ഡൊണാൾഡ് ട്രംപ്, ജോ ബൈഡൻ | Photo: ANI
വാഷിങ്ടണ്‍: അമേരിക്കയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കനക്കുകയാണ്. നേരിയ മുന്‍തൂക്കത്തില്‍ പ്രസിഡന്റ് സ്ഥാനംം ആര് നേടുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ലോകം. നിലവില്‍ ജോ ബൈഡനാണ് മുന്‍തൂക്കമെങ്കിലും കാര്യങ്ങള്‍ കുഴഞ്ഞുമറിയാന്‍ അധികം നേരം വേണ്ടിവരില്ലെന്നതാണ് വാസ്തവം. കാരണം ഫെയ്ത്ത്‌ലെസ് ഇലക്ടേഴ്‌സ് എന്ന ഒരു വിഭാഗക്കാരാണ്. കൂറുമാറുന്ന ഇലക്ടറല്‍മാരാണ് ഇവര്‍.
ഇലക്ടറല്‍ കോളേജ്
അമേരിക്കയില്‍ വോട്ടര്‍മാര്‍ നേരിട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയല്ല ചെയ്യുന്നത്. ജനങ്ങള്‍ വോട്ട് ചെയ്യുന്നത് ഇലക്ട്രല്‍ കോളേജിനാണ്. ഇവരാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. 538 അംഗ ഇലക്ട്രല്‍ കോളേജ് ആണ് അന്തിമവിധി നിര്‍ണയിക്കുക. 270 എന്ന മാജിക്ക് നമ്പര്‍ കടക്കുന്നയാള്‍ക്ക് പ്രസിഡന്റ് സ്ഥാനം നേടാം.
ഓരോ സംസ്ഥാനത്തേയും ജനസംഖ്യയ്ക്കനുസരിച്ചാണ് ഇലക്ട്രല്‍ കോളേജ് അംഗങ്ങളെ നിശ്ചയിക്കുക. ഓരോ സംസ്ഥാനത്തും കൂടുതല്‍ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥിക്ക് ആ സംസ്ഥാനത്തെ മുഴുവന്‍ ഇലക്ട്രല്‍ വോട്ടുകളും ലഭിക്കും. ഇത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവും.
ഫെയിത്ത്‌ലെസ് ഇലക്ടര്‍
എന്നാല്‍ അതേസമയം 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇലക്ടറല്‍മാര്‍ക്ക് ഇലക്ടറല്‍ കോളേജില്‍ പോപ്പുലര്‍ വോട്ടിന് വിഭിന്നമായി സ്വന്തം നിലയ്ക്ക് വോട്ട് ചെയ്യാം. അതായത് ജനകീയ വോട്ടിന് വിഭിന്നമായി കൂറുമാറി വോട്ട് രേഖപ്പെടുത്താമെന്ന് ചുരുക്കം. ഇങ്ങനെ ചെയ്യുന്നതില്‍ പ്രതിനിധികള്‍ക്കെതിരെ നടപടി ഉണ്ടാവില്ല. പിഴ ഈടാക്കുന്നതാവും പൊതുവേയുള്ള ശിക്ഷ.
കൂറുമാറ്റത്തെ നിയന്ത്രിക്കുന്ന നിയമങ്ങളൊന്നും യുഎസ്സില്‍ പൊതുവായി നടപ്പിലാക്കിയിട്ടില്ല. എന്നിരുന്നാലും ചില സംസ്ഥാനങ്ങള്‍ ഇത് തടയുന്നുണ്ട്. സ്വന്തം മനോധര്‍മത്തിനനുസരിച്ചല്ല ഇലക്ടര്‍ വോട്ട് ചെയ്യേണ്ടതെന്നും അത് ജനകീയ വോട്ടുകളെ അടിസ്ഥാനമാക്കിയാവണമെന്നും സുപ്രീം കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്. 32 സംസ്ഥാനങ്ങള്‍ ഇതിനനുസരിച്ചുള്ള നിയമനിര്‍മാണവും നടപ്പിലാക്കി. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ കൂറുമാറുന്ന ഇലക്ടര്‍മാര്‍ക്ക് പിഴ ഈടാക്കുക മാത്രമാണ് ചെയ്യുന്നത്.
അതേസമയം ഈ ഫെയിത്ത്‌ലെസ് ഇലക്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുമുണ്ട്. യുഎസ്സിന്റെ ചരിത്രത്തിലെ 58 തിരഞ്ഞെടുപ്പുകളില്‍ ആകെ 90 ഫെയിത്ത്‌ലെസ് ഇലക്ടര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂവെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷണ വിഭാഗമായ ഫെയര്‍വോട്ട് സൂചിപ്പിക്കുന്നു. അതിനാല്‍ ഫെയിത്ത്‌ലെസ് ഇലക്ടര്‍മാര്‍ക്ക് അന്തിമഫലത്തെ സ്വാധീനിക്കാനാവില്ലെന്നും ഫെയര്‍വോട്ട് വിശദീകരിക്കുന്നു.
2016ല്‍ എന്ത് സംഭവിച്ചു?
2016ലെ തിരഞ്ഞെടുപ്പ് അല്‍പം അസാധാരണമായിരുന്നു. പത്ത് പേരാണ് ഫെയിത്ത്‌ലെസ് ഇലക്ടര്‍മാരായത്. എട്ട് പേര്‍ ഡെമോക്രോറ്റുകളും രണ്ട് പേര്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികളും. അതുകൊണ്ട് തന്നെ പോപ്പുലര്‍ വോട്ടുകള്‍ ജയിക്കാന്‍ സാധിച്ചെങ്കിലും ഹിലരി ക്ലിന്റണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. അന്തിമഫലം ട്രംപിന് അനുകൂലമായിത്തീര്‍ന്നു.
2020ല്‍ എന്ത് സംഭവിക്കും?
2020ലെ തിരഞ്ഞെടുപ്പില്‍ ഫെയിത്ത്‌ലെസ് ഇലക്ടര്‍മാര്‍ക്ക് സാധ്യതയില്ലെന്നാണ് പെന്‍സില്‍വേനിയ സര്‍വകലാശാലയില്‍ നിന്നുള്ള നിയമവിഭാഗം പ്രൊഫ.റൂസ്‌വെല്‍റ്റ് പറയുന്നത്. 2016ലെ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച പാര്‍ട്ടികള്‍ ഇത്തവണ വളരെ ശ്രദ്ധയോടെയാണ് പ്രതിനിധികളെ തിരഞ്ഞെടുത്തത്. വിശ്വസിക്കാന്‍ യോഗ്യരാണെന്ന് കരുതുന്നവരെയാണ് മത്സരിപ്പിച്ചത്. ഫെയിത്ത്‌ലെസ് ഇലക്ടര്‍മാരെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ നിരീക്ഷണവും മറ്റൊരു കാരണമാണ്. എന്നിരുന്നാലും അല്ലാത്തരീതിയില്‍ കൂറുമാറ്റം സംഭവിച്ചാല്‍ അതിന് അന്തിമ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1808ലാണ് ഫെയിത്ത്‌ലെസ് ഇലക്ടര്‍മാര്‍ എന്ന രീതി ആരംഭിച്ചത്. അന്ന് തിരഞ്ഞെടുപ്പില്‍ ജയിംസ് മാഡിസണ്‍ പക്ഷത്തുനിന്ന് 63 പേരാണ് കൂറുമാറിയത്.
Content Highlights:what faithless electors are and what they could mean for the outcome of the presidential election
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..