വാഷിങ്ടണ്‍:  അമേരിക്കന്‍ പ്രതിരോധ ഗവേഷണ ഏജന്‍സിയായ പെന്റഗണ്‍ പറക്കും തളികകളെക്കുറിച്ച് ഗവേഷണം നടത്തുന്നതായി വെളിപ്പെടുത്തല്‍. മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥനായ ലൂയിസ് എലിസോണ്ടോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്യഗ്രഹ ജീവികള്‍ ഭൂമിയിലേക്കെത്തുന്നതിന് തെളിവുകള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നതായും ഇദ്ദേഹം പറയുന്നു. 

പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലൂയിസിന്റെ വെളിപ്പെടുത്തല്‍. ഈ പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റക്കല്ല എന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ലൂയിസ് പറയുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇദ്ദേഹം പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് രാജിവെക്കുന്നത്. പെന്റഗണിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ തനിക്ക് പലതും പറയാന്‍ സാധിക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അന്യഗ്രഹത്തില്‍ നിന്നുള്ള വിമാനം ഭൂമി സന്ദര്‍ശിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നും ലൂയിസ് എലിസോണ്ടൊ പറയുന്നു. 

ഇതിനെ വിമാനമെന്നാണ് തങ്ങള്‍ പറയുന്നത്. എന്നാല്‍ യുഎസ്സിന്റെയോ മറ്റ്  വിദേശ രാജ്യങ്ങളുടേതോ അല്ല അവയെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇവ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാമെന്നും അദ്ദേഹം പറയുന്നു.  ഇത്തരത്തില്‍ നിരവധി വിമാനങ്ങളെ തങ്ങള്‍ കണ്ടുപിടിച്ചിരുന്നു. അസാധാരണമായ അത്തരം വാഹനങ്ങള്‍ നമുക്കറിയാവുന്ന ചലന നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ലൂയിസ് എലിസോണ്ടോ പറയുന്നു. 

അവ നമുക്കറിയാവുന്ന വിമാനങ്ങളെപ്പോലെയല്ല പ്രവര്‍ത്തിക്കുന്നത്. വിമാന യന്ത്രങ്ങള്‍ പ്രകടമല്ല. അവയുടെ പ്രവര്‍ത്തനം കൃത്യതയോടെയാണ്. നിശ്ചയിക്കപ്പെട്ട രീതിയിലല്ല അവ സഞ്ചരിക്കുന്നത്. അതിനാല്‍ അവയെ നിയന്ത്രിക്കുന്നത് മനുഷ്യനെപ്പോലെയുള്ള ജീവികളാകാമെന്നും ലൂയിസ് പറയുന്നു. പെന്റഗണില്‍ നിന്ന് രാജിവെച്ചതിന് ശേഷം ഇത്തരം പറക്കും തളികകളെക്കുറിച്ചുള്ള ഗവേഷണങ്ങളുമായി സ്റ്റാര്‍സ് അക്കാഡമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് എന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ ലൂയിസ് എലിസോണ്ടോ.