നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി | Photo:AFP
കാഠ്മണ്ഡു: രാജ്യത്തിന്റെ പഴയ ഭൂപടം ഉൾപ്പെടുത്തിയ വിജയദശമി ആശംസാകാർഡ് പങ്കുവെച്ച് വിവാദത്തിലകപ്പെട്ടിരിക്കുകയാണ് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി. നേപ്പാളിന്റെ ദേശീയ ചിഹ്നവും ഒലിയുടെ ചിത്രവും ഉൾപ്പെടുത്തിയ ആശംസാകാർഡിൽ നേപ്പാൾ അവകാശവാദമുന്നയിക്കുന്ന കാലാപാനി-ലിപുലേഖ്-ലിംപിയാധുര പ്രദേശങ്ങൾ ഇല്ലാത്ത ഭൂപടമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഒലിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വിഷയത്തിൽ പിറകോട്ട് പോകാനാണ് ഒലിയുടെ ശ്രമമെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം ദേശീയ അഭിപ്രായ ഐക്യത്തെ ദുർബലപ്പെടുത്തുകയാണ് ഒലി ചെയ്തതെന്നും ആരോപിച്ചു.
സംഭവം വിവാദമായതോടെ വിജയദശമി ആശംസകൾ അറിയിക്കാനായി ഒലി ഉപയോഗിച്ച കാർഡിൽ ചില സാങ്കേതിക കാരണങ്ങളാൽ പിശകുപറ്റിയന്നെ വിശദീകരണവുമായി സർക്കാർ തന്നെ രംഗത്തെത്തി.'ഗ്രീറ്റിംഗ് കാർഡ് പുതിയതായിരുന്നു, എന്നാൽ കാർഡ് ചെറുതായതിനാൽ പുതിയ പ്രദേശങ്ങൾ കാണാനാവില്ല.' ഒലിയുടെ ഉപദേഷ്ടാവ് സൂര്യ ഥാപ്പ പറഞ്ഞു.കലാപാനി മേഖലയുമായി ബന്ധപ്പെട്ട അവകാശവാദം നേപ്പാൾ ദുർബലപ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ ഉപദേഷ്ടാവ് രാജൻ ഭട്ടറായിയും വ്യക്തമാക്കി.
ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടുന്ന പുതിയൊരു മാപ്പ് അടുത്തിടെ നേപ്പാൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് ഇന്ത്യയും നേപ്പാളും തമ്മിലുളള ബന്ധം കൂടുതൽ വഷളായിരുന്നു. പുതിയ ഭൂപടം സ്വീകരിക്കുന്നതിനുളള ഭരണഘടന ഭേദഗതി ബില്ലിന് കഴിഞ്ഞമാസം അംഗീകാരം നൽകിയ നേപ്പാൾ ഭൂപടത്തിൽ പുതുതായി ഉൾപ്പെടുത്തിയ പ്രദേശങ്ങളിൽ സെൻസസ് നടത്താൻ പദ്ധതിയിടുന്നതായും പറഞ്ഞു. എന്നാൽ ഇതനുവദിക്കാനില്ലെന്ന വ്യക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ആറാഴ്ച മുമ്പ് പുതിയ മാപ്പ് ഉൾപ്പെടുത്തിയ സ്കൂൾ പാഠപുസ്തകങ്ങൾ പിൻവലിക്കാൻ ഒലി ഉത്തരവിട്ടിരുന്നു.
Content Highlights:Vijaya Dashami greeting with old map; Nepal Prime Minister K P Sharma Oli was at the centre of a new controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..