തുർക്കിയിൽ നിന്നും സിറിയയിൽ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങൾ | Photo: Screengrab/Twitter
ഇസ്താംബുള്‍: 12 മണിക്കൂറിനിടെ തുടര്‍ച്ചയായി രണ്ടു ഭൂചലനങ്ങളുണ്ടായ തുര്‍ക്കിയില്‍ നിന്നും സിറിയയില്‍നിന്നും നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വലിയ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നതിന്റേയും അപകടത്തില്‍ പരിക്കേറ്റവരുടേയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭൂചലനത്തെത്തുടര്‍ന്ന് തുര്‍ക്കി നഗരങ്ങളായി സാന്‍ലിഉര്‍ഫയിലും ഒസ്മാനിയയിലും മാത്രം 50-ഓളം കെട്ടിടങ്ങള്‍ തകര്‍ന്നുവീണതായാണ് കണക്ക്.
സാന്‍ലിഉര്‍ഫയില്‍ ബഹുനില കെട്ടിടം തകര്‍ന്നുതരിപ്പണമാവുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടായിരുന്നോയെന്ന കാര്യം വ്യക്തമല്ല. വിവിധ കെട്ടിങ്ങള്‍ക്കുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഭൂചലനത്തിന് പിന്നാലെ പാതകള്‍ വിണ്ടുകീറിയതും ദൃശ്യങ്ങളില്‍ കാണാം.
പ്രാദേശിക സമയം രാവിലെ നാലോടെയായിരുന്നു ഇരുരാജ്യങ്ങളിലും ആദ്യ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയോടെ രണ്ടാമത്തെ വലിയ ഭൂചലനമുണ്ടായി. 7.5 തീവ്രതയായിരുന്നു രണ്ടാമത്തെ ഭൂചലനം രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ കണക്കുള്‍ പ്രകാരം ഇരുരാജ്യങ്ങളിലുമായി 1,900-ലേറെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുര്‍ക്കിയില്‍ 10 പ്രവിശ്യകളിലായി 1,100 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 7,600 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയിയില്‍ 430 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 1,280 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിറിയിയില്‍ വിമതഭരണമുള്ള പ്രദേശങ്ങളില്‍ 380 പേര്‍ക്ക് പരിക്കേല്‍ക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
Content Highlights: videos from syria turkey after disastrous back to back earthquakes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..