ഷിൻസോ ആബെ വെടിയേറ്റ് വീണ സ്ഥലം പോലീസ് ഉദ്യോഗസ്ഥർ ശുചീകരിക്കുന്നു | Photo : AP
ടോക്യോ: ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയോടുള്ള 'അസംതൃപ്തി'യാണ് അദ്ദേഹത്തെ കൊലപ്പെടുത്താന്‍ പ്രേരണയായതെന്ന് പോലീസ് കസ്റ്റഡിയിലെടുത്ത അക്രമി മൊഴി നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ പൊതുപരിപാടിയ്ക്കിടെ വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് ആബെയ്ക്ക് നേരെ വെടിവെപ്പുണ്ടായത്. രണ്ടുതവണ വെടിയേറ്റ ആബെ ചികിത്സയ്ക്കിടെ അന്തരിച്ചു.
ജപ്പാനീസ് മാരിടൈം സെല്‍ഫ്-ഡിഫന്‍സ് ഫോഴ്സിലെ മുന്‍ അംഗമായ ടെറ്റ്സുയ യാമഗാമി എന്ന 41-കാരനാണ് ആബെയ്ക്ക് നേരെ ആക്രമണം നടത്തിയത്. സ്വന്തമായി നിര്‍മിച്ച തോക്കുപയോഗിച്ചായിരുന്നു ആക്രമണം. നരാ പട്ടണത്തിലെ റെയില്‍വേ സ്റ്റേഷന് പുറത്ത് പ്രചാരണപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ആബെയ്ക്ക് നേരെ ആക്രമണമുണ്ടായത്.
ജപ്പാന് പ്രധാനമന്ത്രി ഫ്യുമിയ കിഷിഡ ആക്രമണത്തെ ശക്തമായി അപലപിച്ചു. രാഷ്ട്രീയബന്ധിയായ ആക്രമണങ്ങള്‍ പൊതുവേ കുറവുള്ളതിനാലും തോക്കുകളുടെ ഉപയോഗത്തില്‍ കടുത്ത നിയന്ത്രണം ഉള്ളതിനാലും കൊലപാതകം ലോകമെമ്പാടും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം മുഴുവന്‍ സമയവും സുരക്ഷാഉദ്യോഗസ്ഥര്‍ ഉണ്ടാകുമെങ്കിലും ജനമധ്യത്തിലേക്കിറങ്ങി ചെന്ന് ജനങ്ങളുമായി സ്വതന്ത്രമായി ഇടപഴകുന്ന പതിവാണ് ജപ്പാനിലെ നേതാക്കള്‍ക്കുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..