ലണ്ടന്‍: നിലവില്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനുകള്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ അപര്യാപ്തമാണെന്ന്‌ കണ്ടെത്തല്‍. ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ ശാസ്‌ത്രോപദേശകരില്‍ ഒരാള്‍ ഇക്കാര്യം സൂചിപ്പിച്ചതായി ഐടിവി എഡിറ്റര്‍ റോബര്‍ട്ട് പെസ്റ്റണ്‍ തിങ്കളാഴ്ച അറിയിച്ചു. 

കൊറോണവൈറസിന്റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കും തിങ്കളാഴ്ച പങ്കുവെച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ പുതിയ വൈറസ് വകഭേദത്തിനെതിരെയുള്ള വാക്‌സിന്‍ ഫലപ്രാപ്തിയെ കുറിച്ചാണ് ഹാന്‍കോക്കിന്റെ ആശങ്കയെന്ന് റോബര്‍ട്ട് പെസ്റ്റണ്‍ അറിയിച്ചു. ബ്രിട്ടന്‍ വകഭേദത്തിനെതിരെ വാക്‌സിനുകള്‍ ഫലപ്രദമാണെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന സൂചന. 

ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും പുതിയ കൊറോണ വകഭേദങ്ങള്‍ കണ്ടെത്തിയതിനൊപ്പം തന്നെ രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും ആഗോളതലത്തില്‍ കോവിഡ് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ജനിതക വ്യതിയാനം സംഭവിച്ച കൊറോണവൈറസ് കൂടുതല്‍ ഗുരുതരമായി ബാധിക്കാനിടയുണ്ടെന്നാണ് കണ്ടെത്തല്‍. കൂടാതെ പുതിയ വകഭേദത്തിന്റെ തീവ്രവ്യാപനനിരക്കും പുതിയ വൈറസിനെ കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നു. 

കോവിഡ് വാക്‌സിന്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിനെതിരെ ഫലപ്രദമല്ലെന്ന് ഓക്‌സ്ഫഡ് സര്‍വ്വകലാശാലാ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ജോണ്‍ ബെല്‍ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. പുതിയ വാക്‌സിന്‍ ലഭ്യമാക്കാന്‍ ഒരു മാസമോ ആറാഴ്ചയോ സമയം മതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

 

Content Highlights: Vaccines May Not Work On South Africa's Coronavirus Strain UK Scientists