രാജ്ഞിയുടെ വിയോഗം; ദേശീയഗാനത്തിലും നോട്ടുകളിലും 35 രാജ്യങ്ങളിലെ നാണയങ്ങളിലും മാറ്റം


photo| youtube screengrab

ലണ്ടന്‍: എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്. ബ്രിട്ടന്‍ കണ്ണീരോടെ അവര്‍ക്ക് വിട നല്‍കാന്‍ ഒരുങ്ങുമ്പോള്‍ ബ്രിട്ടനെ കൂടാതെ 14 കോമണ്‍വല്‍ത്ത് രാജ്യങ്ങള്‍ക്കും അവരുടെ രാജ്ഞിയെ നഷ്ടമായി. പുതിയ രാജാവ് ചുമതലയേല്‍ക്കുന്നതോടെ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ ഇനി അവരുടെ ഭരണഘടന ഭേദഗതി ചെയ്ത് രാജാവിന്റെ കീഴിലേക്ക് മാറും. എന്നാല്‍ ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ പുതിയ രാജാവ് ചുമതലയേല്‍ക്കുന്നതോടെ സ്വാഭാവികമായി ആ രാജ്യങ്ങളുടെ രാജാവായി മാറും.

ബ്രിട്ടന്റെ കറന്‍സിയിലും സ്റ്റാമ്പുകളിലും പതാകയിലും 70 വര്‍ഷത്തിന് ശേഷം മാറ്റങ്ങള്‍ വരുകയാണ്. നിത്യേന ബ്രിട്ടീഷ് ജനത കൈകാര്യം ചെയ്തിരുന്ന പലതിലും ഇനി എലിസബത്ത് രാജ്ഞിയുടെ മുഖം ഉണ്ടാവില്ല. ബാങ്ക് നോട്ടുകള്‍, നാണയങ്ങള്‍ സ്റ്റാമ്പുകള്‍ ഇവയിലെല്ലാം മാറ്റം വരും. പുതിയ രാജാവായ ചാള്‍സ് മൂന്നാമന്റെ ചിത്രം സഹിതമാകും ഇവയെല്ലാം ഇനി പുറത്തിറക്കുക. ഒറ്റരാത്രികൊണ്ട് ബ്രിട്ടീഷ് കറന്‍സിയില്‍ മാറ്റം വരില്ലെങ്കിലും കാലക്രമേണ ചാള്‍സ് മൂന്നാമന്റെ ചിത്രത്തോടെ പുതിയ നോട്ടുകളും നാണയങ്ങളും ഇറങ്ങുന്നതോടെ പഴയത് പിന്‍വലിക്കും. നാണയങ്ങളും ഇനി രാജാവിന്റെ ചിത്രം ആലേഖനം ചെയ്താകും ഇറങ്ങുക.

എലിസബത്ത് രാജ്ഞിയുടെ ചിത്രത്തോടെയുള്ള ഏകദേശം 450 കോടി കറന്‍സി നോട്ടുകളാണ് പ്രചാരത്തിലുള്ളത്. ഇതിന്റെ മൂല്യം ഏകദേശം 8000 കോടി പൗണ്ട് വരും. ഏകദേശം രണ്ട് വര്‍ഷം കൊണ്ട് പഴയ നോട്ടുകള്‍ പൂര്‍ണമായും പിന്‍വലിക്കപ്പെടും. എലിസബത്ത് രാജ്ഞി അധികാരമേറ്റ 1952 കാലത്ത് അതുവരെ നോട്ടുകളില്‍ രാജാവിന്റെ ചിത്രം ഉണ്ടായിരുന്നില്ല. 1960-ലാണ് എലിസബത്ത് രാജ്ഞിയുടെ ചിത്രത്തോടെ നോട്ടുകള്‍ ഇറങ്ങിത്തുടങ്ങിയത്.

ദേശീയഗാനത്തിലും ഇനി ചെറിയ മാറ്റം വരും. ''God save our gracious Queen'' എന്നത് മാറി ''God save our gracious King'' എന്നാകും ഇനി ആലപിക്കുക. 1952 മുതല്‍ ആലപിച്ച് വരുന്ന ദേശീയ ഗാനത്തിലാണ് ഇതാദ്യമായി മാറ്റം വരുന്നത്. പള്ളികളിലെ ഞായറാഴ്ച പ്രാര്‍ഥനകളിലെ വരികളിലും ഇതേ പോലെ മാറ്റം വരും. ഞങ്ങളുടെ രാജ്ഞി എന്നതിന് പകരം പ്രാര്‍ഥനകളില്‍ ഞങ്ങളുടെ ജനറല്‍ സിനഡ് എന്നാകും ഇനി മാറ്റം വരുക. 600-ലധികം ബിസിനസ്സുകള്‍ക്കായി നല്‍കിവരുന്ന റോയല്‍ വാറന്റുകളിലും വൈകാതെ ചാള്‍സ് മൂന്നാമന്റെ പേരിലേക്ക് മാറ്റം വരുത്തും. തപാല്‍പെട്ടികളില്‍ മാറ്റമുണ്ടാകില്ലെങ്കിലും സ്റ്റാമ്പുകളിലൊക്കെ രാജ്ഞിക്ക് പകരം ഇനി പുതിയ രാജാവിന്റെ ചിത്രം ഇടംപിടിക്കും. രാജ്ഞിക്ക് വിധേയത്വവും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ബ്രിട്ടീഷ് എം.പിമാര്‍ അധികാരമേല്‍ക്കുന്നത്. പുതിയ രാജാവിന് കീഴില്‍ ഇനി അവര്‍ക്കെല്ലാം സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.

നാണയങ്ങളില്‍ ഇതുവരെ രാജ്ഞിയുടെ ചിത്രം ഇടത് അഭിമുഖമായി ആലേഖനം ചെയ്തിരുന്നത് ഇനി പ്രതിമയുടെ രൂപത്തില്‍ വലത് അഭിമുഖമായി മാറുകയും ചാള്‍സ് മൂന്നാമന്റെ ചിത്രം ഇടത് അഭിമുഖമായി വരുകയും ചെയ്യും. 17-ാം നൂറ്റാണ്ട് മുതല്‍ തുടര്‍ന്ന് പോരുന്ന രീതിയാണിത്. 1953 വരെ രാജ്ഞിയുടെ ചിത്രം നാണയങ്ങളില്‍ ഇല്ലായിരുന്നു. അവര്‍ അധികാരമേറ്റ് ഒരു വര്‍ഷമായപ്പോഴാണ് ആദ്യമായി രാജ്ഞിയുടെ നാണയങ്ങള്‍ ഇറങ്ങിത്തുടങ്ങിയത്.

പുതിയ നാണയങ്ങളും നോട്ടുകളും ഇനി രൂപകല്‍പന ചെയ്ത് ചാന്‍സലര്‍ അംഗീകരിക്കുന്ന മുറയ്ക്ക് രാജാവിന്റെ മുമ്പാകെ എത്തും. അദ്ദേഹവും അംഗീകരിക്കുന്നതോടെയാകും രൂപകല്‍പനയ്ക്ക് അന്തിമ അംഗീകാരമാകുക.

ബ്രിട്ടനില്‍ മാത്രമല്ല ഈ മാറ്റങ്ങള്‍ വരുക. ഓസ്‌ട്രേലിയയിലെ നാണയങ്ങളില്‍ ഭൂരിഭാഗം ഓസ്‌ട്രേലിയക്കാരും ഇതുവരെ കണ്ടിരുന്നത് രാജ്ഞിയുടെ ചിത്രമാണ്. യു.കെ., കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ ആകെ മൊത്തം 35 രാജ്യങ്ങളിലെ നാണയങ്ങളില്‍ രാജ്ഞിയുടെ മുഖം ആലേഖനം ചെയ്തിരുന്നു. ഓസ്‌ട്രേലിയയില്‍ നാണയങ്ങളില്‍ മാത്രമല്ല, അഞ്ച് രൂപ ഓസ്‌ട്രേലിയന്‍ ഡോളര്‍ നോട്ടിലും അവരുടെ ചിത്രമുണ്ടായിരുന്നു ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളിലെ അകത്തെ പുറവും ഇനി പരിഷ്‌കരിക്കും.

Content Highlights: Queen Elizabeth II, notes, coins change


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented