വാഷ്ങ്ടണ്‍: ചന്ദ്രപര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ ഉപഗ്രഹമായ ചന്ദ്രയാന്‍ 2 ന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ചന്ദ്രോപരിതലത്തില്‍ നാസ കണ്ടെത്തി. സോഫ്റ്റ്‌ലാന്‍ഡിങ്ങിനിടെ  ആശയവിനിമം നഷ്ടപ്പെട്ട ലാന്‍ഡറിനെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിരുന്നില്ല.

സെപ്റ്റംബര്‍ 7നാണ് ലാന്‍ഡിങ്ങിനിടെ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെയും ലാന്‍ഡര്‍ പതിക്കുമ്പോള്‍ ചന്ദ്രോപരിതലത്തിലെ മണ്ണിനുണ്ടായ വ്യത്യാസങ്ങളും പഠനവിധേയമാക്കിയുള്ള ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. 

നാസയുടെ എല്‍ആര്‍ ഒര്‍ബിറ്റര്‍ കാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ചെന്നൈയിൽ എൻജിനീയറായ ഷണ്‍മുഖ സുബ്രഹ്മണ്യൻ ലാന്‍ഡർ പതിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ പഠനവിധേയമാക്കിയാണ് നിഗമനത്തിലെത്തിയത്.

ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ സ്ഥലവും ചന്ദ്രോപരിതലത്തിലെ മണ്ണിന് വ്യത്യാസം സംഭവിച്ചതുമെല്ലാം ഒരു ചിത്രത്തില്‍ നാസ അടയാളപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തിനുണ്ടായ വ്യത്യാസമാണ് രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളിലുള്ളത്.

ചിത്രത്തില്‍ നീല നിറത്തില്‍ അടയാളപ്പെടുത്തിയത് ലാന്‍ഡര്‍ പതിക്കുമ്പോൾ മണ്ണിനുണ്ടായ വ്യത്യാസമാണ്. പച്ച നിറത്തില്‍ അടയാളപ്പെടുത്തിയതാണ് ലാന്‍ഡറിന്റെ പൊട്ടിത്തകര്‍ന്ന അവശിഷ്ടങ്ങള്‍.

സെപ്റ്റംബര്‍ 7ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്ലാന്‍ഡിങ് നടത്തുമ്പോഴാണ്  വിക്രം ലാന്‍ഡര്‍ നിശ്ചയിച്ച പാതയില്‍ നിന്ന് തെന്നിമാറുന്നത്. അതിനു ശേഷം ലാന്‍ഡറുമായുള്ള ആശയ വിനിമയം പുനഃസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിരുന്നില്ല.  അതേ സമയം ഐഎസ്ആര്‍ഒ ഇതുവരെ നാസയുടെ കണ്ടെത്തലിനോട് പ്രതികരിച്ചിട്ടില്ല. 

content highlights: Vikram Lander debris found , Photos out, says NASA