വാഷിങ്ടണ്‍: അയല്‍ക്കാരെ ഭീഷണിപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച യുഎസ് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ സമാധാനപരമായ പരിഹാരത്തിന് പിന്തുണ അറിയിക്കുകകയും ചെയ്തു.  യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വാര്‍ത്താസമ്മേളനത്തിനിടെയാണ് നിലപാട് വ്യക്തമാക്കിയത്. 

'അയല്‍ക്കാരെ നിരന്തമായി ഭീഷണിപ്പെടുത്തുന്ന ബീജിങ് മാതൃക തങ്ങളെ ആശങ്കപ്പെടുത്തുന്നു. ഇന്‍ഡോ-പസഫിക് സാഹചര്യങ്ങളില്‍ എല്ലാ ഘട്ടത്തിലെന്ന പോലെ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കും. പങ്കാളികള്‍ക്കൊപ്പം നില്‍ക്കും. പങ്കിട്ട അഭിവൃദ്ധി, സുരക്ഷ, മൂല്യങ്ങള്‍ എന്നിവ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ സഖ്യകക്ഷികള്‍ക്കൊപ്പം നില്‍ക്കും' യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വാക്താവ് നെഡ് പ്രൈസ് പറഞ്ഞു.

നിലവിലെ സാഹചര്യങ്ങളിൽ സമാധാനപരമായ പരിഹാര ശ്രമങ്ങളെ യുഎസ് പിന്തുണയ്ക്കുന്നുവെന്നും ഇന്ത്യ-ചൈന തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകളെ കുറിച്ച് അദ്ദേഹം പറഞ്ഞു. 

സ്ഥിഗതികള്‍ തങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ചൈന ചര്‍ച്ചകളെ സംബന്ധിച്ച് തങ്ങള്‍ക്ക് അറിയാം. നേരിട്ടുള്ള സംഭാഷണങ്ങള്‍ക്കും സാമാധാനപരമായ തര്‍ക്കപരിഹാര ചര്‍ച്ചകളേയും യുഎസ് പിന്തുണയ്ക്കുമെന്നും നെഡ് പ്രൈസ് കൂട്ടിച്ചേര്‍ത്തു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും തമ്മിലുള്ള ചര്‍ച്ചയെക്കുറിച്ചും പ്രൈസ് പരാമര്‍ശിച്ചു. യുഎസും ഇന്ത്യയും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം വിശാലവും ബഹുമുഖവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: We'll Stand With Friends-US On India Amid Ladakh Row With China