒ.) അനുമതി നല്‍കി. ലോകാരോഗ്യസംഘനയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ ചൈനീസ് വാക്‌സിനാണ് സിനോഫാം. വാക്‌സിന്‍ നയതന്ത്രം അടക്കമുള്ള ചൈനീസ് നീക്കങ്ങള്‍ക്ക് ഗുണപ്രദമാകുന്നതാണ് ഡബ്ല്യു.എച്ച്.ഒ.യുടെ അനുമതി.

79.34 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്‌സിന് 45 ഓളം രാജ്യങ്ങള്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.  യു.എ.ഇ., പാകിസ്താന്‍, ഹംഗറി ഉള്‍പ്പെടെയുള്ള രാജ്യങ്ങളും വാക്‌സിന്‍ ഉപയോഗിക്കുന്നുണ്ട്. ചൈനയില്‍ ഉള്‍പ്പെടെ 6.5 കോടി ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തതായാണ് കണക്ക്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ തന്നെ പല രാജ്യങ്ങളും വാക്‌സിന്‍ ഉപയോഗിക്കാന്‍ മടിച്ചു.

സിനോഫാം, സിനോവാക്ക് അടക്കം അഞ്ച് വാക്‌സിനുകള്‍ രാജ്യത്ത് ഉപയോഗിക്കാന്‍ ചൈന നേരത്തെ അനുമതി നല്‍കിയിരുന്നു. ചൈനയുടെ തന്നെ സിനോവാക്കിനും ഉടന്‍ ഡബ്ല്യു.എച്ച്.ഒ. അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈസര്‍, ആസ്ട്രസെനെക്ക (കോവിഷീല്‍ഡ്), ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകള്‍ക്ക് മാത്രമാണ് ഇതുവരെ ഡബ്ല്യു.എച്ച്.ഒ. അനുമതി നല്‍കിയിട്ടുള്ളത്.

ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പിന്റെ (സിഎന്‍ബിജി) അനുബന്ധ സ്ഥാപനമായ ബീജിംഗ് ബയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സ് കോ ലിമിറ്റഡാണ് സിനോഫാം വാക്‌സിന്‍ നിര്‍മിക്കുന്നത്. താരതമ്യേന വിലകുറഞ്ഞ വാക്‌സിന്‍കൂടിയാണിത്.

Content Highlights: WHO approves China's Sinopharm Covid-19 vaccine for emergency use, has 79% efficacy