ഇസ്ലാമാബാദ്: യുദ്ധമല്ല സമവായ ചര്‍ച്ചകളാണ് കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ആവശ്യമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇരുരാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലെങ്കില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ കശ്മീര്‍ വിഷയം പരിഹരിക്കാന്‍ സഹായകമായ രണ്ടോ മൂന്നോ മാര്‍ഗങ്ങള്‍ മുന്നോട്ടു വെയ്ക്കാനാകും. 2004 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടില്ലായിരുന്നുവെങ്കില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നുവെന്ന് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും മുന്‍ വിദേശകാര്യമന്ത്രി നട്വര്‍സിങും ഒരു സമ്മേളനത്തിനിടയില്‍ തന്നോടു പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി.
അതു കൊണ്ടു തന്നെ ചര്‍ച്ച നടന്നാല്‍ ഇക്കാര്യം പരിഹരിക്കപ്പെടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ആണവായുധം കൈവശമുള്ള രണ്ടു രാജ്യങ്ങള്‍ തമ്മിലൊരു യുദ്ധത്തിന് ഒരിക്കലും സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയല്‍രാജ്യങ്ങളുമായി സൗഹൃദപരവും സമാധാനപരവുമായ ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ തിരഞ്ഞെടുപ്പിന്റെ തിരക്കു കാരണം സൗഹൃദനീക്കത്തിനുള്ള സാഹചര്യം ഉണ്ടായില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരും സൈന്യവും ഒരേ തൂവല്‍പക്ഷികളാണെന്നും സര്‍ക്കാര്‍ തീരുമാനങ്ങളെ സൈന്യം എല്ലാതരത്തിലും പിന്താങ്ങുന്നുവെന്നും വിദേശകാര്യനയരൂപീകരണത്തില്‍ സൈന്യത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുക്കാനാണ് തീരുമാനമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യസുരക്ഷയുടെ കാര്യമായതിനാല്‍ സൈന്യത്തേയും ഇടപെടുത്തുന്നത് നന്നായിരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
Content Highlights: War not solution to Kashmir issue says Imran Khan