വാങ് ഹൂണിങ്, ഷി ജിൻ പിങ്
ചൈനയിലെ മാറ്റങ്ങൾ ഷി ജിൻ പിങ്ങാണ് കൊണ്ടുവരുന്നതെന്നാണ് ലോകം വിശ്വസിച്ചിരുന്നത്. ദശകങ്ങളായി കമ്യൂണിസ്റ്റ്‌പാർട്ടിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചിരുന്ന വാങ് ഹൂണിങ് എന്ന അറിയപ്പെടാത്ത വ്യക്തിയാണത്രെ ഇതിന്റെയെല്ലാം പിന്നിൽ. ഷിയുടെ ഏറ്റവും വിശ്വസ്തനായ ഉപദേശകൻ. വെളിച്ചത്തുവരാത്ത നിഴൽ
നാൽപ്പതുവർഷത്തിനുശേഷം ചൈന കമ്യൂണിസത്തിലേക്ക് തിരിച്ചുപോകുന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. രാജ്യഭിവൃദ്ധിക്കായി സ്വകാര്യമേഖലയ്ക്ക് അനിയന്ത്രിതമായ വളർച്ച അനുവദിച്ചിരുന്ന ചൈന വ്യവസായങ്ങളെ പൊതുമേഖലയിലേക്കുമാറ്റി ‘എല്ലാവർക്കും സമൃദ്ധി’ എന്ന മുദ്രാവാക്യം മുഴക്കുകയാണ്. മധ്യവർഗത്തിന്റെയും പാർശ്വവത്‌കൃതരുടെയും താത്‌പര്യങ്ങൾ സംരക്ഷിക്കുന്ന സമ്പദ്‌വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കയാണ് ചൈന. ഷി ജിൻ പിങ് എന്ന അനിഷേധ്യനേതാവിന് ഇനിയും തുടരണമെങ്കിൽ ജനസമ്മതംവേണം എന്നതും തകർന്നുകൊണ്ടിരിക്കുന്ന സാമ്പത്തികസ്ഥിതിയെയും പരിസ്ഥിതിയെയും രക്ഷിക്കാൻ മറ്റൊരു മാർഗവുമില്ല എന്നതുമായിരിക്കണം മാറ്റത്തിനുള്ള കാരണം.
വിദ്യാഭ്യാസരംഗത്ത് സ്വകാര്യസംരംഭങ്ങൾ സർക്കാരിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളെ നശിപ്പിക്കുന്നുവെന്നും രക്ഷാകർത്താക്കൾ ട്യൂഷനുവേണ്ടി ധാരാളം പണംമുടക്കേണ്ടിവരുന്നു എന്നുമുള്ള പരാതിയിലാണ് ഷി ആദ്യമായി പ്രതികരിച്ചത്. സാധാരണക്കാരെ ഏറ്റവും വിഷമിപ്പിച്ച ഒരു പ്രശ്നമായിത് വളർന്നപ്പോൾ, വിദ്യാഭ്യാസം പൊതുമേഖലയിൽമതിയെന്നും സ്വകാര്യകമ്പനികൾ വിദ്യാഭ്യാസരംഗത്ത് ലാഭമുണ്ടാക്കാൻ പാടില്ല എന്നും പ്രഖ്യാപിച്ചതോടെ കോടിക്കണക്കിനുള്ള വിദേശനിക്ഷേപമാണ് ചൈന വിട്ടുപോയത്. സാധാരണക്കാരെ മുതലെടുക്കുന്ന സമ്പ്രദായം നിർത്താൻ ഇതാവശ്യമാണെന്നായിരുന്നു ഷിയുടെ നിഗമനം.
ഭവനനിർമിതിയിലെ കൊള്ളയടിയാണ് അടുത്തതായി അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിച്ചത്. ലോകത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനികളെ പാപ്പരാക്കുന്ന നയം സ്വീകരിച്ച്, അമേരിക്കയിൽ 2007-ൽ ഉണ്ടായതുപോലെയുള്ള സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. വിദേശകമ്പനികൾ വിട്ടുപോകുമ്പോൾ അവർ നിർമിച്ച അംബരചുംബികൾ സാധാരണക്കാരന് നൽകുക എന്നതാണ് പുതിയ നയം. നിക്ഷേപകരുടെ താത്‌പര്യത്തെക്കാൾ പ്രധാനം സമൂഹത്തിന്റെ ഭദ്രതയും രാഷ്ട്രസുരക്ഷയുമാണെന്ന് പ്രഖ്യാപിച്ചിരിക്കയാണ് ചൈന. സമ്മർദത്തിലായിരിക്കുന്ന മധ്യവർഗത്തിന്റെ ക്ഷേമമായിരിക്കും ചൈനയുടെ ലക്ഷ്യം.
മൂന്നുമലകൾ കീഴടക്കാൻ
ചൈനയിലെ പഴയ ബിസിനസ് നയങ്ങൾ മാറിയിരിക്കുന്നു. മുമ്പ് ബാങ്കിങ്ങും എണ്ണയും മാത്രമായിരുന്നു സർക്കാർ പൂർണമായും നിയന്ത്രിച്ചിരിക്കുന്നത്. മറ്റുമേഖലകളിലെല്ലാം ആർക്കുവേണമെങ്കിലും സംരംഭത്തിന് വിദേശനിക്ഷേപം സ്വീകരിക്കുകയും ചെയ്യാം. ‘എല്ലാവർക്കും സമൃദ്ധി’ എന്ന മുദ്രാവാക്യമുയർത്തിയപ്പോൾ ചൈന പറഞ്ഞത്, ആക്രമണത്തിന് മൂന്നുമലകൾ കീഴടക്കേണ്ടതുണ്ടെന്നാണ്. സാധാരണക്കാരുടെ കഷ്ടപ്പാട് ഇല്ലാതാക്കുക, വിദ്യാഭ്യാസത്തിനുള്ള ചെലവുകുറയ്ക്കുക, ആരോഗ്യവും ഭവനവും ഉറപ്പാക്കുക എന്നതാണ് ചൈനയുടെ മുമ്പിലുള്ള മൂന്നുമലകൾ.
വമ്പിച്ച സാങ്കേതികകമ്പനികളെ നിയന്ത്രിക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായി. ആലിബാബയുടെ ഉടമ അപ്രത്യക്ഷനാകുകയും അദ്ദേഹത്തിന്റെ സാമ്രാജ്യം ഇല്ലാതാക്കുകയും ചെയ്തു-ചൈനയുടെ പുതിയനയം. ആ കമ്പനികൾവഴി ഡേറ്റ പുറത്തുപോകുന്നു എന്നും വിദേശികൾ, വിശേഷിച്ചും അമേരിക്കക്കാർ അവയിൽനിന്ന് ധനികരാകുന്നു എന്നുമായിരുന്നു അവർക്കെതിരേയുള്ള ആരോപണം. ഡേറ്റയുടെ നിയന്ത്രണവും അമിതലാഭം ഇല്ലാതാക്കുന്ന പുതിയ നയവുമാണ് ഇപ്പോൾ. ഇന്ത്യയിലെ ആത്മനിർഭരതയെപ്പോലെ സ്വാശ്രയശീലം വളർത്തിക്കൊണ്ടുവരാനാണ് ചൈന ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ ക്ഷേമം, വിദ്യാഭ്യാസകടത്തിൽനിന്നുള്ള രക്ഷ, ദുരിതമനുഭവിക്കുന്ന ചെറിയ കമ്പനികളുടെ രക്ഷ മുതലായവയ്ക്കാണ് മുൻഗണന.
മുതലാളിത്തത്തിന്റെ അതിരില്ലാത്ത വളർച്ചയാണ് ചൈനയുടെ പ്രശ്നങ്ങൾക്ക് കാരണമെന്നും അതിനാൽ വിദേശനിക്ഷേപം കുറഞ്ഞാലും കോടീശ്വരന്മാരെ ഇല്ലാതാക്കുമെന്നാണ് സൂചനകൾ. സൈബർസുരക്ഷയ്ക്ക് മുൻഗണന നൽകാനും പൊതുമേഖലയ്ക്ക് സാധിക്കുമെന്നാണ് നിഗമനം. പുതിയ നയത്തിന്റെ ഫലമായി റോഡിലുള്ള ഭക്ഷണക്കച്ചവടവും മൊബൈൽഫോൺ ഉപയോഗവും പരിസ്ഥിതി മലിനമാക്കലും കുറയുമെന്നാണ് ചൈനീസ് അധികൃതർ കണക്കുകൂട്ടുന്നത്. സംസ്കാരികരംഗത്ത് ഒരു വിപ്ളവം തന്നെയുണ്ടായി ചൈനയിൽ. ഈ ഓഗസ്റ്റിൽ ചൈനയിലെ ഏറ്റവും പ്രശസ്തയായ നടി ഷാവോവെയ് പെട്ടെന്ന് അപ്രത്യക്ഷയായി. 85 മില്യൻ ആരാധകരുള്ള ഇന്റർനെറ്റിൽനിന്ന് അവരെ ഒറ്റ രാത്രികൊണ്ട് തൂത്തുമാറ്റി. മറ്റുകലാകാരന്മാരും കലാകാരികളും അപ്രത്യക്ഷരായി. ‘അസഭ്യരായ ഇന്റർനെറ്റ് പ്രസിദ്ധർ’ എന്നാണ് അവരെ വിളിക്കുന്നത്. സ്ത്രീകളെപ്പോലെ വേഷമിട്ട് നൃത്തം ചെയ്യുന്ന ഭിന്നലിംഗക്കാരെ പുതുമാംസം എന്നുപേരിട്ട് പുറത്താക്കി. ചെറുപ്പക്കാരുടെ ആരാധനാപാത്രങ്ങളായിരുന്ന നടന്മാരെ ‘സിസ്സി’ എന്നു വിളിക്കാൻ തുടങ്ങി. ‘തീവ്രമായ മാറ്റ’മാണ് ഇക്കാര്യങ്ങളിൽ സ്വീകരിക്കുന്ന നയം.
ഹൂണിങ് എന്ന പിന്നണിക്കാരൻ
ഈ മാറ്റങ്ങളെല്ലാം ഷി ജിൻ പിങ്ങാണ് കൊണ്ടുവരുന്നതെന്നാണ് ലോകം വിശ്വസിച്ചിരുന്നത്. ദശകങ്ങളായി കമ്യൂണിസ്റ്റ്‌പാർട്ടിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചിരുന്ന വാങ് ഹൂണിങ് എന്ന അറിയപ്പെടാത്ത വ്യക്തിയാണത്രേ ഇതിന്റെയെല്ലാം പിന്നിൽ. അദ്ദേഹം ഷിയുടെ ഏറ്റവും വിശ്വസ്തനായ ഉപദേശകനായിരിക്കയാണ്. അദ്ദേഹം ഒരിക്കലും വെളിച്ചത്തുവരാറില്ല. എന്നാൽ, നിഴലുപോലെ ഷിയെ പിന്തുടരുകയും അദ്ദേഹത്തിന് ഉപദേശം നൽകുകയും ചെയ്യുന്നു.ഒരു കൺഫ്യൂഷ്യൻ ചിന്തകനും പണ്ഡിതനുമായി വാങ്ങിനെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർത്തത് ജിയാങ് സെമിൻ എന്ന നേതാവിന്റെ കാലത്തായിരുന്നു. അതിനുശേഷം പ്രസംഗങ്ങളും എഴുത്തും നിർത്തുകയും വിദേശികളെ അകറ്റിനിർത്തുകയും ചെയ്തു. ഇന്ന് ചൈനയിലെ ഏറ്റവും സ്വാധീനമുള്ള ബുദ്ധിജീവിയാണ് വാങ്. ഏഴുപേരുള്ള ചൈനീസ് കമ്യൂണിസ്റ്റ് പൊളിറ്റ് ബ്യൂറോയുടെ സ്റ്റാൻഡിങ് കമ്മിറ്റിയിലെ അംഗമാണ് അദ്ദേഹം. ‘ചൈനസ്വപ്നം’ എന്ന ആശയം, അഴിമതിക്കെതിരായുള്ള സമരം, െബൽറ്റ് ആൻഡ് റോഡ് പദ്ധതി, നിശ്ചയദാർഢ്യമുള്ള വിദേശനയം, ഷി ജിൻ പിങ്ങിന്റെ ചിന്തകൾ ഇവയെല്ലാം ഈ മനുഷ്യന്റെ സൃഷ്ടികളാണത്രേ.
ചക്രവർത്തിയുടെ ഗുരു
‘ചക്രവർത്തിയുടെ ഗുരു’ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. യൂറോപ്പിൽ ടെലിറാൻഡ്, െമറ്റർനിക് എന്നിവരോടും അമേരിക്കയിൽ കിസ്സിഞ്ചറോടും റഷ്യയിൽ ആന്ദ്രേവിച് സുസ്‌ലോവിനോടുമാണ് വാങ് ഹൂണിങ്ങിനെ ജനങ്ങൾ താരതമ്യപ്പെടുത്തുന്നത്. എല്ലാവർക്കും സമൃദ്ധി എന്ന ഇന്നത്തെ മുദ്രാവാക്യം അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ്. വർഷങ്ങൾക്കുമുമ്പ് വാങ് എഴുതിയ ഇരുപത് പുസ്തകങ്ങളിൽനിന്നും നൂറുകണക്കിന് ലേഖനങ്ങളിൽനിന്നുമാണ് ഈ ചിന്തകൾ ഇന്നത്തെ ചൈന സ്വീകരിച്ചിരിക്കുന്നത്. സാംസ്കാരികവിപ്ലവത്തിന്റെ കാലത്ത് ചെറുപ്പക്കാരെ ഗ്രാമങ്ങളിലയച്ചപ്പോൾ വാങ് പോയത് ഷാങ്ഹായിലെ ഒരു ഫ്രഞ്ച് സ്കൂളിലേക്കായിരുന്നു. അദ്ദേഹത്തിന്റെ മോശമായ ആരോഗ്യവും കുടുംബത്തിന്റെ മാഹാത്മ്യവും കാരണം അദ്ദേഹം സാംസ്കാരികവിപ്ലവത്തിന്റെ കെടുതികളിൽനിന്ന് രക്ഷപ്പെട്ടു. 1978-ൽ സർവകലാശാലകൾ തുറന്നപ്പോൾ ഷാങ്ഹായിലെ ഫുഡാൻ സർവകലാശാലയിൽ വാങ് പ്രവേശനം നേടി. പാശ്ചാത്യരാജ്യങ്ങളെപ്പറ്റിയും ചിന്തകരെപ്പറ്റിയും അന്നുനടന്ന പഠനങ്ങളിൽനിന്നാണ് ചൈനീസ് സംസ്കാരത്തെ ശക്തിപ്പെടുത്തിയാൽ മാത്രമേ ചൈന ശക്തിപ്രാപിക്കുകയുള്ളൂ എന്ന നിഗമനത്തിൽ അദ്ദേഹം എത്തിയത്; മാർക്സിസത്തിൽനിന്ന് അദ്ദേഹം മാറിപ്പോകുകയും ചെയ്തു. ചൈന മാർക്സിസം സ്വീകരിച്ചതിൽ അപാകമുണ്ടെന്നും ചൈനയുടെ സംസ്കാരത്തിൽ ഉറച്ചുനിൽക്കണമെന്നും അദ്ദേഹം വിശ്വസിക്കുകയും ഈ ആശയങ്ങൾ ഷിക്ക് പകർന്നുനൽകുകയും ചെയ്തു.
മുപ്പതാമത്തെ വയസ്സിൽ പ്രൊഫസറായ വാങ് ആറുമാസം അമേരിക്കയിൽ ചെലവഴിക്കുകയും ആ സമയത്ത് അമേരിക്കയെ ആഴത്തിൽ പഠിക്കുകയുംചെയ്തു. മുപ്പതുനഗരങ്ങളും ഇരുപത് സർവകലാശാലകളും സന്ദർശിച്ചു. അമേരിക്കയിലെ താമസം അദ്ദേഹത്തെ ഒരു കടുത്ത അമേരിക്കൻ വിരോധിയാക്കി. 1991-ൽ എഴുതിയ ‘അമേരിക്കയ്ക്കെതിരേ അമേരിക്ക’ എന്ന പുസ്തകത്തിൽ അമേരിക്കയുടെ വൈകൃതങ്ങളെപ്പറ്റി വിവരിച്ചു. അമേരിക്കയിലെ വൈരുധ്യങ്ങൾ അമേരിക്കയെ നശിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. കുടുംബമൂല്യം നശിച്ച അമേരിക്കക്കാർ ഒറ്റപ്പെട്ടവരാണെന്നാണ് വാങ് രേഖപ്പെടുത്തിയിട്ടുള്ളത്. മൂല്യങ്ങൾ നഷ്ടപ്പെട്ട ഒരു രാജ്യത്ത് നല്ല സാമൂഹികവ്യവസ്ഥ ഉണ്ടാകില്ല എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചത്.
ഉദാരീകരണത്തിന്റെ എതിരാളി
ചൈനയിൽ തിരിച്ചെത്തിയ വാങ് ഉദാരീകരണത്തിന്റെ എതിരാളിയാകുകയായിരുന്നു. അദ്ദേഹം പ്രവചിച്ചതുപോലെ ചൈനയിലെ ചെറുപ്പക്കാർ പാശ്ചാത്യരീതികൾ അനുകരിച്ചു. ടിയാനൻമെൻ സ്ക്വയറിലെ വിദ്യാർഥിവിപ്ലവം ഉണ്ടായപ്പോഴാണ് ചൈനീസ് നേതാക്കൾ ഒരു പരിഹാരത്തിനായി വാങ്ങിനെ സമീപിച്ചത്. അമേരിക്ക ഒരു ജനാധിപത്യരാജ്യമായി നിലനിൽക്കില്ല എന്ന കടുത്തദർശനമാണ് അദ്ദേഹത്തിന്റേത്. 2021 ജനുവരിയിലെ കാപ്പിറ്റോൾ ഹിൽ ആക്രമണം കഴിഞ്ഞപ്പോൾ വാങ്ങിന്റെ ‘അമേരിക്കക്കെതിരേ അമേരിക്ക’ എന്ന പുസ്തകത്തിന് 2500 ഡോളർവരെ വിലനൽകാൻ അമേരിക്കക്കാർ തയ്യാറായി. വാങ്ങിന്റെ പ്രവചനം ശരിയായി എന്ന് ധാരാളം ഗവേഷകരും പണ്ഡിതരും വിശ്വസിക്കാൻ തുടങ്ങി. അമേരിക്കയിലുണ്ടായ മൂല്യച്യുതി ചൈനയിലുണ്ടാകാൻ പാടില്ല എന്നതുകൊണ്ടാണ് ഉദാരീകരണത്തിൽനിന്ന് പിൻമാറാൻ ഷിയെ വാങ് പ്രേരിപ്പിച്ചത്. അതിന്റെ പരിണതഫലമാണ് നാം ഇന്ന് ചൈനയിൽ കാണുന്ന പരിവർത്തനങ്ങൾ. ചൈനയും പാശ്ചാത്യലോകവും നേരിടുന്നത് ഒരേ വെല്ലുവിളിയായതിനാൽ ചൈന അതിന്റെതന്നെ മാർഗം കണ്ടുപിടിക്കണമെന്ന വാങ്ങിന്റെ തലയണമന്ത്രമാണ് ഷിയെ വീണ്ടും ഒരു കമ്യൂണിസ്റ്റുകാരനാക്കി മാറ്റിയത്. അമേരിക്കയെ നേരിടണമെങ്കിൽ അമേരിക്കൻ തത്ത്വശാസ്ത്രം രാഷ്ട്രീയത്തിലും സാമ്പത്തിക വ്യവസ്ഥിതിയിലും സാംസ്കാരികരംഗത്തും വിദ്യാഭ്യാസത്തിലുംനിന്ന് തൂത്തെറിയണമെന്ന നയം ഒരു ‘രാജഗുരു’വിന്റെ മുപ്പതുവർഷത്തെ തപസ്യയുടെ വരമായിട്ടാണ് ചൈനീസ് നേതാക്കൾ കാണുന്നതും അതിനായി ശ്രമിക്കുകയും ചെയ്യുന്നത്. അതിന്റെ ഫലം വ്യക്തമല്ല എന്നുമാത്രം.
(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ലേഖകൻ)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..