സെലൻസ്‌കി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു | photo: zelenskiy.official/screeng grab
കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവ് ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങില്ലെന്നും കീവും നഗരത്തിന് ചുറ്റുമുള്ള പ്രധാന ഇടങ്ങളുമെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യ കീവ് പിടിച്ചെടുത്തുവെന്ന് ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി.
ശത്രുവിന്റെ ആക്രമണത്തെ യുക്രൈന്‍ വിജയകരമായി പ്രതിരോധിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലും യുദ്ധം തുടരുകയാണെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യയുടെ അക്രമണ പദ്ധതി യുക്രൈന്‍ സേന താളംതെറ്റിച്ചെന്ന് അവകാശപ്പെട്ട സെലന്‍സ്‌കി യുദ്ധം അവസാനിപ്പിക്കാന്‍ പുടിനെ റഷ്യന്‍ ജനത സമ്മര്‍ദ്ദത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.
റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് ആയുധം നല്‍കുമെന്നും സെലന്‍സ്‌കി പറഞ്ഞു. താന്‍ എവിടെയും പോയിട്ടില്ലെന്നും ഒളിച്ചോടുകയില്ലെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് തലസ്ഥാന നഗരം കൈവിട്ടിട്ടില്ലെന്ന് വ്യക്തമാക്കി സൈന്യത്തിനും ജനങ്ങള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം നല്‍കി സെലന്‍സ്‌കി രാജ്യത്തെ അഭിസംബോധന ചെയ്തത്.
രാജ്യത്തെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് റഷ്യയെ പ്രതിരോധിക്കാനുള്ള യുദ്ധ സഹായമായി കൂടുതല്‍ ആയുധങ്ങള്‍ ലഭിക്കുന്നുണ്ടെന്നും സെലന്‍സ്‌കി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കേണ്ടതുണ്ടെന്നും സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കണമെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
അതേസമയം യുദ്ധത്തില്‍ മൂന്ന് കുട്ടികള്‍ അടക്കം 198 പൗരന്‍മാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയുള്ള ആക്രമണത്തില്‍ 1000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി.
Content Highlights: We are controlling Kyiv and key points around the city: Ukraine President
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..