AP
വാഷിങ്ടൺ: കൊറോണ വൈറസ് വ്യാപനം മൂലമുള്ള ചൈനയിലെ മരണനിരക്കിൽ വീണ്ടും സംശയം പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്. ചൈനയിലെ മരണ നിരക്ക് അമേരിക്കയിലേതിനേക്കാള്‍ ഏറെ കൂടുതലായിരിക്കും എന്നാണ് ട്രംപിന്റെ അവകാശ വാദം. വുഹാനില്‍ മരണ നിരക്ക് ഒറ്റ ദിവസം കൊണ്ട് 50% കണ്ട് വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ പ്രതികരണം. 1300 മരണങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തതോടെ ചൈനയിലെ മരണനിരക്ക് 4600 കടന്നിരുന്നു.
"ഞങ്ങളല്ല മരണങ്ങളുടെ കണക്കില്‍ നമ്പര്‍ വണ്‍. ചൈനയാണ് നമ്പര്‍ വണ്‍.അത് നിങ്ങള്‍ മനസ്സിലാക്കൂ". ശനിയാഴ്ച നടന്ന വൈറ്റ് ഹൗസ് വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. മരണത്തിന്റെ കാര്യത്തില്‍ അവര്‍ ഞങ്ങളേക്കാള്‍ എത്രയോ മുന്നിലാണെന്നും അവരുടെ കണക്കുകള്‍ യാഥാര്‍ഥ്യബോധമില്ലാത്തതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വലിയ വികസിത ആരോഗ്യ പരിപാലന സംവിധാനങ്ങളുണ്ടായിട്ടും യുകെ, ഫ്രാന്‍സ്, ബല്‍ജിയം, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ മരണ നിരക്ക് വളരെ കൂടുതലാണ്.
"നിങ്ങള്‍ക്കറിയാം, അവര്‍ക്കറിയാം പക്ഷെ എന്നിട്ടും നിങ്ങളത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. എന്തുകൊണ്ട്. അത് നിങ്ങള്‍ വിശദീകരിക്കണം. ഒരിക്കല്‍ അത് ഞാന്‍ വിശദീകരിക്കും", ചൈനയുടെ മരണകണക്കുകളില്‍ വീണ്ടും വീണ്ടും സംശയം പ്രകടിപ്പിച്ചു കൊണ്ട് ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമായിക്കഴിഞ്ഞാല്‍ ഒട്ടേറെ രാജ്യങ്ങള്‍ ചൈന ചെയ്തതു പോലെ തങ്ങളുടെ കോവിഡ് മരണ കണക്കുകളില്‍ തിരുത്തല്‍ വരുത്തേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
'നിങ്ങളുടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും മരണപ്പെട്ടവരുടെ എണ്ണവും തിട്ടപ്പെടുത്തുക എന്നത് പകര്‍ച്ചവ്യാധികാലഘട്ടത്തില്‍ വലിയൊരു വെല്ലുവിളി തന്നെയാണ്. എല്ലാ രാജ്യങ്ങളും സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുമെന്നാണ് ഞാന്‍ കരുതുന്നത്. തങ്ങള്‍ എല്ലാവരുടെയും കണക്കുകള്‍ ഉള്‍പ്പെടുത്തിയോ എന്നും തങ്ങളുടെ കണക്കുകള്‍ കൃത്യമായിരുന്നോ എന്നും അവര്‍ പുനപരിശോധിക്കും', എന്നാണ് ലോകാരോഗ്യ സംഘടന കോവിഡ് ടെക്നിക്കല്‍ മേധാവിയായ മരിയ വാന്‍ കെര്‍ക്കോവ് ചൈനക്കെതിരായ ആരോപണങ്ങളെ നിഷേധിച്ചു കൊണ്ട കഴിഞ്ഞ ദിവസം പറഞ്ഞത്.
content highlights: We are not number 1 its China, Trump on Covid death toll
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..