സെലെൻസ്‌കി കുടുംബത്തോടൊപ്പം | Photo: Instagram/Volodymyr Zelensky
2014ല്‍ യുക്രൈനിലെ ഒരു ടെലിവിഷന്‍ ചാനലില്‍ കീവില്‍ നിന്നുള്ള 36 വയസ്സുകാരന്‍ ഒരു ടിവി ഷോ ചെയ്തു, സെര്‍വന്റ്സ് ഓഫ് ദ പീപ്പിള്‍ എന്ന ആ കോമഡി ഷോ കണ്ട് ആളുകള്‍ ചിരിച്ചു. വായ തുറക്കുമ്പോഴെല്ലാം മോശമായി സംസാരിക്കുന്ന ഒരു സ്‌കൂള്‍ അധ്യാപകന്‍ രാജ്യത്തിന്റെ പ്രസിഡന്റാകുന്നതായിരുന്നു ആ കോമഡി ഷോയുടെ വിഷയം. വിദ്യാര്‍ഥികളില്‍ ഒരാള്‍ അഴിമതിക്കെതിരേയുള്ള അധ്യാപകന്റെ വാദങ്ങള്‍ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പോസ്റ്റു ചെയ്തതോടെയാണ് അയാള്‍ പ്രശസ്തനായതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതും. അഴിമതിയും ക്രിമിയ പിടിച്ചടക്കലിന്റെ അനന്തരഫലങ്ങളും കൊണ്ട് യുക്രൈന്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴാണ് ആ കോമഡി ഷോ ജനങ്ങളിലേക്കെത്തിയത്. അങ്ങനെ അവര്‍ക്ക് അത് വേദന മറക്കാനുള്ള മരുന്നായി മാറി.
ജനങ്ങളെ ചിരിപ്പിച്ച ആ കൊമേഡിയന്‍ അഞ്ചു വര്‍ഷങ്ങള്‍ക്കും ശേഷം പ്രസിഡന്റാകുന്ന കാഴ്ച്ചയാണ് പിന്നീട് യുക്രൈനില്‍ കണ്ടത്. അതും സെര്‍വന്റ് ഓഫ് ദ പീപ്പിള്‍ എന്ന പേരില്‍തന്നെ പാര്‍ട്ടി രൂപീകരിച്ച്. 2019 ഏപ്രില്‍ 21ന് 75% വോട്ട് നേടി നിലവിലെ പ്രസിഡന്റ് പെട്രോ പൊരൊഷെങ്കോയെ തോല്‍പ്പിച്ച്. ഇപ്പോള്‍ റഷ്യയുടെ സൈനിക നീക്കങ്ങളെ സധൈര്യം നേരിടുന്ന വ്ളോദിമിര്‍ സെലെന്‍സികാണ് അന്നത്തെ 36 വയസുകാരന്‍.
ജനങ്ങളെ ചിരിപ്പിച്ച് യുക്രൈന്റെ അമരത്ത്
മുന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈനിലെ കിഴക്കന്‍ മേഖലയിലുള്ള റഷ്യന്‍ ഭാഷ സംസാരിക്കുന്ന ജൂത കുടുംബത്തിലാണ് സെലെന്‍സ്‌കി ജനിച്ചത്. പിതാവ് പ്രൊഫസറും മാതാവ് എഞ്ചീനയറുമായിരുന്നു. മാതാപിതാക്കള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടില്ലെങ്കിലും യുക്രൈന്‍ പ്രസിഡന്റിന് മുത്തച്ഛന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ കഥ പറയാനുണ്ട്. സോവിയറ്റ് യൂണിയന്റെ കാലാള്‍പ്പടയായി നാസി ജര്‍മനിക്കെതിരേ യുദ്ധം ചെയ്തയാള്‍. പിതാവിനേയും മൂന്നു സഹോദരങ്ങളേയും ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റില്‍ നഷ്ടപ്പെട്ടയാള്‍ കൂടിയായിരുന്നു മുത്തച്ഛന്‍. തന്നെ നിയോ നാസിയെന്ന് വിളിച്ച പുതിന് തന്റെ ഈ പാരമ്പര്യത്തിലൂടെയാണ് സെലെന്‍സ്‌കി മറുപടി നല്‍കിയത്.
ഇസ്രായേലില്‍ ഉപരിപഠനത്തിന് പിതാവ് അനുവദിക്കാതിരുന്നതിനാല്‍ കീവ് നാഷണല്‍ എക്കണോമിക് യൂണിവേഴ്സിറ്റിയിലാണ് സെലെവന്‍സ്‌കി പഠിച്ചത്. അവിടെ നിന്ന് നിയമത്തില്‍ ബിരുദം നേടി.
എന്നാല്‍ പഠിച്ച വഴി അദ്ദേഹം പോയില്ല. കൗമാരകാലം മുതല്‍ പിന്തുടരുന്ന കോമഡി പരിപാടികളുടെ വഴിയേയാണ് സെലെന്‍സ്‌കി യാത്ര തുടങ്ങിയത്. യുവാവായിരുന്നപ്പോള്‍ റഷ്യന്‍ ടിവിയിലെ ടീം കോമഡി ഷോകളിലെ സ്ഥിരം മുഖം. 2003-ല്‍ ക്വാര്‍തല്‍ 95 (Kvartal 95) എന്ന ടിവി പ്രൊഡക്ഷന്‍ കമ്പനി രൂപീകരിച്ചു. 1+1 നെറ്റ്വർക്കിനായി പരിപാടികളുണ്ടാക്കിയ കമ്പനി വേഗത്തില്‍ പച്ചപിടിച്ചു. യുക്രൈനിലെ ശതകോടീശ്വരന്‍മാരില്‍ ഒരാളായ ഇഹോര്‍ കൊലൊമോയിസ്‌ക്കി ആയിരുന്നു ഈ നെറ്റ്വര്‍ക്കിന്റെ മുതലാളി. പിന്നീട് സെലെന്‍സ്‌കി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതും ഇതേ കൊലൊമോയിസ്‌ക്കിയുടെ പിന്തുണയോടെയായിരുന്നു. ലവ് ഇന്‍ ദ ബിഗ് സിറ്റി, റേവ്സ്‌കി വേഴ്സസ് നെപ്പോളിയന്‍ എന്നീ സിനിമകളില്‍ സെലെന്‍സ്‌കി അഭിനയിച്ചു. ഇതോടെ അദ്ദേഹത്തിന്റെ യുക്രൈനിലെ പ്രശസ്തി വര്‍ധിച്ചു.
റീല്‍ ജീവിതത്തില്‍ പ്രസിഡന്റായ അദ്ദേഹം 2019-ലാണ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചത്. ക്യാമറയ്ക്കു മുന്നിലുള്ളതു പോലെ റിയല്‍ ജീവിതത്തിലും പ്രസിഡന്റാകാന്‍ ആയിരുന്നു അരങ്ങിലെ ഈ ഒരുക്കം. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം ആക്ഷേപഹാസ്യത്തില്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇത്തരം ചെറു വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലും വന്‍ ഹിറ്റായി. പിന്നാലെ ബിസിനസുകാരനും കോടീശ്വരനുമായ നിലവിലെ പ്രസിഡന്റ് പെട്രോ പൊരൊഷെങ്കോയെ തോല്‍പ്പിച്ച് യുക്രൈന്റെ അമരുത്തുമെത്തി.
പാലിക്കാത്ത വാഗ്ദ്ധാനങ്ങളും കോവിഡ് പ്രതിസന്ധിയും
.jpg?$p=ca1bbf5&&q=0.8)
അഴിമതി ഇല്ലാതാക്കുമെന്നും രാജ്യത്തെ സമ്പന്നര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അമിതാധികാരങ്ങള്‍ ഇല്ലാതാക്കുമെന്നും വിഘടനവാദികള്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് വാഗ്ദ്ധാനം നല്‍കി. എന്നാല്‍ പ്രസിഡന്റായി മാസങ്ങള്‍ക്കുള്ളില്‍തന്നെ അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ കരുവായി സെലെന്‍സ്‌കി മാറി. അന്നു ഡൊണാള്‍ഡ് ട്രംപായിരുന്നു പ്രസിഡന്റ്. യുക്രൈനിലെ ഒരു ഗ്യാസ് കമ്പനിയുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനും മകനുമെതിരേ അന്വേഷണം നടത്തി തെളിവുകള്‍ കൈമാറണം എന്ന് ട്രംപ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ച സെലെന്‍സ്‌കി മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കി.
ഇതിന് പിന്നാലെ കോവിഡും യുക്രൈനെ പിടിമുറുക്കി. കഴിഞ്ഞ മാസം വരെ ഒരു ലക്ഷം പേരാണ് രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞത്. ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യങ്ങളിലൊന്ന്. വാക്‌സിന്‍ എടുത്തവരുടെ എണ്ണവും യുക്രൈനില്‍ വളരെ കുറവാണ്. നാലരക്കോടിയോളം ജനസംഖ്യയുള്ള യുക്രൈനില്‍ രണ്ട് ഡോസും ഇതുവരെ സ്വീകരിച്ചത് 33 ശതമാനം പേര്‍ മാത്രമാണ്.
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കര കയറ്റാന്‍ നോക്കുമ്പോഴാണ് റഷ്യയുടെ ആക്രമണം. അധികാരമേറ്റ ശേഷം സെലെന്‍സ്‌കി റഷ്യക്കെതിരേ നടത്തിയ നിരന്തര പ്രതികരണങ്ങള്‍ക്കൊടുവിലായിരുന്നു ഇത്. റഷ്യയുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നായിരുന്നു സെലെന്‍സ്‌കിയുടെ പ്രധാന വാഗ്ദ്ധാനങ്ങളില്‍ ഒന്ന്. എന്നാല്‍ ആ തര്‍ക്കത്തിന് മുറുക്കം കൂട്ടുന്ന വാക്കുകളാണ് യുക്രൈന്‍ പ്രസിഡന്റിന്റെ ഭാഗത്തു നിന്നുണ്ടായത്. മൂന്നു വര്‍ഷ ഭരണത്തിനിടയ്ക്ക് റഷ്യയെ എത്രത്തോളം ശത്രുവാക്കാന്‍ പറ്റുമോ അത്രത്തോളം സെലെന്‍സ്‌കി ചെയ്തു. പുതിനെ ശത്രു എന്നു വിശേഷിപ്പിച്ച അദ്ദേഹം തന്റെ രാജ്യത്തിനും റഷ്യയ്ക്കും പൊതുവായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അതിര്‍ത്തി മാത്രമാണെന്നും വിളിച്ചുപറഞ്ഞു. ഒടുവില്‍ ആ അതിര്‍ത്തി മുറിച്ചുകടന്ന് റഷ്യന്‍ സൈന്യം കീവ് വരെ എത്തിയിരിക്കുന്നു. ഇനി സെലെന്‍സ്‌കിയുടേയും യുക്രൈന്റേയും ഭാവി എന്താണെന്ന് കണ്ടറിയണം.
Content Highlights: Volodymyr Zelensky From ex-comedian to president
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..