ധാക്ക: രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി പങ്കെടുത്ത പ്രക്ഷോഭം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നെന്ന് ഓര്‍മ്മിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്പതാമത് സ്വാതന്ത്ര്യ ദിനത്തില്‍ ബംഗ്ലാദേശിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.  രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായി ധാക്കയില്‍ എത്തിയതായിരുന്നു മോദി.

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമര പോരാട്ടം എന്റെ ജീവിതത്തിലെയും നിര്‍ണായക സംഭവമായിരുന്നു. ഇന്ത്യയില്‍ ഞാനും സഹപ്രവര്‍ത്തകരും സത്യഗ്രമനുഷ്ടിച്ചു. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു അന്ന്‌ ഞാന്‍. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി സത്യഗ്രഹം നടത്തിയതിന്റെ ഭാഗമായി ജയിലില്‍ പോകാനും അവസരമുണ്ടായി- മോദി പറഞ്ഞു.

ബംഗ്ലാദേശ് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ധാക്കയിലെ നാഷണല്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അബ്ദുള്‍ ഹമീദിനും പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്കും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് മുജീബുള്‍ റഹ്മാനോടുള്ള ആദരസൂചകമായി 'മുജീബ് ജാക്കറ്റ്' ധരിച്ചാണ് പ്രധാനമന്ത്രി പരിപാടിയില്‍ പങ്കെടുത്തത്.

ജീവിത്തത്തിലെ അവിസ്മരണീയമായ ദിനമാണിതെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം തന്നതിന് ബംഗ്ലാദേശിനോട് നന്ദി പറയുന്നതായും പറഞ്ഞു. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികരേയും പ്രധാനമന്ത്രി അനുസ്മരിച്ചു. 

നേരത്തെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുള്‍ മൊമനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിന ബംഗ്ലാദേശ് സന്ദര്‍ശനം ആരംഭിച്ചത്. മോദിയുടെ സന്ദര്‍ശത്തിനെതിരെ ബംഗ്ലാദേശില്‍ ചില പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlights: Went To Jail While Protesting For Bangladesh's Freedom says PM In Dhaka