എമ്മ ജപ്പാനിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് | Photo : AFP
എമ്മ തന്റെ പത്ത് വയസ്സുകാരന് പങ്കാളിക്കൊപ്പം ജപ്പാനിലെ ടോബു മൃഗശാലയില്‍ വാസം തുടങ്ങി. തയ്വാനില്‍നിന്നാണ് എമ്മ ജപ്പാനിലേക്കെത്തിയത്. ഏഷ്യയില്‍ ഗണ്യമായി കുറയുന്ന വെള്ള കണ്ടാമൃഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ അഞ്ച് വയസ്സുകാരിയെ ജപ്പാനിലെത്തിച്ചിരിക്കുന്നത്.
സമീപഭാവിയില്‍ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിലാണ് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ വെള്ള കണ്ടാമൃഗത്തെ(White Rhinoceros) ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോകത്ത് 18,000 എണ്ണം മാത്രമാണ് ഈ ജീവിവര്‍ഗത്തില്‍ അവശേഷിക്കുന്നതെന്ന് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ പറയുന്നു.
തയ്വാനിലെ ലിയോഫൂ സഫാരി പര്‍ക്കില്‍ നിന്ന് പതിനാറ് മണിക്കൂര്‍ നീണ്ട യാത്രക്കൊടുവിലാണ് ചൊവ്വാഴ്ച എമ്മ ടോബോയിലെത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചില നടപടിക്രമങ്ങള്‍ വൈകിയതിനാല്‍ എമ്മയുടെ യാത്രയും അല്പം വൈകിയതായി മൃഗശാലാ അധികൃതര്‍ പറഞ്ഞു. എമ്മക്കായി ഒരുക്കിയ മുറിയ്ക്ക് പുറത്ത് വെച്ച് കണ്ടെയ്നര്‍ തുറന്ന ഉടനെ സങ്കോചമില്ലാതെ എമ്മ ഇറങ്ങി വന്നതായി അവര്‍ പറഞ്ഞു.
മാര്‍ച്ചിലായിരുന്നു എമ്മയുടെ യാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ യാത്ര നീണ്ടു. വൈകിയത് നന്നായി എന്നാണ് എമ്മയുടെ പുതിയ അധികൃതര്‍ പറയുന്നത്. കാരണം തയ്വാനില് നിന്നു തന്നെ ചില ജപ്പാന് പദങ്ങള്‍ വശത്താക്കിയാണ് എമ്മ എത്തിച്ചേര്‍ന്നിരിക്കുന്നത്. ജപ്പാനിലേക്കുള്ള യാത്ര നിശ്ചയിച്ചതോടെ എമ്മയുടെ മേല്‍നോട്ടക്കാര്‍ വരൂ, വേണ്ട തുടങ്ങിയ പല വാക്കുകള്‍ എമ്മയ്ക്ക് പരിചിതമാക്കി.
എന്തായാലും തന്റെ കൂട്ടുകാരന് മോറനോടൊപ്പം സന്തുഷ്ടയായി കഴിയുകയാണ് എമ്മയിപ്പോള്‍. തോലിനും കൊമ്പിനും വേണ്ടിയുള്ള നായാട്ടിനിരയാവുന്നതും കാലാവസ്ഥാ വ്യതിയാനവും കണ്ടാമൃഗങ്ങളുടെ പ്രത്യേകിച്ച് വെള്ളനിറമുള്ളവയുടെ വംശനാശത്തിന് കാരണങ്ങളാണ്. ഇത് പ്രതിരോധിക്കാന്‍ പല പദ്ധതികളും ലോകത്തിലെ വിവിധ വന്യജീവി സംരക്ഷണ സംഘടനങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നുണ്ട്.
Content Highlights: White rhino Emma travels to Japan to find love and a mate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..