ഋഷി സുനാക്ക്| Photo: AP
ലണ്ടന്‍: രാഷ്ട്രീയപ്രതിസന്ധിക്കൊടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് ബോറിസ് ജോണ്സണ് രാജിവെച്ചു. എന്നാല്‍ ആരാകും അദ്ദേഹത്തിന്റെ പിന്‍ഗാമിയാവുക? ഇന്ത്യന്‍ വംശജനും മുന്‍ധനമന്ത്രിയുമായ ഋഷി സുനാക്ക്, വ്യവസായ മന്ത്രി പെന്നി മോര്‍ഡന്റ് തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.
ബ്രെക്സിറ്റ് അനുകൂല നിലപാടും മികച്ച നേതൃപാടവവുമാണ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതില്‍ വ്യവസായമന്ത്രി പെന്നി മോര്ഡിന്റിനുള്ള മേല്‍ക്കൈ. ഋഷി സുനാക്കിന്റെ പേരാണ് പരിഗണനാപ്പട്ടികയില്‍ രണ്ടാമതുള്ളതെന്നാണ് വിവരം. ഋഷി സുനാക്ക് പ്രധാനമന്ത്രിപദത്തിലേക്ക് എത്തുന്നപക്ഷം അതൊരു ചരിത്രനിമിഷം കൂടിയാകും എന്നത് തീര്‍ച്ചയാണ്. 2020 ഫെബ്രുവരി 13-നാണ് ബോറിസ് ജോണ്സണ് മന്ത്രിസഭയില്‍ ഋഷി അംഗമാകുന്നത്. ബോറിസ് ജോണ്സണ് വിവാദത്തില്പ്പെട്ടുലഞ്ഞതോടെ ജൂലൈ അഞ്ചിന് ഋഷി സ്ഥാനം രാജിവെച്ചിരുന്നു.

യശ്വീര്-ഉഷാ സുനാക്ക് ദമ്പതിമാരുടെ മൂന്നുമക്കളില്‍ മുതിര്‍ന്നവനായി 1980 മേയ് 12-ന് സതാംപ്റ്റണിലാണ് ഋഷിയുടെ ജനനം. ഓക്സ്ഫഡ്, സ്റ്റാന്‍ഫോഡ് എന്നീ സര്‍വകലാശാലകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഋഷി, 2001-04 കാലയളവില്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാഷസില്‍ അനലിസ്റ്റായി ജോലി ചെയ്തു. പിന്നീട് ഹെഡ്ജ് ഫണ്ട് സ്ഥാപനമായ ദ ചില്‍ഡ്രന്‍സ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റിലും ജോലി നോക്കി. 2015 മേയിലാണ് റിച്ച്മണ്ടില്‍നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായി ഋഷി സഭയിലെത്തുന്നത്. 2017 പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെയും സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയുടെയും മകള്‍ അക്ഷതയാണ് ഋഷിയുടെ ഭാര്യ.
Also Read
പെന്നിയേയും ഋഷിയെയും കൂടാതെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, മുന്‍ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്, പുതിയ ധനമന്ത്രിയും പാകിസ്താന് വംശജനുമായ നദീം സഹാവി, മുന്‍ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, ഉപപ്രധാനമന്ത്രിയും നിയമ സെക്രട്ടറിയുമായ ഡൊമിനിക് റാബ്, തുടങ്ങിയവരുടെ പേരും ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിക്കു വേണ്ടിയുള്ള പരിഗണനാപ്പട്ടികയിലുണ്ട്.
ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫര്‍ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതാണ് ഏറ്റവും ഒടുവിലത്തെ വിവാദങ്ങള്‍ക്ക് കാരണം. നേരത്തെ, 'പാര്‍ട്ടി ഗേറ്റ്' വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോണ്‍സനെതിരെ സ്വന്തം പാളയത്തില്‍ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടി ഗേറ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വന്‍വിമര്‍ശനമാണ് ഉയര്‍ത്തിവിട്ടത്. തുടര്‍ന്ന് പാര്‍ട്ടിനേതാവ് സ്ഥാനത്ത് ജോണ്സന് തുടരണമോ എന്നതില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..