ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?


ഷി ജിൻപിങ് | File Photo | Credit: Li Gang/Xinhua via AP

ബെയ്ജിങ്: ചൈനയില്‍ വ്യാപകമായി വിമാന സര്‍വീസുകള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്നും ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നത്.

സെപ്റ്റംബര്‍ 21-ാം തീയതി മാത്രം ചൈനയില്‍ 9583 വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ദി എപക് ടൈംസ്' എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ കാരണം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ വിമാനസര്‍വീസിന്റെ 60 ശതമാനത്തോളം റദ്ദാക്കിയെന്നും ഹൈസ്പീഡ് റെയില്‍ സര്‍വീസ് നിര്‍ത്തിവെച്ചെന്നും ട്വിറ്ററിലടക്കം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളോ വാര്‍ത്താ ഏജന്‍സികളോ ചൈനീസ് മാധ്യമങ്ങളോ ഇക്കാര്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ചൈനയിലെ ഫ്‌ളൈറ്റ് മാസ്റ്റര്‍ എന്ന വെബ്‌സൈറ്റിനെ ഉദ്ധരിച്ചാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്ന റിപ്പോര്‍ട്ട് എപക് ടൈംസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബെയ്ജിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മാത്രം 622 വിമാനങ്ങള്‍ റദ്ദാക്കിയെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാങ്ഹായി വിമാനത്താവളത്തില്‍നിന്ന് 652 വിമാനങ്ങളും ഷെന്‍സന്‍ ബാഹോ വിമാനത്താവളത്തില്‍നിന്ന് 542 വിമാനങ്ങളും റദ്ദാക്കിയതായി റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, ചൈനയിലെ വ്യോമയാന വിഭാഗമോ മറ്റുമാധ്യമങ്ങളോ വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ ചൈനയിലെ വിവിധ പ്രവിശ്യകളില്‍ അടുത്തിടെയുണ്ടായ കോവിഡ് കേസുകളിലെ വര്‍ധനവാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്ന് ഒരു ചൈനീസ് പോര്‍ട്ടലിനെ ഉദ്ധരിച്ച് എപക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ചൈനീസ് മാധ്യമപ്രവര്‍ത്തകനായ ഷാവോ ലഞ്ചിയാന്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതിന്റെ കാരണം വ്യക്തമല്ലെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സൈന്യത്തിന്റെ നിര്‍ദേശപ്രകാരമാകും വ്യാപകമായി വിമാനസര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ്. സൈനിക വിമാനങ്ങള്‍ക്ക് പറക്കാന്‍ വേണ്ടിയാണ് ഇത്തരം നീക്കം നടത്തിയതെന്നും ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞദിവസം മുതലാണ് ചൈനയില്‍ ഭരണ അട്ടിമറി നടന്നതായും പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങിയത്. എന്നാല്‍ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളോ ചൈനീസ് മാധ്യമങ്ങളോ ഇത്തരത്തിലുള്ള വാര്‍ത്തകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. അതേസമയം, ട്വിറ്ററിലടക്കം ചൈനയില്‍നിന്നുള്ള വിവരങ്ങളെന്ന പേരില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷി ജിന്‍പിങ് ഉസ്‌ബെക്കിസ്താനില്‍ പോയപ്പോഴാണ് അട്ടിമറിക്ക് ഗൂഢാലോചന നടന്നതെന്നാണ് പ്രചരിക്കുന്നത്. മുന്‍ പ്രസിഡന്റ് ഹു ജിന്താവോയും മുന്‍ പ്രധാനമന്ത്രി വെന്‍ ജിബാവോയും ചേര്‍ന്ന് മുന്‍ പൊളിറ്റ് ബ്യൂറോ അംഗം സോങ് പിങ്ങിനെ കൂട്ടുപിടിച്ച് സെന്‍ട്രല്‍ ഗാര്‍ഡ് ബ്യൂറോയുടെ (സി.ജി.ബി.) നിയന്ത്രണം ഏറ്റെടുത്തു. പ്രസിഡന്റിന്റെയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥിരംസമിതി അംഗങ്ങളുടെയും സുരക്ഷാ ചുമതല സി.ജി.ബി.ക്കാണ്. ഉസ്ബെകിസ്താനില്‍നിന്ന് മടങ്ങിയെത്തിയ ഷി ജിന്‍പിങ്ങിനെ വിമാനത്താവളത്തില്‍ അറസ്റ്റുചെയ്യുകയും പി.എല്‍.എ.യുടെ മേധാവിത്വത്തില്‍നിന്ന് നീക്കുകയും ചെയ്തുവെന്നാണ് അഭ്യൂഹം.

അതേസമയം, ഇത്തരത്തിലുള്ള പ്രചാരണം അര്‍ഥശൂന്യമാണെന്നാണ് ചൈനീസ് നിരീക്ഷകരുടെ അഭിപ്രായം. ഷി ജിന്‍പിങ്ങിനെപ്പോലെ ശക്തനായ നേതാവിനെ അട്ടിമറിക്കാന്‍, സ്വാധീനം കുറഞ്ഞ ഹു ജിന്താവോയ്ക്കും സംഘത്തിനും എളുപ്പമല്ലെന്ന് അട്ടിമറി വാര്‍ത്ത നിഷേധിക്കുന്നവര്‍ പറയുന്നു. അഴിമതിക്കെതിരായ നടപടിയെന്ന പേരില്‍ ഷി വിമര്‍ശകരായ രണ്ട് മുന്‍ മന്ത്രിമാര്‍ക്ക് ഈ ആഴ്ച വധശിക്ഷ ലഭിച്ചു. നാലു ഉന്നതോദ്യോഗസ്ഥര്‍ ജയിലിലായി. പാര്‍ട്ടി കോണ്‍ഗ്രസോടെ ഷി മൂന്നാമതും ചൈനീസ് പ്രസിഡന്റായി അധികാരത്തിലെത്തുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഇതൊക്കെയാണ് അട്ടിമറി വാര്‍ത്ത തള്ളുന്നവരുടെ വിശദീകരണങ്ങള്‍.

Content Highlights: various tweets and reports mass flight cancellation in china after xi jinping arrest and coup tweets


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented