ടെഹ്‌റാന്‍: ഇറാന്റെ ആണവ പദ്ധതികളെ നിരീക്ഷിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ പല്ലികളേയും ഓന്തുകളേയും ഉപയോഗിച്ചിരുന്നതായി ആരോപണം.

പാശ്ചാത്യ രാജ്യങ്ങള്‍ വിനോദ സഞ്ചാരികളെയും ശാസ്ത്രജ്ഞരെയും പരിസ്ഥിതി പ്രവര്‍ത്തകരേയും ചാരന്മാരായി ഇറാനിലേക്ക് അയച്ചിരുന്നതായും മുതിര്‍ന്ന സൈനിക ഉപദേഷ്ടാവ് ഹസ്സന്‍ ഫിറൂസാബാദി പറഞ്ഞു.

കുറച്ചുനാള്‍ മുമ്പ് പാലസ്തീനിന് സഹായംതേടി കുറച്ച് ആളുകള്‍ ഇറാനില്‍ എത്തിയിരുന്നു. എന്നാല്‍, അവര്‍ ഏത് മാര്‍ഗമാണ് രാജ്യത്തെത്തിയതെന്നതില്‍ സംശയമുണ്ടെന്നും അദ്ദേഹം ഐഎല്‍എന്‍എ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

അന്ന് രാജ്യത്ത് എത്തിയവരുടെ കൈവശം വിവിധയിനം പല്ലികളെയും ഓന്തുകളെയും കണ്ടെത്തിയിരുന്നു. ഈ ജീവികളുടെ തൊലി ആണവ കിരണങ്ങളെ ആകര്‍ഷിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിനകത്തെ യൂറേനിയം ശേഖരം കണ്ടെത്താനും ആണവ കേന്ദ്രങ്ങള്‍ കണ്ടെത്താനും ഇത്തരം ജീവികളെ ഉപയോഗിക്കുന്നതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കനേഡിയന്‍ പരിസ്ഥിതി പ്രവര്‍ത്തകനെ ഇറാന്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.