കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആശങ്കകളേറുകയാണ്. വിമാനത്താവളത്തിനകത്തും പുറത്തുമുള്ള സ്ഥിതിഗതികള്‍ ദിനം പ്രതി മോശമാവുന്നു. വിമാനത്താവളത്തിന് പുറത്ത് അടുത്തിടെ ഇരട്ടസ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടും ദിവസവും ആയിരക്കണക്കിന് അഭയാര്‍ഥികള്‍ രക്ഷപ്പെടാനാവുമെന്ന പ്രതീക്ഷയോടെ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. വിമാനത്താവളത്തിനകത്തേക്ക് കയറാനായി പുറത്തെ ചെളിയിലും വെള്ളത്തിലും കാത്തുനില്‍ക്കുന്ന അഭയാര്‍ഥികളുടെ ദൃശ്യങ്ങളും അഫ്ഗാനില്‍ നിന്ന് പുറത്തുവരുന്നുണ്ട്. 

അഭയാര്‍ഥി പലായനങ്ങളുടെ ആശങ്കയ്ക്കിടയിലും കാബൂള്‍ വിമാനത്താവളത്തിന് പരിസരത്ത് വില്‍പ്പനയ്‌ക്കെത്തിച്ച അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ ദിവസവും വിമാനത്താവളത്തിലേക്കെത്തുന്ന അഫ്ഗാനികളുടെ എണ്ണം കൂടുന്തോറും വെള്ളത്തിന്റേയും ഭക്ഷണത്തിന്റെയും വില കുത്തനെ ഉയരുന്നു. ഒരു കുപ്പി കുടിവെള്ളത്തിന് കച്ചവടക്കാര്‍ 40 ഡോളര്‍(ഏകദേശം 3000 രൂപ), ഒരു പ്ലേറ്റ് ചോറിന് 100 ഡോളര്‍(7400 രൂപ) വരേയുമാണ് കച്ചവടക്കാര്‍ ഈടാക്കുന്നതെന്ന് പരാതിപ്പെടുന്ന അഫ്ഗാനിയുടെ വീഡിയോ റോയിട്ടേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. അഫ്ഗാന്‍ കറന്‍സിക്ക് പകരം ഡോളര്‍ തന്നെയാണ് കച്ചവടക്കാര്‍ ആവശ്യപ്പെടുന്നതെന്നും ഫസല്‍ റഹ്‌മാന്‍ എന്ന അഫ്ഗാനി പറയുന്നു.ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നാണ് ഫസല്‍ റഹ്‌മാന്‍ പറയുന്നത്. 

ഇരട്ട്‌സഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ രാജ്യങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. കുടിയൊഴിപ്പിക്കല്‍ നടപടികള്‍ അവസാനിപ്പിക്കുമെന്ന് യുകെയും സ്‌പെയിനും ഇതിനകം പറഞ്ഞിട്ടുണ്ടെങ്കിലും അഫ്ഗാനിസ്താനിൽ നിന്ന് ഇനിയും നൂറുകണക്കിന് അമേരിക്കക്കാരെ ഒഴിപ്പിക്കാനുണ്ട്.താലിബാന്‍ ഭരണകൂടത്തില്‍ നിന്ന് പലായനം ചെയ്യാന്‍ ആയിരക്കണക്കിന് അഫ്ഗാനികള്‍ ഇപ്പോഴും കാബൂള്‍ വിമാനത്താവളത്തിന്റെ കവാടത്തില്‍ കാത്തുനില്‍ക്കുയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.