White House, Photo: AP
വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ പിന്തുടര്‍ന്നിരുന്നതെന്ന് വൈറ്റ് ഹൗസ്. പ്രസിഡന്റ് സന്ദര്‍ശനം നടത്തുന്ന രാജ്യങ്ങളിലെ ഭരണത്തലവന്മാരുടേയും ബന്ധപ്പെട്ട മറ്റു ചില ഉന്നതോദ്യോഗസ്ഥരുടേയും അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നത് പതിവാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രധാനമന്ത്രിയുടെ ഓഫീസ്, യുഎസിലെ ഇന്ത്യന്‍ എംബസി, ഇന്ത്യയിലെ യുഎസ് എംബസി, ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ കെന്‍ ജസ്റ്റര്‍ എന്നീ ട്വിറ്റര്‍ അക്കൗണ്ടുകളാണ് വൈറ്റ് ഹൗസ് ഫെബ്രുവരി മുതല്‍ ഫോളോ ചെയ്തിരുന്നത്. എന്നാല്‍ ഈ ആഴ്ച ആദ്യം ഈ അക്കൗണ്ടുകള്‍ പിന്തുടരുന്നത് വൈറ്റ് ഹൗസ് നിര്‍ത്തിയിരുന്നു.
പ്രസിഡന്റിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടാവുന്ന ട്വീറ്റുകള്‍ അറിയുന്നതിനും റീട്വീറ്റ് ചെയ്യുന്നതിനും വേണ്ടിയാണ് കുറച്ചു നാളത്തേക്ക് ആ രാജ്യങ്ങളിലെ പ്രധാന ഔദ്യോഗിക അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നതെന്നും അതിന് ശേഷം അണ്‍ഫോളോ ചെയ്യാറാണ് പതിവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. തികച്ചും സ്വാഭാവികമായ കാര്യമാണെന്നും മറ്റൊരു വ്യാഖ്യാനവും ഇതിലില്ലെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേതുമുള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നത് വൈറ്റ് ഹൗസ് നിര്‍ത്തലാക്കിയത് വിവിധ ഊഹോപോഹങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്രബന്ധത്തിലുള്ള ആശങ്ക വരെ രാഷ്ട്രീയതലത്തില്‍ ചര്‍ച്ചയായിരുന്നു.
Content Highlights: White House says it followed PM Modi President Kovind on Twitter in light of Presidential visit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..