ന്യൂയോര്‍ക്ക്: പത്തു വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ വ്യാപനത്തില്‍ കുറവു വരുത്തിയില്ലെങ്കില്‍ ലോകത്ത് പ്രവചനാതീതമായ കാലാവസ്ഥാ ദുരന്തങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. യു എന്നിന്റെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഫോര്‍ ക്ലൈമേറ്റ് ചേഞ്ച് (ഐപിസിസി) റിപ്പോര്‍ട്ടിലാണ് ആശങ്കാജനകമായ മുന്നറിയിപ്പുള്ളത്. ശരാശരി അന്തരീക്ഷ താപനില 1.5 ഡിഗ്രീ സെല്‍ഷ്യല്‍സില്‍ കൂടുതലായാല്‍ ഇതിന് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതരം മാറ്റമാണ് ലോകത്തുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭൂമിയുടെ താപനില ശരാശരി ഒരു ഡിഗ്രി വര്‍ധിച്ചാല്‍, കൊടിയ നാശം വിതയ്ക്കുന്ന കൊടുങ്കാറ്റിനെയും വെള്ളപ്പൊക്കത്തിനെയും വരള്‍ച്ചയേയുമൊക്കെ കെട്ടഴിച്ചുവിടുന്നതിന് തുല്യമാണ് അതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്തരീക്ഷ താപനില ശരാശരി മൂന്നുഡിഗ്രിയോ നാലു ഡിഗ്രിയോ വര്‍ധിച്ചാല്‍ പിന്നീട് നിയന്ത്രിക്കാനാകില്ല. 

നിലവിലെ രീതിയില്‍ മുന്നോട്ടുപോയാല്‍ ശരാശരി ഊഷ്മാവ് 1.5 ഡിഗ്രി സെല്‍ഷ്യല്‍സ് എന്ന പരിധി 2030 ന് മുമ്പുതന്നെ മറികടക്കും. അതിനാല്‍  അടുത്ത കുറച്ചുവര്‍ഷങ്ങള്‍ മനുഷ്യചരിത്രത്തിലെ നിര്‍ണായക കാലഘട്ടമാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ആഗോളതാപനത്തിന്റെ ദുരന്തഫലങ്ങള്‍ നമ്മള്‍ പ്രതീക്ഷിച്ചതിലും നേരത്തെ നമ്മെ ആക്രമിക്കാന്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉള്‍പ്പെടെയുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളല്‍ ഗണ്യമായി കുറച്ചാല്‍ പോലും ശരാശരി അന്തരീക്ഷ ഉഷ്മാവ് 1.5 ഡിഗ്രിക്ക് മുകളിലെത്തുന്നത് തടയാന്‍ 50 ശതമാനം സാധ്യത മാത്രമേയുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്.