ഇസ്ലാമാബാദ്: സാമൂഹികമാധ്യമങ്ങളും മറ്റു മാധ്യമങ്ങളും ഒരുപോലെ പരിഹാസ കഥാപാത്രമായിരിക്കുകയാണ് പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. നൈറ്റ് ക്ലബില്‍ യുവതികളോടൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് മാധ്യമങ്ങള്‍ മുഷറഫിനെ പിടികൂടിയത്.

നടുവേദന കൊണ്ട് കഷ്ടതകള്‍ അനുഭവിക്കുകയായിരുന്ന മുന്‍ പ്രസിഡന്റിന്റെ രോഗം അത്ഭുതകരമായി മാറിയെന്നാണ് മാധ്യമങ്ങള്‍ പരിഹസിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് മുഷറഫിന്റെ വീഡിയോ. നടുവേദനയും മറ്റ് ശാരീരിക അസ്വസ്ഥകളും ചൂണ്ടിക്കാട്ടി 10 മാസങ്ങള്‍ക്ക് മുമ്പാണ് മുഷറഫ് പാകിസ്താന്‍ വിട്ടത്. 

ഇതിനിടെയാണ് യുവതികളോടൊപ്പം ദുബായിയിലെ ക്ലബ്ബില്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തായിരിക്കുന്നത്. യുവതികളോടൊപ്പം നൃത്തം ചെയ്യുന്ന മുന്‍ പ്രസിഡന്റിനെ കണ്ടുവെന്നും അത്ഭുതകരമായി അദ്ദേഹത്തിന്റെ അസുഖങ്ങള്‍ മാറിയെന്നും പ്രമുഖ ടെലിവിഷന്‍ അവതാരകന്‍ ഹാമിദ് മിര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ജിയോ ന്യൂസ് ചാനലും സംപ്രക്ഷണം ചെയതിരുന്നു. 

അതേസമയം ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ മുഷ്‌റഫിന്റെ ജീവന് ഭീഷണിയുണ്ടെന്നും തിരിച്ചുവരുമ്പോള്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി കൗണ്‍സല്‍ അക്തര്‍ ഷാ  കോടതിയെ സമീപിച്ചു.  

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോടതിയുടെ സമ്മതത്തോടെ മുഷറഫ് ചികിത്സാ ആവശ്യത്തിനായി വിദേശത്തേക്ക് പോയത്. രോഗം മാറിയ ഉടന്‍ തിരിച്ചെത്തുമെന്നായിരുന്നു അന്ന് മുഷറഫ് കോടതിയില്‍ അറിയിച്ചത്.