വാഷിങ്ടണ്‍: ലോകത്തെ തന്നെ എണ്ണംപറഞ്ഞ മാധ്യമങ്ങളായ ബിബിസി, ന്യൂയോര്‍ക്ക് ടൈംസ്, സിഎന്‍എന്‍ തുടങ്ങിയ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ അപ്രഖ്യാപിത വിലക്ക്. ഇവരെ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ നിന്നാണ് ഒഴിവാക്കിയിരിക്കുന്നത്.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നാണ് പ്രമുഖ മാധ്യമങ്ങളെ ഒഴിവാക്കിയത്.

തിരഞ്ഞെടുപ്പില്‍ ട്രംപിനായി പ്രചാരണം നടത്തിയ സംഘത്തിന് റഷ്യന്‍ ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെതിരെ വൈറ്റ് ഹൗസ് രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. വ്യാജവാര്‍ത്ത നല്‍കുന്നവര്‍ രാജ്യത്തിന്റെ എതിരാളികളാണെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് പ്രമുഖ മാധ്യമങ്ങള്‍ക്ക് വിലക്ക് വന്നിരിക്കുന്നത്.

ഡെയ്‌ലി മെയില്‍, ബസ്ഫീഡ്, ലോസാഞ്ചല്‍സ് ടൈംസ്, ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ്, ദ ഹില്‍ തുടങ്ങിയ മാധ്യമങ്ങളും ഒഴിവാക്കിയവരില്‍ പെടും. വൈറ്റ് ഹൗസ് നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അസോസിയേറ്റഡ് പ്രസ്സും ടൈം മാഗസിനും ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചു.