വാഷ്ങ്ടണ്‍: ആഡംബരത്തിന്റേയും സുരക്ഷയുടേയും അവസാനവാക്കാണ് അമേരിക്കന്‍ പ്രസിഡന്റ് പദവി. ലോകത്തിലെ ഏറ്റവും ശക്തമായ അധികാര പദവി. നാല് ലക്ഷം ഡോളര്‍ (29,595,481 രൂപ) പ്രതിവര്‍ഷം ശമ്പളമായി പ്രസിഡന്റിന് ലഭിക്കും. ഇതിന് പുറമേ ചിലവുകള്‍ക്കായി 50,000 ഡോളര്‍ ( 3,699,435 രൂപ) വേറെയും നല്‍കും. നികുതി അടയ്‌ക്കേണ്ടാത്ത ഒരു ലക്ഷം ഡോളര്‍ (7,398,870 രൂപ)  യാത്രക്കായും പ്രസിഡന്റിന് ലഭിക്കും. എയര്‍ഫോഴ്‌സ് വണ്‍ എന്ന വിമാനത്തോടൊപ്പം ഒരു ഹെലികോപ്റ്ററും കാറും അമേരിക്കന്‍ തലവന് സ്വന്തം.

പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് 55,000 ചതുരശ്ര അടിയാണ്‌ വിസ്തൃതി. 132 മുറികളും 35 ശൗചാലയങ്ങളുമുള്ള കെട്ടിടത്തില്‍ ടെന്നീസ് കോര്‍ട്ടും സിനിമാ  തിയേറ്ററും വ്യായാമം ചെയ്യാനുള്ള ട്രാക്കും നീന്തല്‍ക്കുളവുമുണ്ട്. അഞ്ച് പാചകക്കാരും ഒരു സോഷ്യല്‍ സെക്രട്ടറിയും അടക്കം ജീവനക്കാരുടെ നീണ്ട നിരയും. 

ബ്ലെയര്‍ ഹൗസ് എന്ന പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരത്തിന് വൈറ്റ് ഹൗസിനേക്കാള്‍ വലിപ്പമുണ്ട്. 70,000 ചതുരശ്ര അടിയാണ്‌ ഇതിന്റെ വലിപ്പം. 119 മുറികളുള്ള കെട്ടിടത്തില്‍ 20 കിടപ്പുമുറികളുണ്ട്. 35 ശൗചാലയങ്ങളും നാല് ഡൈനിങ് റൂമുകളും ജിമ്മും ഹെയര്‍ സലൂണും ബ്ലെയര്‍ ഹൗസിലുണ്ട്. 

എയര്‍ഫോഴ്‌സ് വണ്‍ എന്ന പ്രസിഡന്റിന്റെ വിമാനം അടിയന്തിര ഘട്ടത്തില്‍ ആക്രമണത്തിനും സജ്ജമാണ്. ആകാശത്തുവെച്ചും ഇതില്‍ ഇന്ധനം നിറയാക്കാം. മറൈന്‍ വണ്‍ എന്ന പ്രസിഡന്റിന്റെ ഹെലികോപ്റ്ററിന് അഞ്ച് ഹെലിക്കോപ്റ്ററുകള്‍ അകമ്പടിയുണ്ടാകും. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന കാറായ ബീസ്റ്റിന് രാസായുദ്ധം ഉപയോഗിച്ചുള്ള ആക്രണമണങ്ങളെ വരെ ചെറുക്കാനാകും. ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള സൗകര്യം വരെ കാറിലുണ്ട്.

പുതിയ പ്രസിഡന്റായി ബൈഡന്‍ വരുന്നതോടെ ട്രംപിന് ഇനി രണ്ട് ലക്ഷം ഡോളര്‍ (14,797,740 രൂപ) വീതം പ്രതിവര്‍ഷം പെന്‍ഷന്‍ വാങ്ങാം. രണ്ട് ലക്ഷം ഡോളര്‍ വീതം ആനുകൂല്യങ്ങളായും ലഭിക്കുന്നതാണ്.

Content Highlights: White House, Air Force One, The Beast : Perks of being the US President