റഷ്യൻ സൈനികന് ഭക്ഷണം നൽകുന്ന യുക്രൈൻ യുവതി | Photo: twitter/ Christopher Miller
വേദനയുടേയും വിശപ്പിന്റേയും നിലവിളികള്‍ മാത്രം കേള്‍ക്കുന്ന യുദ്ധഭൂമിയില്‍ നിന്ന് ഹൃദയത്തില്‍ തൊടുന്നൊരു വീഡിയോ. യുക്രൈനില്‍ റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശം തുടരുന്നതിനിടെയാണ് മനുഷ്യത്വത്തിന്‍റെ കനിവൂറുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
യുക്രൈന്‍ അധിനിവേശത്തിനിടെ കീഴടങ്ങിയ ഒരു റഷ്യന്‍ സൈനികന് യുക്രൈന്‍ പൗരന്‍മാര്‍ ഭക്ഷണവും ചായയും നല്‍കുന്നതാണ് വീഡിയോയിലുള്ളത്. അമേരിക്കന്‍ ന്യൂസ് വെബ്‌സൈറ്റായ ബസ്ഫീഡ് ന്യൂസിലെ (BuzzFeed News) റിപ്പോര്‍ട്ടറായ ക്രിസ്റ്റഫര്‍ മില്ലറാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ ഒരു മില്ല്യണില്‍ അധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു.
സൈനികന് ചുറ്റും യുക്രൈന്‍ പൗരന്‍മാര്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. അവര്‍ക്കിടയില്‍ നിന്ന ഒരു യുവതി തന്റെ ഫോണ്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. റഷ്യന്‍ സൈനികന് തന്റെ അമ്മയെ ഫോണില്‍ വിളിച്ചു ബന്ധപ്പെടാന്‍ സഹായിക്കുകയാണ് യുവതി. വീഡിയോ കോളില്‍ അമ്മയെ കണ്ട സൈനികന്‍ കരയുന്നതും വീഡിയോയില്‍ കാണാം.
ഹൃദയഭേദകമാണ് ഈ ദൃശ്യങ്ങളെന്നും റഷ്യന്‍ സൈനികനോട് അനുകമ്പ കാണിച്ചതിന് യുക്രൈന്‍ പൗരന്‍മാരെ അഭിനന്ദിക്കുന്നുവെന്നും വീഡിയോക്ക് താഴെ ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത സംബന്ധിച്ചും വീഡിയോയിലുള്ളത് റഷ്യന്‍ സൈനികന്‍തന്നെയാണോ എന്നതു സംബന്ധിച്ചും സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Content Highlights: Viral video Ukrainians feed Russian soldier
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..