ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് | Photo: AP
ജനീവ: ലോകം അഭിമുഖീകരിക്കുന്ന അവസാന മഹാമാരിയായിരിക്കില്ല കോവിഡ് 19 എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ഇത്തരം മഹാമാരികള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ അത് നിയന്ത്രണവിധേയമാക്കാന്‍ പണം ചെലവഴിക്കുകയും എന്നാല്‍ അടുത്ത മഹാമാരിയെ നേരിടാന്‍ തയ്യാറെടുക്കാതിരിക്കുകയും ചെയ്യുന്ന ലോകത്തിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയെ ടെഡ്രോസ് അപലപിക്കുകയും ചെയ്തു. കോവിഡ് 19 മഹാമാരിയില്‍ നിന്ന് ഒരു പാഠം പഠിക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പരിഭ്രാന്തരാവുക, അവഗണിക്കുക വളരെക്കാലമായി ലോകം ഈ രീതിയിലാണ് മുന്നോട്ടുപോകുന്നത്. മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോള്‍ അത് നിയന്ത്രണവിധേയമാക്കുന്നതിനായി പണം ചെലവഴിക്കും, മഹാമാരിയെ അതിജീവിച്ചുകഴിയുമ്പോള്‍ അതിനെ മറക്കും. അടുത്തതിനെ പ്രതിരോധിക്കാനായി യാതൊരു തയ്യാറെടുപ്പുകളും സ്വീകരിക്കുകയുമില്ല. ഇത് വളരെയധികം അപകടം നിറഞ്ഞ ദീര്‍ഘ വീക്ഷണമില്ലായ്മയാണ്. മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുളളതും.
ദി ഗ്ലോബല്‍ പ്രിപ്പയേഡ്‌നെസ്സ് മോണിറ്ററിങ് ബോര്‍ഡിന്റെ 2019 സെപ്റ്റംബറിലെ ആദ്യ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാല്‍ അതിനെ അഭിമുഖീകരിക്കാന്‍ ലോകം സജ്ജമല്ലെന്ന് പരാമര്‍ശിച്ചിരുന്നു. കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നതിന് കുറച്ച് മുമ്പാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ചരിത്രം നമ്മോട് പറയുന്നത് ഇത് അവസാനത്തെ മഹാമാരി അല്ലെന്നാണ്.
മൃഗങ്ങളുടെയും മനുഷ്യരുടെയും ആരോഗ്യം എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മഹാമാരി ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. ഇവ അഭിസംബോധന ചെയ്യാതെ, കാലാസ്ഥാവ്യതിയാനത്തെ പരിഹരിക്കാതെ മനുഷ്യരുടെ ആരോഗ്യം മെച്ചപ്പെടുത്താനുളള ശ്രമങ്ങള്‍ ഫലവത്താവില്ല.
കഴിഞ്ഞ 12 മാസങ്ങള്‍ക്കുള്ളില്‍ നമ്മുടെ ലോകം കീഴ്‌മേല്‍ മറിഞ്ഞു. അസുഖത്തേക്കാള്‍ അതുണ്ടാക്കിയ പ്രതിഫലനങ്ങള്‍ സമൂഹത്തിലും സമ്പദ്ഘടനയിലും ദൂരവ്യാപകമായ ഫലങ്ങളാണ് ഉണ്ടാക്കിയത്. മഹാമാരിയില്‍ നിന്ന് പാഠം പഠിക്കാന്‍ നാം തയ്യാറാകണം. ഇത്തരത്തിലുണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥകളെ നേരിടാന്‍ ലോകം മുഴുവന്‍ തയ്യാറെടുക്കണം. നമ്മുടെ കുട്ടികള്‍ക്കും അവരുടെ കുട്ടികള്‍ക്കും സുരക്ഷിതവും സുസ്ഥിരവുമായ ഒരു ലോകം വാഗ്ദാനം ചെയ്യാന്‍ സാധിക്കണം.'- ടെഡ്രോസ് പറഞ്ഞു.
Content Highlights: we do nothing to prevent next pandemic says WHO Chief


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..