ഇസ്ലാമാബാദ്: ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു, എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചകളെ കുറിച്ച് ഇന്ത്യന്‍ സര്‍ക്കാർ പ്രതികരിക്കുന്നില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്നോട്ട് പോവുന്നതില്‍ തടസ്സം നില്‍ക്കുന്നത് ഇന്ത്യ തന്നെയാണെന്നും ഖവാജ ആസിഫ് വിമര്‍ശമുന്നയിച്ചു. പാകിസ്താന്റെ പുതിയ വിദേശകാര്യമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെ സിയാല്‍ക്കോട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.
ഇന്ത്യയുമായും അഫ്ഗാനിസ്ഥാനുമായും ആരോഗ്യകരമായ സൗഹൃദമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളും സഹൃദ ചര്‍ച്ചകള്‍ക്ക് തയ്യാറാവുന്നില്ല, സമാധാന ചര്‍ച്ചകള്‍ക്കായുള്ള പാകിസ്താന്റെ ക്ഷണത്തോട് അനുകൂലമായല്ല ഇരു രാജ്യങ്ങളും പ്രതികരിക്കുന്നതെന്നും ഖവാജ ആസിഫ് പറഞ്ഞു.
തീവ്രവാദത്തിനെതിരെ കാലങ്ങളായി പാകിസ്താന്‍ നിരന്തരം പോരാടുന്നുണ്ട്. രാജ്യത്ത് നിന്നും തീവ്രവാദം ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ ലോകരാഷ്ട്രങ്ങള്‍ പോലും അഭിനന്ദിക്കുന്നു.തീവ്രവാദം തുടച്ചു നീക്കുന്നതിന്റെ ഭാഗമായി പാകിസ്താന്റെ നിരവധി പട്ടാളക്കാര്‍ക്ക് ജീവന്‍ ത്യജിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിനെ പിന്തുണയ്ക്കുന്ന പ്രവണത തിരുത്താന്‍ പാകിസ്താന്‍ തയ്യാറാവണമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് കഴിഞ്ഞ ദിവസം പ്രതികരിച്ചതിനു തൊട്ടുപിന്നാലെയാണ് പാകിസ്താന്റെ തീവ്രവാദ വിരുദ്ധ നിലപാടുകളെ ലോകരാഷ്ട്രങ്ങള്‍ പോലും അഭിനന്ദിക്കുന്നതായി വിദേശകാര്യമന്ത്രി സൂചിപ്പിച്ചതെന്നതും ശ്രദ്ധേയം.
മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്ന ഖവാജ ആസിഫ് ഇന്ത്യയും പാകിസ്താനും തമ്മില്‍ എക്കാലവും സമാധാനവും സൗഹൃദവും പുലര്‍ത്തുന്നതാവും കശ്മീര്‍ പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരമെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.